Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ വിജയത്തിന്റെ പേരില്‍ ഇടതു മുന്നണി അഹങ്കരിക്കേണ്ട കാര്യമില്ല: രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടായെങ്കിലും യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു പോറലും സംഭവിച്ചില്ലെന്നാണു തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒറ്റ ഉപതിരഞ്ഞെടുപ്പു വിജയത്തിന്റെ പേരില്‍ ഇടതു മുന്നണി അഹങ്കരിക്കേണ്ട കാര്യമില്ല. ഈ ഒറ്റ വിജയത്തിലൂടെ സര്‍ക്കാരിന്റെ എല്ലാ ദുഷ്‌ചെയ്തികള്‍ക്കും ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്നു ധരിക്കുന്ന മുഖ്യമന്ത്രി മൂഢസ്വര്‍ഗ്ഗത്തിലാണ്.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ 44,897 വോട്ടാണ് യുഡിഎഫിനു ലഭിച്ചതെങ്കില്‍ ഇത്തവണ 46,347 വോട്ടു ലഭിച്ചിട്ടുണ്ട്. അതായത് 1450 വോട്ടുകള്‍ ഇത്തവണ കൂടുതല്‍ ലഭിച്ചു. ഇടതു മുന്നണി ഇത്ര നെറികെട്ട പ്രചാരണം നടത്തിയിട്ടും യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്നാണ് ഇതു കാണിക്കുന്നത്. അതേസമയം ബിജെപിയുടെ വോട്ടുകളില്‍ വന്‍ ഇടിവുണ്ടായി. ഈ വോട്ടുകള്‍ ബിജെപി ഇടതുമുന്നണിക്കു നല്‍കുകയാണു ചെയ്തത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി അജൻഡ നടപ്പാക്കുന്നതിന് അവര്‍ വോട്ടു മറിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ വിജിയക്കാനായി ഇടതുമുന്നണി വര്‍ഗീയത ഇളക്കിവിടുകയും ഔദ്യോഗിക സംവിധാനങ്ങൾ പൂണമായും ദുരുപയോഗപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയാകട്ടെ മന്ത്രിസഭാ വാര്‍ഷികത്തിന്റെ മറവില്‍ നേരിട്ടു ജാതി, മത സംഘടനകളുടെ യോഗം വിളിച്ചു. അതു തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇടതു മുന്നണി ഒരു ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നതെന്ന സത്യം മറച്ചുവച്ചാണ് അവര്‍ അമിതാഹ്ലാദം നടത്തുന്നത്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര, മലപ്പുറം, വേങ്ങര എന്നിങ്ങനെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയവരാണ് ഇടതു മുന്നണി‍. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടന്ന മൂന്നു ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിലും ജയിച്ചത് യുഡിഎഫ് ആണ് എന്നതും മറക്കരുത്.

ഇടതു മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടം യുഡിഎഫ് കൂടുതല്‍ ശക്തിയോടെ തുടരുക തന്നെ ചെയ്യും.
ചെങ്ങന്നൂരില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണു പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.