Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം: പങ്ക് വെളിപ്പെട്ടിട്ടില്ല, എ.വി. ജോർജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

AV George

തിരുവനന്തപുരം∙ ശ്രീജിത്തിന്റെ കസ്റ്റ‍ഡി മരണത്തില്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എസ്പിയുടെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വരാപ്പുഴ, വിദേശവനിതയുടെ കൊലപാതകം എന്നീ വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്‍ അധികാരപരിധി കടന്ന് അഭിപ്രായം നടത്തിയതിനെയും മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചു.

കേസില്‍ മുൻ റൂറൽ എസ്പി. എ.വി. ജോർജിനെയും ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രതിയാക്കില്ലെന്ന സൂചന പുറത്തുവന്നതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതോടെ നിലവിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരിൽ അന്വേഷണം അവസാനിക്കും. അതേസമയം മേൽനോട്ടത്തിലും കൃത്യനിർവഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തൽസ്ഥാനത്തുനിന്നു മാറ്റാനും ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു റിപ്പോർട്ട് നൽകി.

കേസിൽ ജോർജിനെ പ്രതിയാക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടു നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ചയായിട്ടും അദ്ദേഹം മറുപടി നൽകിയിട്ടില്ല. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എ.വി. ജോർജിനെ പ്രത്യേക അന്വേഷണസംഘം മൂന്നുവട്ടം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടിച്ച വിവരം വയർലെസ് സെറ്റിലൂടെ അറിഞ്ഞപ്പോൾ എസ്പി ‘വെരി ഗുഡ്’ എന്നു പ്രശംസിക്കുകയും കേസിലുൾപ്പെട്ട പൊലീസുകാരെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹം നിയമവിരുദ്ധമായി രൂപീകരിച്ച ‘ടൈഗർ ഫോഴ്സ്’ പൊലീസ് സംഘമാണു ശ്രീജിത്തിനെ പിടിച്ചത്. എന്നാൽ അന്വേഷണം നടത്താതെ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജോർജിനെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള തീരുമാനവുമായാണു മൂന്നാമതു വിളിച്ചു വരുത്തിയത്.