Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി ദേ വന്നു, ദാ പോയി; രാഷ്ട്രീയ ഭാവി ചോദ്യചിഹ്നം

KM Mani

ചെങ്ങന്നൂർ ‍∙ ഉപതിരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തില്ല. മാണിയുടെ പിന്തുണ തേടിയത് യുഡിഎഫിന് തിരിച്ചടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായതും മുന്നണിക്കു ക്ഷീണമായി. അടുത്ത കാലത്തൊന്നും മണ്ഡലത്തില്‍ ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ് നീങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന ചിത്രമാണ് തെളിയുന്നത്. 

യുഡിഎഫില്‍നിന്നു വേര്‍പിരിഞ്ഞശേഷം ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടെന്ന നിലപാടാണ് കെ.എം. മാണി സ്വീകരിച്ചത്. പിന്നീട്, എല്‍ഡിഎഫ് ക്യാംപിലേക്കു പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പരിപാടിയില്‍ പങ്കെടുത്തതോടെ ഈ വാദത്തിനു ശക്തിയേറി. സിപിഎം നേതൃത്വവും മാണിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും സിപിഐ മാണിക്കെതിരായ നിലപാടിൽ ഉറച്ചുനിന്നു. ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് സമരത്തിനു കാരണമായ വ്യക്തിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്നായിരുന്നു സിപിഐ നിലപാട്. വാദപ്രതിവാദങ്ങള്‍ ഏറിയതോടെ എല്‍ഡിഎഫിലും ഭിന്നതയുണ്ടായി. മാണിയുടെ പാര്‍ട്ടിയിലും ഭിന്നത ശക്തമായിരുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നതിനെ പി.ജെ. ജോസഫ് ശക്തമായി എതിര്‍ത്തു. എല്‍ഡിഎഫ് പ്രവേശനത്തില്‍ അനുകൂല നിലപാട് ഉണ്ടാകാത്തതും പാര്‍ട്ടിയിലെ പ്രശ്നങ്ങളും മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അതിനുള്ള വഴിയൊരുക്കലായി.

മാണി വിഭാഗത്തിന് ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം വോട്ടുകള്‍ ഉള്ളതായാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്. ശക്തിയേറിയ മത്സരം നടക്കുന്നതിനിടെ, ഈ വോട്ടുകള്‍ ലഭിക്കുന്നത് ചെങ്ങന്നൂരില്‍ സഹായകരമാകുമെന്നു യുഡിഎഫ് നേതൃത്വം വിലയിരുത്തി. മാണി വരുന്നതോടെ  കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നും യുഡിഎഫിന് കണക്കുകൂട്ടലുണ്ടായിരുന്നു.

ഉപതിരഞ്ഞടുപ്പില്‍ പിന്തുണ തേടി മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണ് മാണിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്നു കോട്ടയത്ത് ചേര്‍ന്ന ഉപസമിതിയോഗം യുഡിഎഫിന് പിന്തുണ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന കെ.എം. മാണിയുടെ പിന്തുണ ജനങ്ങള്‍ തള്ളിക്കളയുന്നതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാണിയുടെ പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ഡിഎഫിന് വോട്ടു ചെയ്തതായും ഫലങ്ങള്‍ തെളിയിക്കുന്നു. ഇനിയെന്തെന്ന ചോദ്യം കേരള കോണ്‍ഗ്രസിന് മുന്നില്‍ ഉയരുന്നു.