Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ചെറിയാന് 20,956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം; സിപിഎമ്മിന് 14,000 അധിക വോട്ടുകൾ

saji-cherian-4 പ്രവർത്തകരുടെ ആഹ്ലാദാരവങ്ങളുടെ നടുവിലേക്ക് സജി ചെറിയാൻ കടന്നുവരുന്നു. ചിത്രം: ആർ.എസ്. ഗോപൻ.

ചെങ്ങന്നൂർ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനു റെക്കോർഡ് വിജയം. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 1,51,997 വോട്ടിൽ 67,303 വോട്ടുകൾ സജി ചെറിയാനു ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിന്റെ ഡി.വിജയകുമാർ 46347 വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിയു‍െട പി.എസ്.ശ്രീധരൻപിള്ളയ്ക്കു 35,270 വോട്ടുകൾ ലഭിച്ചു. 728 വോട്ടുകൾ നോട്ടയ്ക്കു ലഭിച്ചു. ബാക്കിയുള്ള 14 സ്ഥാനാർഥികൾക്കുമായി 2393 വോട്ടു ലഭിച്ചപ്പോൾ എട്ട് വോട്ടുകൾ അസാധുവായി.

ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാനു ലഭിച്ചിരിക്കുന്നത്. 1987ൽ കോൺഗ്രസ് എസ്സിന്റെ മാമൻ ഐപ്പ് നേടിയ 15,703 വോട്ടിന്റെ ഭൂരിപക്ഷമാണു സജി ചെറിയാൻ മറികടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രൻ നായർ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. എൽഡിഎഫിന്റെ വോട്ടു വിഹിതം വൻതോതിൽ വർധിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടും കഴിഞ്ഞ തിര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ചു വർധിച്ചു. എന്നാൽ ബിജെപിയുടെ വോട്ടിൽ കാര്യമായ കുറവുണ്ടായി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സിപിഎമ്മിനു 14423 വോട്ടുകൾ അധികമായി ലഭിച്ചു. കോൺഗ്രസിന് 1450 വോട്ടുകൾ കൂടുതൽ കിട്ടി. അതേ സമയം ബിജെപിക്ക് 7412 വോട്ടുകൾ നഷ്ടമായി. രമേശ് ചെന്നിത്തല വോട്ട് ചെയ്ത ത്രിപ്പെരുന്തറ 130ാം നമ്പർ ബൂത്തിൽ സജി ചെറിയാൻ 208 വോട്ടിന്റെ ലീഡ് നേടി. ഉമ്മൻ ചാണ്ടിയുടെ അച്ഛന്റെ വീടിരിക്കുന്ന വള്ളക്കാലിൽ ഭാഗം ബൂത്ത് നമ്പർ ഒന്നിൽ സജിക്ക് 77 വോട്ടിന്റെ ലീഡ് ഉണ്ട്. ലഭിച്ച 40 തപാൽ വോട്ടുകളും എൽ‍‍ഡിഎഫിന് അനുകൂലമായി.