Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്ക് നീങ്ങി; അരുവിക്കരയിൽ ജല വകുപ്പിന്റെ കുപ്പിവെള്ള ഫാക്ടറി

Water Bottle

തിരുവനന്തപുരം ∙ അരുവിക്കരയിൽ ജല വകുപ്പ് സ്ഥാപിക്കുന്ന കുപ്പിവെള്ള ഫാക്ടറിക്കുള്ള വിലക്കു സംസ്ഥാന സർക്കാർ നീക്കി. അടുത്ത വർഷത്തോടെ ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനായേക്കും. കുപ്പിവെള്ള നിർമാണ രംഗത്ത് ഒട്ടേറെ സ്വകാര്യ കമ്പനികൾ ഉള്ള സാഹചര്യത്തിൽ ജല അതോറിറ്റി ആ രംഗത്തു സമയം പാഴാക്കേണ്ടതില്ലെന്നും പകരം ശുദ്ധജല വിതരണത്തിലും മലിനജല സംസ്കരണത്തിലും ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിലിൽ ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി, ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കു കത്തു നൽകി. ഇതേ തുടർന്നു ഫാക്ടറിയുടെ തുടർ പ്രവർത്തനം നിലച്ചിരുന്നു.

ജല അതോറിറ്റി കുപ്പിവെള്ള നിർമാണ രംഗത്തേക്ക് ഇറങ്ങേണ്ടതില്ലെന്നു സർക്കാർ തലത്തിൽ തീരുമാനം എടുത്ത് ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും ഇങ്ങനെയൊരു വ്യാഖ്യാനത്തിന് ഇടയാക്കിയ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്ത് പിൻവലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും നിയമസഭയിൽ മന്ത്രി മാത്യു ടി.തോമസ്, കെ.എസ്.ശബരീനാഥൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. പഴയ കത്തു പിൻവലിച്ചു കൊണ്ടു കഴിഞ്ഞ അഞ്ചിന് അഡീഷനൽ ചീഫ് സെക്രട്ടറി, ജല അതോറിറ്റി എംഡിക്കു കത്തയച്ചു.

ജല അതോറിറ്റിക്കു ജല വിതരണത്തിനു പുറമേ കുപ്പിവെള്ള നിർമാണത്തിലേക്കു കൂടി കടക്കാനായി 2006ൽ നിയമം ഭേദഗതി ചെയ്തിരുന്നു. തുടർന്നാണ് അരുവിക്കരയിൽ സ്ഥാപിക്കുന്നതിനുള്ള പ്ലാന്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇതു സ്ഥാപിക്കുന്ന ജോലികൾ 95 ശതമാനവും പൂർത്തിയായി. കുപ്പികൾ നിർമിച്ചു വെള്ളം നിറയ്ക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ സ്ഥാപിച്ചു ടെസ്റ്റ് റൺ നടത്തിക്കഴിഞ്ഞു. വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽ നിന്നുമുള്ള അനുമതി നേടുന്നതു പോലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ഇതു പ്രവർത്തിപ്പിക്കാനാവും. ആറു കോടിയോളം രൂപ പ്ലാന്റിനായി ചെലവഴിച്ചിട്ടുണ്ട്.