Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താലിബാൻ–അഫ്ഗാൻ സേന ‘സഖ്യ’ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം; മരണം 25

Afghan-Blast ചാവേർ സ്ഫോടനമുണ്ടായ നാംഗഹാറിൽ നിന്നുള്ള കാഴ്ച (ട്വിറ്റർ ചിത്രം)

കാബൂൾ∙ കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അൻപതോളം പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും താലിബാൻ പ്രവർത്തകരാണ്. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സർക്കാരും വെടിനിർത്തൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെയാണു നാംഗഹാർ പ്രവിശ്യയിൽ ചാവേർ സ്ഫോടനമുണ്ടായത്. എന്നാൽ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. ഇസ്‌‌ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയാണ് നാംഗഹാർ.

വെടി നിർത്തലിനു പിന്നാലെ താലിബാൻ അംഗങ്ങളും അഫ്ഗാൻ സേനയും പലയിടത്തും ഒരുമിച്ചു കൂടി ഈദ് ആശംസകൾ കൈമാറിയിരുന്നു. ആഘോഷങ്ങളിലും പങ്കു ചേർന്നു. താലിബാനൊപ്പം അഫ്ഗാൻ സൈനികരുടെ സെൽഫികൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെത്തി. അത്തരമൊരു ആഘോഷത്തിനിടെയാണു ചാവേർ പൊട്ടിത്തെറിച്ചത്.

രാജ്യത്തു നിലനിൽക്കുന്ന വെടിനിർത്തൽ നീട്ടിവയ്ക്കുകയാണെന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി അറിയിച്ചു. ഒൻപതു ദിവസത്തേക്കു പ്രഖ്യാപിച്ച വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണു പ്രസിഡന്റിന്റെ അറിയിപ്പെത്തിയത്. എന്നുവരെയാണു വെടിനിർത്തലെന്നു വ്യക്തമാക്കിയിട്ടില്ല. താലിബാനിൽ നിന്നും അനുകൂല പ്രതികരണമാണുണ്ടാകുകയെന്നാണു പ്രതീക്ഷ.

താലിബാന് അവരുടെ അംഗങ്ങളെ ജയിലിൽ സന്ദർശിക്കാം. ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും കാണാമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വിദേശസൈന്യത്തിന്റെ അഫ്ഗാനിലെ വിന്യാസത്തിന്മേൽ ഉൾപ്പെടെ ചർച്ചയാകാമെന്നും ഘാനി താലിബാനോടു വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച മുതലായിരുന്നു താലിബാന്റെ മൂന്നു ദിവസത്തെ വെടിനിർത്തൽ. ഈദിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ തീരുമാനത്തിന് രാജ്യത്ത് വൻപിന്തുണയാണു ലഭിച്ചത്.