Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിന്റെ മരണം രക്ഷ‌പ്പെടാന്‍ ശ്രമിക്കുന്നതിനിടെ; പൊലീസിന്റെ കണ്ടെത്തൽ ഇങ്ങനെ

Kevin P Joseph Murder

കോട്ടയം∙ ഗുണ്ടാസംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ വീണാണു കെവിന്‍ മരിച്ചതെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും പ്രതികളുടെയും സാക്ഷി അനീഷിന്‍റെ മൊഴിക്കും പുറമെ സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിലാണു നിഗമനം. മരണഭയത്താല്‍ രക്ഷപ്പെടുന്നതിനിടെയാണു മരണമെന്നതിനാല്‍ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും.

Read In English: 'Honour killing': Kevin drowned as he fled the goons, say police

കെവിന്‍ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്‍റെ കണ്ടെത്തല്‍ ഇങ്ങനെ:

നീനുവിനെ ബലമായി പിടിച്ചു കൊണ്ടു പോകാനാണു സാനുവിന്റെ നേതൃത്വത്തിൽ 13 അംഗ സംഘം മാന്നാനത്ത് എത്തിയത്. നീനുവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ അനീഷിനെയും കെവിനെയും വീട് കയറി ആക്രമിച്ചു തട്ടികൊണ്ടുപോയി. തെന്മല വെള്ളിമറ്റത്തെ സങ്കേതത്തിൽ പാർപ്പിച്ചു നീനുവിനെ വിളിച്ചുവരുത്താനായിരുന്നു പദ്ധതി. തെന്‍മലയ്ക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍വച്ചു കെവിനെ ക്രൂരമായി മര്‍ദിച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ചാലിയേക്കരയിൽ എത്തിയശേഷം കെവിനെ വാഹനത്തില്‍നിന്നു പുറത്തിറക്കി കമിഴ്ത്തികിടത്തി. ഇതിനിടെ, മറ്റു വാഹനത്തിലുണ്ടായിരുന്ന അനീഷ് ഛര്‍ദ്ദിച്ചതോടെ അപകടം സംഭവിച്ചുവെന്നു കരുതി സംഘാംഗങ്ങള്‍ അവിടേക്കോടി. ഇതിനിടെയാണു കെവിന്‍ ഓടി രക്ഷപ്പെട്ടത്. റോഡിന്റെ ഇടതു വശത്തെ മാലിന്യക്കൂമ്പാരത്തില്‍ പതിച്ച കെവിൻ പുഴയിലേക്കു ഉരുണ്ടുവീണുവെന്നാണു കണ്ടെത്തല്‍. രക്ഷപ്പെട്ട കെവിനെ തേടി അക്രമിസംഘം ഏഴു മണി വരെ തിരച്ചിൽ‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നേരം വെളുത്തതോടെ കെവിൻ പുഴ നീന്തിക്കയറി രക്ഷപ്പെട്ടുവെന്ന വിശ്വാസത്തിൽ സംഘം മടങ്ങി. ചാലിയേക്കരയിൽ കെവിനെ കാറിൽനിന്നു പുറത്തു കിടത്തിയെന്ന ബന്ധു അനീഷിന്റെ മൊഴി, മരണകാരണം മുങ്ങിമരണം മൂലമാണെന്ന കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കെവിൻ കാറിൽനിന്നു ചാടി രക്ഷപെട്ടുവെന്ന പ്രതികളുടെ മൊഴി, മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയിലെ സ്ഥലപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമുള്‍പ്പെടെയാണ‌ു ചുമത്തിയിരിക്കുന്നത്.

അന്തിമ പോസ്റ്റ്മോർ‍ട്ടം റിപ്പോർട്ടിൽ മരണ കാരണം മാറുകയോ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ മുങ്ങിമരണമെന്ന ഇപ്പോഴത്തെ നിഗമനത്തിൽ മാറ്റം വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.