Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ 60 ലക്ഷം വ്യാജ വോട്ടർമാർ; കോണ്‍ഗ്രസ് പരാതിയിൽ തിര. കമ്മിഷൻ അന്വേഷണം

fake-voters-list-madhya-pradesh മധ്യപ്രദേശിലെ വോട്ടർ പട്ടികയിൽ പല ബൂത്തുകളിലും ഒരേ വോട്ടർ. ചിത്രം: ട്വിറ്റർ

ഭോപ്പാൽ∙ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലെ വോട്ടർ പട്ടികയിൽ നടന്ന വ്യാപക ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നു. 60 ലക്ഷത്തോളം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷമായ കോൺഗ്രസ്, പരാതിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. നാലു സംഘമായാണ് കമ്മിഷൻ അന്വേഷിക്കുക. വീടുവീടാന്തരം കയറിയിറങ്ങിയാണ് സാധാരണ വോട്ടർ പട്ടിക തയാറാക്കുന്നത്. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

മനപ്പൂർവം വരുത്തിയ വീഴ്ചയാണോയെന്നും അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച അന്വേഷണത്തിൽ നാലു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

60 ലക്ഷത്തോളം വ്യാജ വോട്ടർമാരുടെ പട്ടികയാണ് സമർപ്പിച്ചതെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു. ‘ഭരണവ്യവസ്ഥയുടെ ദുരുപയോഗ’മാണ് ഈ സംഭവം. മനഃപൂർവമാണ് പട്ടികയിൽ വ്യാജ പേരുകൾ വരുന്നതെന്നും കമൽനാഥ് വ്യക്തമാക്കി. പ്രശ്നത്തിനു പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചു.