Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ കുമാരസ്വാമിയുടെ മാപ്പ്; കർണാടകയിൽ ഇനി മാറി വീശുമോ കാറ്റ്?

സി.കെ.ശിവാനന്ദൻ
HD-Kumaraswamy-Family എച്ച്.ഡി.കുമാരസ്വാമി കുടുംബാംഗങ്ങൾക്കൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ (ഫയൽ ചിത്രം)

ബെംഗളൂരു∙ അതു മികച്ചൊരു തുടക്കമായി എച്ച്.ഡി. കുമാരസ്വാമിക്ക്. രണ്ടു തരത്തിലാണത്; ഒന്ന്, വിശ്വാസവോട്ടെടുപ്പെന്ന കടമ്പയിലെ ‘ഈസി’ വോക്ക് ഓവർ. ബിജെപി ബഹിഷ്കരിച്ചതോടെ ആ കടമ്പ എളുപ്പമായി. രണ്ടാമത്തേത്, ഒരു പക്ഷേ, വിശ്വാസവോട്ടെടുപ്പു ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പന്തീരാണ്ടിനു ശേഷമുള്ള ഒരു ഏറ്റുപറച്ചിൽ.

തന്റെ പിതാവും മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയാധ്യക്ഷനുമായ എച്ച്.ഡി. ദേവെ ഗൗഡയ്ക്കു താൻ മൂലം 2006ൽ നേരിടേണ്ടിവന്ന രാഷ്ട്രീയ അപമാനഭാരത്തിനുള്ളൊരു മാപ്പു പറച്ചിൽ.  ആ മാപ്പു പറച്ചിൽ മികവുറ്റ നീക്കമായിരുന്നെന്നു തന്നെ പറയും എല്ലാവരും. ‘എന്തേ, മകനേ വൈകീ’ എന്നു മാത്രമാകും ഭൂരിപക്ഷം പേരും ചോദിക്കുക. ‘എല്ലാറ്റിനും അതിന്റേതായ സമയമില്ലേ ദാസാ’ എന്ന സിനിമാ ഡയലോഗ് വേണമെങ്കിൽ ഓർക്കാമെന്നു മാത്രം.

അന്ന് കുമാരൻ ഗൗഡയോടു ചെയ്തത്

2004ൽ രൂപീകൃതമായ കോൺഗ്രസ്- ജനതാദൾ സർക്കാർ സുഗമമായി മുന്നോട്ടു പോകുന്ന കാലം. 23 ദൾ എംഎൽഎ മാർക്കൊപ്പം കുമാരസ്വാമി ദൾ ക്യാംപ് വിട്ടു. പിന്നീട് ഈ 23 നാൽപതിലേക്കു വളർന്നു. എൻ. ധരംസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ദൾ സഖ്യം നിലംപൊത്തി. ഈ നീക്കം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നു ദേവെഗൗഡ പരസ്യമായി പറഞ്ഞു. ഇതു പരാമർശിച്ചു ഗവർണർക്കു കത്തുമെഴുതി.

പിന്നീട് ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച് കുമാരസ്വാമി-ബിജെപി സഖ്യം ഭരണത്തിൽ വന്നു. ബി.എസ്. യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയായി. കുമാരസ്വാമി മുഖ്യമന്ത്രിയും. ആദ്യവട്ട എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ പിൻബഞ്ചിലിരുന്ന കുമാരസ്വാമി അങ്ങനെ മുൻനിരയിലെത്തി.

 പിതാവിനോടു മാപ്പു പറയുക മാത്രമല്ല കുമാരസ്വാമി ചെയ്തത്. തന്റെ രാഷ്ടീയ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനമായും കറുത്ത കറയായും അദ്ദേഹം ആ നീക്കത്തെ ഇന്നു തിരിച്ചറിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയാകാൻ പിന്തുണച്ച കോൺഗ്രസിനെ നന്ദിയുമറിയിച്ചു.

കോൺഗ്രസ് പുകിലുണ്ടാക്കുമോ?

ജനതാദളിനു നിരുപാധിക പിന്തുണയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. എന്നാൽ അതിനെ അതേ അർഥത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ കർണാടകയിലെ പാർട്ടി നേതൃത്വം എന്നു സംശയം തോന്നും അവരുടെ പ്രഖ്യാപനങ്ങൾ കണ്ടാൽ.

ആദ്യം മന്ത്രിമാരുടെ എണ്ണമായിരുന്നു പ്രശ്നം. ഇന്നിപ്പോൾ, അഞ്ചു വർഷവും കുമാരസ്വാമിയാകണം മുഖ്യമന്ത്രി എന്നില്ലെന്നു പറഞ്ഞു രണ്ടു മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. ആദ്യത്തെയാൾ രാമലിംഗറെഡ്ഡി, പിന്നെ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. താൻ തന്നെയാകും അഞ്ചു വർഷവും മുഖ്യമന്ത്രിയെന്നു കുമാരസ്വാമി പലതവണ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും വരുംനാളുകളിൽ തർക്കം തുടരുമെന്നത് ഇതോടെ വ്യക്തം.

കോൺഗ്രസും ദളും കർണാടകയിൽ ബദ്ധ വൈരികളാണ്. കൂടുതൽ എംഎൽഎമാർ തങ്ങൾക്കായിട്ടും മുഖ്യമന്ത്രിപദം അഞ്ചു വർഷവും വിട്ടുകൊടുക്കേണ്ട കാര്യമെന്തെന്ന് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നതിൽ അദ്ഭുതവുമില്ല. ഏതായാലും ഒരു സർക്കസ് കമ്പനി നടത്തിക്കൊണ്ടു പോകുന്നതു പോലെയിരിക്കും ഈ ഭരണമെന്നാണു വിലയിരുത്തൽ.

ബിജെപിയെ അധികാരത്തിൽ നിന്നകറ്റുക എന്നതിനൊപ്പം സമ്പന്നമായ ഒരു സംസ്ഥാനത്തിലെ ഭരണത്തിൽ നിർണായക പങ്കുണ്ടാവുക എന്ന ‘സാമ്പത്തിക വശവും’ കോൺഗ്രസ് ഹൈക്കമാൻഡ്‌ ഇതിൽ കാണുന്നുണ്ടാകും. അതിനാൽ തന്നെ പരമാവധി വിട്ടുവീഴ്ച ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നത് ഉറപ്പ്. അങ്ങനെയാകുമ്പോൾ ഭരണവും സുഗമമാകും.

related stories