Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയില്‍ ഇനി കൂടുതൽ പോഷകം; സാമൂഹിക അടുക്കളയിലേക്ക് ആറു കോടി

Kerala Secretariat Representative Image

പാലക്കാട്∙ അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിലെ പേ‍ാഷകക്കുറവ് പരിഹരിക്കാൻ ആരംഭിച്ച സാമൂഹിക അടുക്കളയുടെ നടത്തിപ്പിനു സാമൂഹിക നീതിവകുപ്പ് ആറുകേ‍ാടി രൂപ അനുവദിച്ചു. ആവശ്യത്തിനു തുകയില്ലാത്തതിനാൽ അടുക്കളയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. മധുവിന്റെ കെ‍ാലപാതകവുമായി ബന്ധപ്പെട്ട് നടന്ന ആദിവാസി പദ്ധതികളുടെ അവലേ‍ാകന യേ‍ാഗത്തിൽ വിഷയം ചർച്ചയായി. 

192 ഊരുകളിലെ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കിടപ്പു രോഗികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, മാനസിക–ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗന്‍വാടികളോട് ചേര്‍ന്നുള്ള കുടുംബശ്രീ യൂണിറ്റുകളിലെ കമ്യൂണിറ്റി സെന്ററുകളില്‍ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘അന്നപ്രദായിനി’ സാമൂഹിക അടുക്കള.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതും ലഭ്യമായതുമായ ഭക്ഷണ ധാന്യങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ഇലക്കറികള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാണു ഭക്ഷണം. അതിനാല്‍ തദ്ദേശവാസികള്‍ക്കും ഇതുവഴി വരുമാനം ലഭിക്കും.

ആരോഗ്യ വകുപ്പിലെ ജെപിഎച്ചുമാര്‍, ആശാവര്‍ക്കര്‍മാര്‍, വനിതാശിശു വികസന വകുപ്പിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍, പട്ടികവര്‍ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാര്‍, കുടുംബശ്രീയിലെ അനിമേറ്റര്‍മാര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സബ്കലക്ടറുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികളും നടത്തുന്നത്.  പിന്നീടു ഭിന്നശേഷിയുള്ളവര്‍ക്കും കിടപ്പിലായവര്‍ക്കും വയോധികര്‍ക്കുമായി ഈ പദ്ധതി വിപുലീകരിച്ചു. കുടുംബശ്രീ മിഷനാണു പദ്ധതി നടത്തിപ്പു ചുമതല.