Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്മുന്നിൽ ഭർത്താവ് പിടഞ്ഞുവീണ നാൾ തുടങ്ങിയ പോരാട്ടം; പിന്നീട് കൗസല്യയ്ക്കു സംഭവിച്ചത്?

kausalya Honour Killing കൗസല്യയും ശങ്കറും (ഇടത്) കൗസല്യ ഇന്ന് (വലത്)

കോട്ടയത്തെ ദുരഭിമാനക്കൊലയുടെ സമയത്തു കേരളം ഓർത്തു കൗസല്യയെ. കെവിന്റെ മരണത്തിനു മുന്നിൽ പകച്ചു നിന്ന നീനുവിന്റെ മുഖമായിരുന്നു ഒരിക്കൽ കൗസല്യയ്ക്കും.  ഇന്നു തമിഴ്നാട്ടിൽ ജാതിക്കെതിരായ പോരാട്ടത്തിനു മറുപേരാണ് കൗസല്യ.

ജീവനുള്ള താജ്മഹലാണു കൗസല്യ. ജാതിയിൽ താഴ്ന്നവൻ എന്ന കുറ്റത്തിനു കൊല ചെയ്യപ്പെട്ട ശങ്കറിനോടുള്ള പ്രണയത്തിന്റെ  ജീവിക്കുന്ന സ്മാരകം. കൺമുന്നിൽ ഭർത്താവ് ശങ്കർ പിടഞ്ഞു വീണപ്പോൾ തുടങ്ങിയ പോരാട്ടമാണ് ആ പെൺകുട്ടിയുടേത്. ഇപ്പോഴും അവസാനിക്കാതെ തുടരുന്നു. 

‘എന്റെ പ്രേമകഥയാണു പലർക്കും കേൾക്കേണ്ടത്. പക്ഷേ, ഞാൻ കേൾക്കുന്നതു ദുരന്തകഥകളാണ്. കോട്ടയത്തെ കെവിന്റെയും നീനുവിന്റെയും ദുരന്തവും കേട്ടിരുന്നു. കേരളത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുന്നു. ദുരഭിമാന കൊലകൾക്കെതിരായ നിയമം എന്ന വലിയ ലക്ഷ്യത്തിനാണു പ്രവർത്തിക്കുന്നത്. കഥ പറഞ്ഞു നിന്നാൽ നേടാവുന്ന  ലക്ഷ്യമല്ല അത്’, കൗസല്യ പറയുന്നു.  

കോട്ടയത്തെ ദുരഭിമാനക്കൊലയുടെ സമയത്താണു വീണ്ടും കൗസല്യയെ ഓർത്തത്. നീനുവിന്റെ മുഖമായിരുന്നു ഒരിക്കൽ കൗസല്യയ്ക്കും. പക്ഷേ, തിരിച്ചു വന്നതു പുതിയ കൗസല്യയാണ്. ജാതിവ്യവസ്ഥയ്ക്കെതിരായ പോരാ‍ട്ടത്തിനു കരുത്തുള്ള പെണ്ണായി. പഴനിക്കടുത്ത് കുമാരലിംഗമെന്ന കൊച്ചുഗ്രാമത്തിലെത്തി കൗസല്യയെക്കുറിച്ച് ചോദിച്ചാൽ അവളാണു തമിഴ്പെണ്ണെന്നു പറയും നാട്ടുകാർ. ശങ്കർ മരിച്ചതോടെ ഒരു വിഷക്കുപ്പിയിൽ ഒടുക്കാനിരുന്ന കൗസല്യയുടെ ജീവിതം ഇന്ന് ആയിരങ്ങളുടെ പ്രതീക്ഷയാണ്.

