Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവ മുന്നറിയിപ്പ്: കേരളത്തിലേക്ക് അതിശക്തമായ മഴ, കനത്ത ജാഗ്രതാ നിർദേശം

Rain-Cloud-Monsoon-Kerala മഴമേഘങ്ങൾ നിറഞ്ഞ ആകാശം. ഫയൽ ചിത്രം: രാജൻ എം.തോമസ്

തിരുവനന്തപുരം∙ കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ അപൂർവമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നൽകാറുള്ളൂ. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ജാഗ്രതാനിർദേശം നൽകി. 21 സെ.മീ. വരെ മഴ കേരളത്തിൽ ലഭിക്കുമെന്നും ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർമാർക്കും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുത്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പൊലീസിനു നിർദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതൽ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 

Kerala Rain Map

മേയ് 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.

ക്യാംപുകൾ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/ തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം. 26നു കേരളത്തിൽ ചിലയിടങ്ങളിൽ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളിൽ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപിൽ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.

കാലവർഷമെത്തുന്നു

തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ തെക്കുഭാഗത്തും നിക്കോബാർ ദ്വീപുകളിലും എത്തിക്കഴിഞ്ഞു. അടുത്ത 48 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുഭാഗത്തും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ ചിലഭാഗങ്ങളിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുപടിഞ്ഞാറൻ കാലവർഷം  എത്തിച്ചേരാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്.

ഇതിനെ തുടർന്നുള്ള 48 മണിക്കൂറിൽ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ  കുറച്ചധികം ഭാഗങ്ങളിലും ലക്ഷദ്വീപ്-കോമേറിയൻ ഭാഗങ്ങളിലും കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കുഭാഗങ്ങളിലും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ ബാക്കി പ്രദേശങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ കിഴക്കു മധ്യഭാഗത്തെ കുറച്ചു സ്ഥലങ്ങളിലും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കണം

∙ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും  മഴയത്ത് ഇറങ്ങാതിരിക്കുക.

∙ മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

∙ മരങ്ങള്‍ക്കു താഴെ വാഹനങ്ങൾ പാര്‍ക്ക്‌ ചെയ്യരുത്.

related stories