Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിലെ നൂർപുരിൽ ബിജെപിക്കു തോൽവി; ആർആർ നഗറിൽ കോൺഗ്രസിന് ജയം

ampathi-celebration മേഘാലയയിലെ അംപതിയിൽ വിജയമാഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.

കോട്ടയം∙ രാജ്യവ്യാപകമായി ഉപതിരഞ്ഞെടുപ്പു നടന്ന 10 നിയമസഭാ മണ്ഡലങ്ങളിലും വോട്ടർ ഐഡി വിവാദത്തെ തുടർന്ന് വോട്ടെടുപ്പു നീട്ടിവച്ച കർണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിലെ നൂർപുർ ഉൾപ്പെടെ മൂന്നു സിറ്റിങ് സീറ്റുകൾ ബിജെപി സഖ്യത്തിനു നഷ്ടമായി. അകാലിദൾ–ബിജെപി സഖ്യം മൽസരിച്ച പഞ്ചാബിലെ ഷാകോട്ട്, ജെഡിയു–ബിജെപി സഖ്യം മൽസരിച്ച ബിഹാറിലെ ജോകിഹാത്ത് എന്നിവയാണ് കൈവിട്ട മറ്റു സിറ്റിങ് സീറ്റുകൾ.

ജാർഖണ്ഡിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു മണ്ഡലങ്ങളും ജെഎംഎം നിലനിർത്തി. മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവ്, മേഘാലയയിലെ അംപതി എന്നീ സിറ്റിങ് സീറ്റുകൾ കോൺഗ്രസും ബംഗാളിലെ മഹേഷ്ടല സിറ്റിങ് സീറ്റ് തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലെ തരാളി സിറ്റിങ് സീറ്റ് ബിജെപിയും നിലനിർത്തി.

തിരഞ്ഞെടുപ്പു നീട്ടിവച്ച കർണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോൺഗ്രസ് ജയിച്ചുകയറി. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വർഷം അകലെ നിൽക്കെ, നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂർ ഉൾപ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും കർണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പൂർത്തിയായത്.

വിവിധ മണ്ഡലങ്ങളിലെ വിജയികൾ

∙ രാജരാജേശ്വരി നഗർ (കർണാടക) – കോൺഗ്രസ് സ്ഥാനാർഥി മുനിരത്‌ന 41,162 വോട്ടുകൾക്കു ജയിച്ചു. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ഡെജിഎസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ നാലിന് ജാലഹള്ളിയിലെ ഒരു ഫ്ലാറ്റിൽ നിന്ന് പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഈ കേസിൽ 14–ാം പ്രതി കൂടിയാണ് മുനിരത്ന. രാജരാജേശ്വരി നഗറിലെ ജയത്തോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ സീറ്റ് നില 78 ആകും. നേരത്തെ 78 സീറ്റ് ലഭിച്ചിരുന്നെങ്കിലും ജമക്കണ്ടിയിലെ കോൺഗ്രസ് എംഎൽഎ സിദ്ധു ഭീമപ്പ ന്യാമെഗൗഡ കാറപകടത്തിൽ മരിച്ചതോടെ സീറ്റ് നില 77 ആയി കുറഞ്ഞിരുന്നു.

∙ ഷാകോട്ട് (പഞ്ചാബ്) – കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിങ് ലാഡ്ഡി ഷെരോവാലിയ 38,802 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. അകാലിദൾ ശക്തികേന്ദ്രമായ ഇവിടെ അകാലിദളിന്റെ നയ്ബ് സിങ് കോഹറിനെ വീഴ്ത്തിയാണ് കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തത്. എഎപിയിലെ രത്തൻ സിങ് മൂന്നാം സ്ഥാനത്തായി. 76.6% പോളിങ് നടന്ന മണ്ഡലമാണിത്. അകാലിദൾ എംഎൽഎ അജിത് സിങ് കോഹാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്.

∙ പാലുസ് കഡേഗാവ് (മഹാരാഷ്ട്ര) – കോൺഗ്രസ് സ്ഥാനാർഥി വിശ്വജീത് പതങ്റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് എംഎൽഎ ആയിരുന്ന പതങ്റാവു കദമിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. പതങ്റാവുവിന്റെ മകനാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വിശ്വജീത്.

