Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു സംസ്ഥാനങ്ങളിൽ വിജയിച്ച ‘തന്ത്രക്കൂട്ടു’മായി േകരളത്തിൽ ബിജെപി

എ.എസ്. ഉല്ലാസ്
BJP Flag

പത്തനംതിട്ട ∙ കർണാടകയിലും ത്രിപുരയിലും യുപിയിലും പ്രയോഗിച്ച തന്ത്രങ്ങൾ സമന്വയിപ്പിച്ചാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി കേരളത്തിൽ ഒരുങ്ങുന്നത്.  മൂന്നിടത്തും വിജയിച്ച തന്ത്രങ്ങളുടെ ‘മിശ്രിതം’ കേരളത്തിൽ പ്രയോഗത്തിൽ വരുത്തുന്ന പ്രവർത്തനത്തിന് സംഘടനയിൽ ഒരുക്കം തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി. ചെങ്ങന്നൂരിലാണ് ആദ്യം ഇൗ തന്ത്രക്കൂട്ട് പരീക്ഷിക്കുന്നത്. ‘വിൻ എ ബൂത്ത്’ (ബൂത്തിൽ വിജയിക്കുക) , ‘പഞ്ചരത്നം’ , പേജ് ഇൻചാർജ്’എന്നിങ്ങനെ മൂന്നു പ്രവർത്തനരീതികൾ ചേർത്താണ് കേരളത്തിൽ ഒരുക്കുന്ന തന്ത്രം. ബൂത്ത് തലത്തിൽ നടപ്പാക്കുന്ന ഇൗ മൂന്നു പ്രവർത്തനരീതിക്കും വെവ്വേറെ സംഘങ്ങൾക്കാണ് ചുമതലയും. 

വോട്ടർമാരുടെ വീട്ടിൽ എത്ര തവണ ചെന്നുവെന്നതല്ല, വോട്ടറെ എത്ര തവണ കണ്ടു എന്നതാണ് കേരളത്തിൽ പ്രയോഗിക്കുന്ന ഒരു തന്ത്രം.  വോട്ടറുടെ വീട്ടിൽ പരമാവധി തവണ എത്തുകയെന്നതായിരുന്നു ഉത്തർപ്രദേശിൽ പ്രയോഗിച്ച തന്ത്രം. വോട്ടർപട്ടികയിലെ ഓരോ പേജിനും ഓരോ മുഴുവൻ സമയപ്രവർത്തകനെ നിയോഗിച്ച ആ തന്ത്രത്തിന് ‘പേജ് ഇൻചാർജ്’ എന്നതായിരുന്നു പേര്. വോട്ടർപട്ടികയിലെ ഒരു പേജിൽ 18 മുതൽ 24 വരെ വീടുകൾ.  തിരഞ്ഞെടുപ്പിന് രണ്ടു മാസം മുൻപ് ഇൗ വീടുകളുടെ ചുമതല ഒരു മുഴുവൻസമയ പ്രവർത്തകനു നൽകും. 20 തവണയെങ്കിലും ഇൗ വീടുകളിൽ എത്തണമെന്നതായിരുന്നു നിർദേശം. 

യുപിയിൽ മറ്റുള്ള പാർട്ടിക്കാർ വീടുകളിൽ പോകാത്തതിനാൽ അവിടെ അതു മതിയായിരുന്നു. പക്ഷേ ത്രിപുരയിലും കർണാടകയിലും നടപ്പാക്കിയത് വ്യത്യസ്ത തന്ത്രമായിരുന്നു. വോട്ടർ പേജിന്റെ ചുമതലയുള്ളയാൾ വീട്ടിലെത്തിയതിന്റെ കണക്കുകാണിച്ചാൽ മാത്രം പോരാ. ഒരു പേജിൽ ശരാശരി വോട്ടർമാർ 60– 65 പേരാണ്. ഇൗ വോട്ടർമാരെ നേരിട്ട് കുറഞ്ഞത് 20 തവണ നേരിൽ കാണണം. ഇവരോട് നിരന്തരം സംസാരിക്കാനും കഴിയണം. ഫോണിൽ ബന്ധപ്പെട്ടുകൊണ്ടേയിരിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വിവരങ്ങളും കേന്ദ്രപദ്ധതികളും ഓരോ ദിവസവും ഇൗ വോട്ടർമാരെ അറിയിക്കണം എന്നിങ്ങനെയാണ് പ്രവർത്തനരീതി.

കർണാടകയിലും ത്രിപുരയിലും വിജയം കണ്ട ‘പഞ്ചരത്നം’ പ്രവർത്തന പദ്ധതിയാണ് താഴെത്തട്ടിൽ ബിജെപിക്കു വൻവിജയം നൽകിയത്. അതും കേരളത്തിൽ ബിജെപി ആരംഭിച്ചു. ബൂത്ത് കമ്മിറ്റികൾക്ക് പുറമേ മറ്റൊരു സമാന്തര സംവിധാനം എല്ലാ ബൂത്തിലും എന്നതാണ് പഞ്ചരത്നം. ബൂത്ത് കമ്മിറ്റിക്കാണു പരിപാടികളുടെ നടത്തിപ്പിന്റെ ചുമതലയെങ്കിലും ബിജെപിയുടെ സജീവ പ്രവർത്തകരല്ലാത്ത അഞ്ചുപേർ ഉൾപ്പെടുന്ന മറ്റൊരു സംഘാടന സമിതിയെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനം ഏകോപിപ്പിക്കുന്നതാണു ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ നടപ്പാക്കിയ പഞ്ചരത്നം പദ്ധതി. 

ഈ അഞ്ചുപേരിൽ യുവാക്കളുടെ ഒരു പ്രതിനിധി, പിന്നാക്ക വിഭാഗത്തിലോ ഒബിസി വിഭാഗത്തിലോ പെട്ട ഒരംഗം, ഒരു വനിത, രണ്ടു പൗരപ്രമുഖർ എന്നിവരാണുണ്ടാവുക. ഇവരുടെ സംഘം ഭവനസന്ദർശനം നടത്തും. ബിജെപി ബൂത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സമാന്തരമായി നടക്കും. വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളുടെ നാലു ഗ്രൂപ്പുകൾ ഓരോ ബൂത്തിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലും 250 പേരുണ്ടാകും. ബിജെപി പ്രവർത്തകരല്ലാത്തവരുടെയാണ് ഇൗ ഗ്രുപ്പുകളെന്നതാണ് പ്രത്യേകത. 

ഓരോ ബൂത്തിലും എപ്പോൾ വിളിച്ചാലും ബൈക്കുമായി എത്താൻ കഴിയുന്ന അഞ്ചുപേരുടെ പട്ടികയും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കയ്യിലുണ്ട്. മറ്റു സംസ്ഥാനത്ത് ബൈക്കുമായി ഒരാളാണെങ്കിൽ കേരളത്തിൽ ബൈക്കിനു പിറകിലിരിക്കാൻ ഒരാളെക്കൂടി നിശ്ചയിച്ചാണ് പ്രവർത്തനം. അയാളുടെ പേരും വിവരവും വരെ സംസ്ഥാനതലത്തിലെത്തിക്കണം. 

related stories