Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‍രിവാളിന്റെ സമരത്തിൽ ഉടൻ ഇടപെടണം: പ്രധാനമന്ത്രിയോട് പിണറായി

pinarayi-vijayan-arvind-kejriwal പിണറായി വിജയൻ, അരവിന്ദ് കേജ്‌രിവാൾ

തിരുവനന്തപുരം ∙ ലഫ്റ്റനന്റ് ഗവർണർക്കെതിരെ അദ്ദേഹത്തിന്റെ സന്ദർശകമുറിയിൽ ദിവസങ്ങളായി ധർണയിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളിനു പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതലസ്ഥാനത്തു നടക്കുന്ന സമരത്തിൽ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിണറായി കത്തയച്ചു.

‘തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയും സഹമന്ത്രിമാരുമാണു സമരമിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനം നിലച്ചതു ഡൽഹിക്കാരെയും ലക്ഷക്കണക്കിനു മലയാളികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയാണു ലഫ്റ്റനന്റ് ഗവർണർ. രാജ്യതലസ്ഥാനത്തെ സമരം ദേശീയ തലത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിൽതന്നെ ചർച്ചയാകുന്നതാണ്. ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കും. പ്രധാനമന്ത്രി വ്യക്തിപരമായ താൽപര്യമെടുത്തു വിഷയത്തിൽ ഇടപെടണം’– പിണറായി കത്തിൽ ആവശ്യപ്പെട്ടു. 

ലഫ്.ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിലെ സന്ദർശകമുറിയിൽ കേജ്‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുൾപ്പെട്ട സംഘമാണു ധർണ നടത്തുന്നത്. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നും ആം ആദ്മി നേതാക്കൾ അറിയിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് കേജ്‍രിവാളും സംഘവും ഉന്നയിക്കുന്നത്.

related stories