Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് തയാര്‍; ആരൊക്കെ പാസാകും?

Pinarayi Vijayan

തിരുവനന്തപുരം ∙ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറായി. വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തിലാക്കിയത്. വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും മാര്‍ക്കിടുന്ന രീതിയിലല്ല റിപ്പോര്‍ട്ട്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഓരോ മേഖലയിലും പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതിയും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അതിന്റെ കാരണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. 30 ാം തീയതിയാണ് ഉദ്ഘാടനത്തിനായി പരിഗണിക്കുന്നത്. പ്രോഗ്രസ് റിപ്പോര്‍ട്ട് പിആര്‍ഡി വഴി ജനങ്ങളിലേക്കെത്തിക്കും.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. 600 നിര്‍ദേശങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്നും ഏറ്റവും പ്രധാനപ്പെട്ട 35 ഇനങ്ങളെ മുഖ്യ പരിപാടിയായി തിരഞ്ഞെടുത്തു.

സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ 35 ഇന പരിപാടികള്‍ക്കായിരുന്നു പ്രാധാന്യം. ഭരണ സംവിധാനത്തെ നവീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, സാമൂഹികക്ഷേമ മേഖലയിലെ പരിപാടികള്‍, ഭാവി കേരള വികസനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നീ നാലു മേഖലകളിലാണ് ഒന്നാം വര്‍ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാംവര്‍ഷത്തില്‍ 600 ഇന നിര്‍ദേശങ്ങള്‍ക്കാണ് പ്രാധാന്യം. 600 ഇന നിര്‍ദേശങ്ങളെ വകുപ്പ് തിരിച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

എന്തൊക്കെ പദ്ധതികളാണ് ഓരോ വകുപ്പില്‍നിന്നും പ്രകടന പത്രികയില്‍ അവതരിപ്പിച്ചിരുന്നത്, ഏതെല്ലാം പദ്ധതികള്‍ എത്രകാലം കൊണ്ട് പൂര്‍ത്തിയായി, പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഏതൊക്കെ, എന്തു കാരണം കൊണ്ടാണ് പദ്ധതികള്‍ പൂര്‍ത്തിയാകാത്തത്. എത്രകാലം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കാനാകും തുടങ്ങിയ കാര്യങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. വരും വര്‍ഷങ്ങളിലും ഇതേ മാതൃകയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.