ശങ്കറിന്റെ മരണം

കൗസല്യയുടെ ഭർത്താവ് ശങ്കർ കൊല്ലപ്പെടുന്നത് 2016ലാണ്. പൊള്ളാച്ചിയിലെ എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ചു വിവാഹിതരായി. താഴ്ന്ന ജാതിയിൽപെട്ട ശങ്കറുമായുള്ള വിവാഹബന്ധം വേർപെടുത്താൻ കൗസല്യയുടെ രക്ഷിതാക്കൾ നിരന്തരം സമ്മർദം ചെലുത്തി. വഴങ്ങാതെ വന്നപ്പോൾ, അവർ ഏർപ്പെടുത്തിയ വാടകഗുണ്ടകൾ ശങ്കറിനെ ഉദുമൽപേട്ട ബസ്‌ സ്റ്റാൻഡിനു സമീപം കൗസല്യയുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. കൗസല്യയ്ക്കും സാരമായി പരുക്കേറ്റു. മാസങ്ങൾ നീണ്ട ചികിൽസയ്ക്കു ശേഷമാണു കൗസല്യ  ജീവിതത്തിലേക്കു മടങ്ങിയത്.

chennai-shankar-parents ദുരഭിമാനക്കൊലയ്ക്കെതിരായ സന്ദേശം രേഖപ്പെടുത്തി തയാറാക്കിയ ഫലകം കയ്യിൽപിടിച്ച് പഴണിക്കടുത്തെ കുമാരലിംഗത്തെ വീട്ടിൽ ശങ്കറിന്റെ അച്ഛൻ വേലുച്ചാമിയും മുത്തശ്ശി മാരിയമ്മയും. ശങ്കറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വിതരണം ചെയ്യാൻ കൗസല്യയാണ് ഇതു തയാറാക്കിയത്.

ശങ്കറിന്റെ രണ്ടാം പിറവി

കൊല്ലപ്പെട്ട ശങ്കറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു ‘ശങ്കർ സമൂഹ നീതി ട്രസ്റ്റ് എന്ന സംഘടന രൂപീകരിച്ചാണ് പോരാട്ടത്തിനു തുടക്കമിട്ടത്. ദലിത് സ്തീകളെ സ്വയംപര്യാപ്തരാക്കുക, ദുരഭിമാനക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യം. ഇടതുപക്ഷ, ദലിത് സംഘടനകളും മഹിളാ സംഘടനകളും ഇന്നു കൗസല്യയ്ക്കൊപ്പമുണ്ട്.   

വേഷത്തിലും ഭാവത്തിലുമെല്ലാം മാറ്റം. ജാതി വ്യവസ്ഥയ്ക്കെതിരേ കടുത്തഭാഷയിൽ പ്രസംഗിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഭയമില്ലേയെന്ന ചോദ്യത്തിന് താനങ്ങനെ പേടിച്ചു പോകേണ്ടയാളല്ല, തന്തൈ പെരിയോരുടെ ‘ചെറുമകളാണ്’ എന്ന് മറുപടി. ഇതിനിടെ, ബിരുദ പഠനത്തിനും ചേർന്നു. തനിക്ക് ലഭിച്ച ജോലിയിൽ നിന്നുള്ള വരുമാനത്തിലെ ഒരു വിഹിതം കുട്ടികൾക്കായി ട്യൂഷൻ സെന്റർ നടത്താൻ നീക്കി വയ്ക്കുന്നു. ശങ്കറിന്റെ വീട്ടിൽ അച്ഛൻ വേലുച്ചാമിയും മുത്തശ്ശി മാരിയമ്മയുമാണ് ഉള്ളത്. ശങ്കറിന്റെ സഹോദരങ്ങളായ വിഘ്നേശ്വറിനെയും യുവരാജിനെയും പഠിപ്പിക്കുന്നതും കൗസല്യയാണ്.

തേടി വരുന്നവർ

മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ശങ്കറിന്റെ ഗ്രാമത്തിൽ ഇന്നും എത്തുന്നു. പലരും ശങ്കറിനെ സംസ്കരിച്ച മണ്ണിൽ ചെന്ന് ജാതിവെറിക്കെതിരായ പ്രതിജ്ഞയെടുക്കുന്നു. 

‘ശങ്കറുമായുള്ള പ്രണയമായിരുന്നു  ഒരു കാലത്ത് എന്റെ ലോകം. എന്നാ‍ൽ ആ പ്രേമം എനിക്കു വലിയ ലക്ഷ്യമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ജാതിമാറി വിവാഹം കഴിച്ചെന്ന പേരിൽ ഏറെ പേരാണു പീഡിപ്പിക്കപ്പെടുന്നത്. അവർക്കു രക്ഷകയായി ഞാനുണ്ടാകും ’’– തീച്ചൂടുണ്ട് കൗസല്യയുടെ വാക്കുകളിൽ.

related stories