Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യത്തിനു‌ള്ള ഇടമല്ല ജലാശയമെന്നു തിരിച്ചറിയണം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

J Mercykutty Amma

കൊച്ചി∙മാലിന്യം തള്ളാനുള്ള ഇടമല്ല ജലാശയങ്ങളെന്നു ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജലാശയങ്ങളിലെ മാലിന്യം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ ശുചിത്വസാഗരം പദ്ധതിയിലൂടെ നടപടികളെടുക്കുന്നുണ്ട്. കൊല്ലത്തു പദ്ധതി നടപ്പാക്കി കഴിഞ്ഞു. അടുത്തതായി കൊച്ചിയിലും പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. 

മലയാളിയുടെ ശരാശരി വരുമാനത്തിന്റെ പകുതിയാണു മത്സ്യത്തൊഴിലാളിക്കു ലഭിക്കുന്നത്. ഇവരെ മുഖ്യധാരലയിലേക്കു കൊണ്ടുവരാനും സംരക്ഷിക്കാനും കൂട്ടായ ആലോചനകളിലൂടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഈ മേഖലയെ സംരക്ഷിക്കുന്നതിനു മത്സ്യങ്ങളെ വിവിധ രോഗബാധയിൽ നിന്നു രക്ഷിക്കേണ്ട ചുമതല കൂടിയുണ്ട്. തേവരയിലെ ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

തേവര അക്വാട്ടിക് ആനിമൽ ഹെൽത്ത് ലബോറട്ടറിയുടെയും അഡാക്ക് എറണാകുളം മേഖലാ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ശുദ്ധജല മാതൃകാ മത്സ്യക്കൃഷിക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജയിൻ, ജോൺ ഫെർണാണ്ടസ് എംഎൽഎ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി എന്നിവർ സംസാരിച്ചു. 

related stories