∙ അംപതി (മേഘാലയ) – കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷീര വിജയിച്ചു. എൻപിപിയുടെ ക്ലെമന്റ് ജി. മോമിൻ രണ്ടാം സ്ഥാനത്ത്. മേഘാലയയിലെ പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ മകളാണ് കോൺഗ്രസ് സ്ഥാനാർഥി മിയാനി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ രണ്ടിടത്തു മൽസരിച്ച സാങ്മ സോങ്സാക് മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതോടെയാണ് അംപതിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. കനത്ത പോളിങ്ങാണ് ( 90.42) ഇവിടെ രേഖപ്പെടുത്തിയത്.

∙ തരാളി (ഉത്തരാഖണ്ഡ്) – പട്ടികജാതി സംവരണ മണ്ഡലമായ തരാളിയിൽ ബിജെപി സ്ഥാനാർഥി മുന്നി ദേവി ഷാ 1,900 വോട്ടുകൾക്കു ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ജീത് റാം രണ്ടാമതാണ്. ബിജെപി എംഎൽഎ മഗൻലാൽ ഷായുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അദ്ദേഹത്തിന്റെ വിധവയാണ് മുന്നി ദേവി ഷാ. ഇതോടെ 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിൽ ബിജെപി അംഗങ്ങളുടെ എണ്ണം വീണ്ടും 57 ആയി.

∙ ഗോമിയ (ജാർഖണ്ഡ്) – ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബബിതാ ദേവി 1,344 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒരു ഘട്ടത്തിൽ മുന്നിൽ കയറിയ ബിജെപിയുടെ മാധവ് ലാൽസിങ്ങിനെ പിന്തള്ളിയാണ് ബബിതാ ദേവി ജെഎംഎമ്മിനായി ഗോമിയ സീറ്റ് നിലനിർത്തിയത്. എജെഎസ്‌യുവിന്റെ ലംബോദർ മഹ്തോ മൂന്നാം സ്ഥാനത്തായി. ഗോമിയ എംഎൽഎ ആയിരുന്ന ജെഎംഎമ്മിന്റെ യോഗേന്ദ്ര മഹ്തോ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

∙ സില്ലി (ജാർഖണ്ഡ്) – ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്‌യുപി) സുദേഷ് മഹ്തോയെ പിന്തള്ളി ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) സീമാ ദേവിക്കു ജയം. 13,500 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സീമാ ദേവിയുടെ ജയം. ജെഎംഎം എംഎൽഎ ആയിരുന്ന അമിത് കുമാർ മഹതോ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

∙ നൂർപുർ (ഉത്തർപ്രദേശ്) – സമാജ്‌വാദി പാർട്ടി സ്ഥാനാർഥി നയീമുൽ ഹസൻ 6211 വോട്ടുകൾക്കു ജയിച്ചു. ബിജെപി എംഎൽഎ ആയിരുന്ന ലോകേന്ദ്ര സിങ് ചൗഹാൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ലോകേന്ദ്ര സിങ്ങിന്റെ ഭാര്യ ആവണി സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

∙ ജോകിഹാത്ത് (ബിഹാർ) –ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം 38,000ൽപ്പരം വോട്ടുകൾക്കു വിജയിച്ചു. ജെഡിയുവിന്റെ മുർഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസ് ജയിച്ചുകയറിയത്. നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആർജെഡിയും തമ്മിലുള്ള ശക്തിപരീക്ഷണമായി കണക്കാക്കുന്ന തിരഞ്ഞെടുപ്പാണിത്. 2015ൽ ജെഡിയു ടിക്കറ്റിൽ ഇവിടെ വിജയിച്ച സർഫറാസ് ആലം, ആർജെഡിയിലേക്കു കൂടുമാറി അരാരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സർഫറാസിന്റെ ഇളയ അനുജനാണ് ആർജെഡി സ്ഥാനാർഥിയായി വിജയിച്ച ഷാനവാസ് ആലം.

∙ മഹേഷ്ടല (ബംഗാൾ) – തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദുലാൽ ചന്ദ്രദാസ് 62,831 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി സുചിത് കുമാർ ഘോഷാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന്റെ പ്രവത് ചൗധരി മൂന്നാം സ്ഥാനത്തായി. തൃണമൂൽ എംഎൽഎ കസ്തൂരി ദാസിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

related stories