Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവന്നുതുടുത്ത് ചെങ്ങന്നൂർ; പഞ്ചായത്തുകളും നഗരസഭയും സ്വന്തമാക്കി എൽഡിഎഫ്

ldf-saji-celebration സജി ചെറിയാന്റെ ഭാര്യയും മക്കളും ആഹ്ലാദ പ്രകടനത്തിനിടയിലേക്ക്. ചിത്രം: അനൂജ് എം എ

ചുവന്നു തുടുക്കുക എന്നുപറഞ്ഞാൽ ഇതാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടുകൾ നോക്കിയാൽ കാണാം മണ്ഡലം ചെങ്കനലായ വഴി. 20,956 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണു സജി ചെറിയാൻ എൽഡിഎഫിനായി മണ്ഡലം നിലനിർത്തിയത്. ചെങ്ങന്നൂരിലെ 10 പഞ്ചായത്തുകളും ആകെയുള്ള ഒരു നഗരസഭയും സ്വന്തമാക്കിയാണ് ഇടതുപക്ഷത്തിന്റെ സമ്പൂർണവിജയം. വോട്ടെണ്ണലിന്റെ ആദ്യമിനിറ്റു മുതൽ നിലനിർത്തിയ ലീഡ് അവസാനം വരേയ്ക്കും സൂക്ഷിക്കാൻ സജി ചെറിയാനു സാധിച്ചു. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും നേരിയ വെല്ലുവിളി ഉയർത്താൻ പോലും ഇരുമുന്നണികളുടെയും സ്ഥാനാർഥികൾക്കു സാധിച്ചുമില്ല.

ചെങ്ങന്നൂരിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് ആണ് മുന്നിൽ വന്നത്– ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പുലിയൂര്‍, വെണ്‍മണി, ചെന്നിത്തല എന്നിവിടങ്ങളിൽ. പാണ്ടനാട് പഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലും യുഡിഎഫ് ആയിരുന്നു മുന്നിൽ. തിരുവൻവണ്ടൂരിൽ ബിജെപിയും മുന്നിലെത്തി. ഇവിടെയെല്ലാം തകർപ്പൻ പ്രകടനമാണ് ഇടതുമുന്നണി കാഴ്ചവച്ചത്.

മാന്നാർ പഞ്ചായത്ത്

വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ട്രെൻഡ് ഉറപ്പിച്ചത് മാന്നാറാണ്. 14 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1591 വോട്ടിന്‍റെ ലീഡ് നേടിയ സജി ചെറിയാന് ആത്മവിശ്വാസമേകിയതു മാന്നാർ പഞ്ചായത്താണ്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മാന്നാറില്‍ 440 വോട്ടാണ് 2016 ൽ എൽഡിഎഫിന്റെ കെ.കെ.രാമചന്ദ്രനു ലഭിച്ചത്. ഒരിക്കൽപോലും ഇടറാതെനിന്ന സജിയുടെ ലീഡ് 440ല്‍ നിന്ന് 2629 വോട്ടിലേക്ക്. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 6536, യുഡിഎഫ്: 6096, ബിജെപി: 5431.

പാണ്ടനാട് പഞ്ചായത്ത്

പാണ്ടനാടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്താണ്. 2016 ല്‍ യുഡിഎഫിന്റെ പി.സി.വിഷ്ണുനാഥ് പരാജയപ്പെട്ടപ്പോഴും മുന്നണിക്കൊപ്പമുണ്ടായിരുന്നു. അന്നു യുഡിഎഫിനു കിട്ടിയ ഭൂരിപക്ഷം 288 വോട്ട്. പഞ്ചായത്തിലെ 13 ബൂത്തും സജി ചെറിയാന്‍ പിടിച്ചടക്കുന്നതാണു കണ്ടത്; 548 വോട്ടിന്റെ ഭൂരിപക്ഷം. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 2328, യുഡിഎഫ്: 2616, ബിജെപി: 2250.

തിരുവന്‍വണ്ടൂർ പഞ്ചായത്ത്

ബിജെപിയുടെ വോട്ടുകേന്ദ്രമാണു തിരുവൻവണ്ടൂർ. 2016ല്‍ എന്‍ഡിഎയുടെ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ഒൻപത് വോട്ടിന്റെ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത് സജി ചുവപ്പിച്ചു. പത്തില്‍ ഒൻപതു വാർഡിലും സജി മുന്നില്‍. 10 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് മൂന്നിൽനിന്ന് ഒന്നിലേക്ക്. ബിജെപി രണ്ടാം സ്ഥാനത്ത്. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍, അവരുടെ പിന്തുണയോടെ മത്സരിച്ചിട്ടും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്. ‌2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 2375, യുഡിഎഫ്: 3574, ബിജെപി: 3603.

