Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾക്കുള്ള മറുപടി നാഗ്പുരിൽ: ആർഎസ്എസ് പരിപാടിയെപ്പറ്റി പ്രണബ്

 Pranab Mukherjee മുൻ രാഷ്ട്രപതി പ്രണബ് മുഖർജി.

ന്യൂഡൽ‌ഹി∙ നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. വിവാദങ്ങൾക്കുള്ള മറുപടി നാഗ്പുരിൽ പറയാമെന്നു പ്രണബ് പറഞ്ഞു. കോൺഗ്രസിൽനിന്നു വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണു വിശദീകരണം.

‘എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്‍പുരിൽ പറയും. ഒരുപാടു കത്തുകളും ഫോൺ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല’– പ്രണബ് മുഖർജി വ്യക്തമാക്കി. ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

പ്രണബിന്റെ തീരുമാനത്തിൽ ഒൗദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കൾ രംഗത്തു വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു ജയറാം രമേശ്, സി.കെ.ജാഫർ ഷെരീഫ്, രമേശ് ചെന്നിത്തല, അദിർ ചൗധരി തുടങ്ങിയവർ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ പ്രഖ്യാപിക്കാൻ ഇതിലും നല്ല വേദി ലഭിക്കില്ലെന്നു സുശീൽകുമാർ ഷിൻഡെയും പാർട്ടി പ്രണബിൽ വിശ്വാസമർപ്പിക്കണമെന്നു സൽമാൻ ഖുർഷിദും അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയായിരുന്ന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതു പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്വയംസേവകർക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വർഗ്) സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചത്. ആർഎസ്എസ് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

മഹാത്മാ ഗാന്ധി, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് ആർഎസ്എസ് പ്രവർത്തകരെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ക്ഷണിച്ചിട്ടുണ്ടെന്നും ആർഎസ്എസ് വക്താവ് നരീന്ദർ ഠാക്കുർ പറഞ്ഞു. നേപ്പാൾ മുൻ കരസേനാ മേധാവി ജനറൽ റൂക്മംഗദ് കട്വാൾ (2017), മുതിർന്ന ബംഗാളി മാധ്യമപ്രവർത്തകൻ രന്ദിദേവ് സെൻഗുപ്ത (2016), കർണാടക ധർമശാസ്താ ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെ (2015), ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ (2014) തുടങ്ങിയവർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായിട്ടുണ്ട്.

related stories