Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഐടിയുവിന്റെ ആ വാദം പൊളിഞ്ഞു; സിന്തൈറ്റ് സൂപ്പര്‍വൈസറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

synthite-strike പ്ലാന്റ് സൂപ്പർവൈസറെ സിഐടിയു പ്രവർത്തകർ മർദ്ദിക്കുന്നു.

എറണാകുളം∙ കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ ശനിയാഴ്ച സിഐടിയു പണിമുടക്കിനിടെ വ്യാപക അക്രമം നടന്നതിന്‍റെ തെളിവായി ദൃശ്യങ്ങള്‍. പൊലീസ് നോക്കിനില്‍ക്കെ പ്ലാന്‍റ് സൂപ്പര്‍വൈസറെ വളഞ്ഞിട്ടു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. അക്രമം നടത്തിയിട്ടില്ലെന്ന സിഐടിയു യൂണിയന്‍റെ വാദം ഇതോടെ പൊളിഞ്ഞു. പൊലീസിന്‍റെ മുന്നില്‍വച്ചാണു സിഐടിയുക്കാര്‍ സൂപ്പര്‍വൈസറെ മര്‍ദിച്ചത്.

സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മാനേജ്മെന്റ് പരാതി നൽകിയെങ്കിലും ഇന്നലെ വൈകിവരെ കേസ് എടുത്തിട്ടില്ല. നേരത്തേ, ഒരുമാസം നീണ്ടുനിന്ന സമരം അവസാനിച്ചശേഷം ആ സമരത്തിൽ പങ്കെടുത്തവരെ കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റിയെന്നാണ് പുതിയ സമരത്തിനു കാരണമെന്ന് യൂണിയൻകാർ പറയുന്നു. സമരത്തിൽ പങ്കെടുക്കാത്ത ബഹുഭൂരിപക്ഷം തൊഴിലാളികളും ഇന്നു രാവിലെ കമ്പനിക്കുള്ളിലേക്കു കയറുന്നുണ്ട്. ഇതു തടയുമെന്നാണ് സിഐടിയു പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒത്തുതീര്‍ന്ന സമരമാണു യാതൊരു മുന്നറിയിപ്പുമില്ലാതെ വീണ്ടും തുടങ്ങിയത്. ജോലിക്കു വരുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്ന സമരം ശനിയാഴ്‌ച അര്‍ധരാത്രിയോടാണു വീണ്ടും തുടങ്ങിയത്. നിയമപ്രകാരമുള്ള 15 ദിവസ നോട്ടിസ്‌ ഇല്ലാതെയാണു സമരം ആരംഭിച്ചത്. ശനിയാഴ്‌ച രാത്രി നൈറ്റ്‌ ഷിഫ്‌റ്റിനെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടയുകയും അകാരണമായി മര്‍ദിക്കുകയും ചെയ്‌തതായി പരാതിയുണ്ട്.