മുളക്കുഴ പഞ്ചായത്ത്

സജി ചെറിയാന്റെ നാടാണ് മുളക്കുഴ. ശക്തമായ സ്വാധീനം എൽഡിഎഫിന്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 2291. ഒരുപതർച്ചയുമില്ലാതെ മുന്നേറിയ സജിക്ക് 3637 വോട്ടിന്‍റെ ഭൂരിപക്ഷം. 2016 ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 7697, യുഡിഎഫ്: 5406, ബിജെപി: 4317.

ആല പഞ്ചായത്ത്

2016ല്‍ എല്‍ഡിഎഫിന് ആല പഞ്ചായത്ത് നൽകിയത് 440 വോട്ടിന്റെ ഭൂരിപക്ഷം. ഇക്കുറി അത് 866 വോട്ടിലേക്കുയർന്നു. ക്രൈസ്തവ മേഖലകളിലും ഇടതിനു നേട്ടം. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 3298, യുഡിഎഫ്: 2858, ബിജെപി: 2229.

പുലിയൂർ പഞ്ചായത്ത്

യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്‍റെ പഞ്ചായത്തായ പുലിയൂരിലും അവർക്കു നേട്ടമുണ്ടാക്കാനായില്ല. ഇവിടെയും സജി ലീഡ് ഉയർത്തി- 2016ലെ 543 ൽനിന്ന് 637 വോട്ടിലേക്കായിരുന്നു കുതിപ്പ്. സജി 4,266 വോട്ട് നേടിയപ്പോള്‍ ഡി.വിജയകുമാറിന് ലഭിച്ചത് 3,629 വോട്ട് മാത്രം. ശ്രീധരൻപിള്ളയ്ക്ക് 2,117 വോട്ട്; കഴിഞ്ഞ തവണത്തേക്കാൾ കുറവ്. 2016 ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 3606, യുഡിഎഫ്: 3063, ബിജെപി: 3304.

ബുധനൂർ പഞ്ചായത്ത്

എൽഡിഎഫിനൊപ്പം നിൽക്കുന്ന പഞ്ചായത്താണു ബുധനൂർ. കഴിഞ്ഞ തവണ 1594 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതിനു സമ്മാനിച്ചത്. ഇ‌ത്തവണ 2646 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി എല്‍ഡിഎഫ് സീറ്റുറപ്പിച്ചു. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 5151, യുഡിഎഫ്: 3479, ബിജെപി: 3557.

ചെന്നിത്തല പഞ്ചായത്ത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാടായ ചെന്നിത്തല പഞ്ചായത്തിലും എൽഡിഎഫിനാണു മുന്നേറ്റം. പ്രതിപക്ഷ നേതാവിന്റെ ബൂത്തിലും സജിയാണു വോട്ട് കൊയ്തത്. 1067 വോട്ടിൽനിന്ന് 2353 വോട്ടിന്റെ ഭൂരിപക്ഷവും സജി സ്വന്തമാക്കി. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 6666, യുഡിഎഫ്: 5599, ബിജെപി: 5092.

ചെറിയനാട്  പഞ്ചായത്ത്

2485 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിന് ഇവിടെ ലഭിച്ചത്; കഴിഞ്ഞതവണ 1,114 വോട്ട്. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 5491, യുഡിഎഫ്: 3503, ബിജെപി: 4377.

വെണ്‍മണി പഞ്ചായത്ത്

വെണ്‍മണി പഞ്ചായത്തില്‍ 3203 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന്. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനേക്കാൾ അഞ്ച് മടങ്ങോളം വോട്ടാണ് എൽഡിഎഫിന്റെ പെട്ടിയിൽ വീണത്. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 4906, യുഡിഎഫ്: 3611, ബിജെപി: 4248. 

ചെങ്ങന്നൂർ നഗരസഭ

കഴിഞ്ഞതവണ കോൺഗ്രസ് മുന്നേറ്റമുണ്ടായ ചെങ്ങന്നൂർ നഗരസഭ ഇക്കുറി സജി നേടി. യുഡിഎഫിന്റെ പി.സി.വിഷ്ണുനാഥ് 2016ൽ 401 വോട്ട് ലീഡ് നേടിയിരുന്നു. സജി ചെറിയാൻ 753 വോട്ടിന്‍റെ ലീഡ് നേടി ചരിത്രം തിരുത്തി. 2016ലെ ഫലം ഇങ്ങനെ– എൽഡിഎഫ്: 4591, യുഡിഎഫ്: 4992, ബിജെപി: 4182.