Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീൻ കാർഡ്: യുഎസ് ‘വാതിൽ’ തുറക്കണമെങ്കിൽ ഇന്ത്യക്കാർ കാത്തിരിക്കേണ്ടത് 151 വർഷം

US-City-Statue-Of-Liberty-New-york ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി (ഫയൽ ചിത്രം)

വാഷിങ്ടൻ∙ വിദഗ്ധ തൊഴിലാളികൾക്കു യുഎസിൽ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ് റെസിഡൻസി കാർഡ്) ലഭിക്കണമെങ്കിൽ ഇന്ത്യക്കാർ 151 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നു റിപ്പോർട്ട്. എന്നാൽ അപേക്ഷകരിൽ എല്ലാവർക്കും ഇത്രയും നീണ്ട കാത്തിരിപ്പു വരില്ല. വാഷിങ്ടൻ ആസ്ഥാനമായുളള കേയ്ടോ ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഗ്രീൻകാർഡ് അപേക്ഷകരുടെ എണ്ണം അടുത്തിടെ യുഎസ് പുറത്തുവിട്ടിരുന്നു. 

മേയ് 18 വരെ ലഭിച്ച 3,95,025 ഗ്രീൻ കാർഡ് അപേക്ഷരിൽ 3,06,601 പേരും ഇന്ത്യയിൽനിന്നുള്ളവരാണെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്(യുഎസ്‌സിഐഎസ്) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. അപേക്ഷകരുടെ ആശ്രിതരെ കൂടാതെയുള്ള കണക്കാണിത്. 2018 ഏപ്രിൽ 20 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ നിന്ന് ആശ്രിതർ ഉൾപ്പെടെ ഗ്രീൻ കാർഡിനായി 6,32,219 അപേക്ഷകരുണ്ട്. 

നിലവിലെ നിബന്ധനകൾ അനുസരിച്ച് ഗ്രീൻ കാർഡിനുള്ള കാത്തിരിപ്പ് 151 വർഷം വരെ നീളാമെന്നാണു കേയ്ടോ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. 2017ൽ അനുവദിച്ച ഗ്രീൻകാർഡുകളുടെ എണ്ണം പരിശോധിച്ചായിരുന്നു ഇത്തരമൊരു നിഗമനത്തിലേക്ക് കേയ്ടോ സംഘം എത്തിയത്. ഇവരിൽ ഇബി–1 (എംപ്ലോയ്മെന്റ് ബേസ്ഡ്–1) വിഭാഗത്തിൽപ്പെട്ട ‘അസാധാരണമായ’ കഴിവുള്ള തൊഴിലാളികൾക്കാണ് ഏറ്റവും കുറഞ്ഞ കാത്തിരിപ്പു കാലാവധി. ഇവർ ആറു വർഷം കാത്തിരുന്നാൽ മതി. യുഎസ്‌സിഐഎസ് റിപ്പോർട്ട് പ്രകാരം ഇബി–1 കാറ്റഗറിയിൽപ്പെട്ട 34,824 അപേക്ഷകർ ഇന്ത്യയിൽ നിന്നുണ്ട്. ആശ്രിതർ ഉൾപ്പെടെ 48,754 പേരാണ് ഈ വിഭാഗത്തിൽ കാത്തിരിക്കുന്നത്–ആകെ 83,578 പേർ. 

ബാച്ചിലേഴ്സ് ഡിഗ്രിയോടു കൂടിയ ഇബി–3 വിഭാഗക്കാർ 17 വർഷം വരെയെങ്കിലും കാത്തിരിക്കണം. ഏപ്രിൽ 20 വരെയുള്ള കണക്കു പ്രകാരം ഈ വിഭാഗത്തിൽ 54,892 ഇന്ത്യക്കാരാണുള്ളത്. ആശ്രിതർ ഉൾപ്പെടെ ഈ വിഭാഗത്തിൽ 1,15,273 അപേക്ഷകർ ഇന്ത്യയിൽ നിന്നുണ്ട്. ഇബി– 2 (Advanced Degrees) വിഭാഗക്കാർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ കാത്തിരിപ്പ്. ഇബി–2 വിഭാഗത്തിൽ 2,16,684 ഇന്ത്യക്കാരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ ആശ്രിതർ മാത്രം 2,16,684 പേർ വരും. ആകെ 4,33,368 പേർ. വീസ അനുവദിക്കുന്നതിലെ നിലവിലെ കണക്കു പ്രകാരം ഈ വിഭാഗത്തിലുള്ളവർ 151 വർഷമെങ്കിലും കാത്തിരുന്നാലേ ഗ്രീൻ കാർഡ് ലഭിക്കുകയുള്ളൂ! അതിനിടയിൽ നിയമനിർമാണം എന്തെങ്കിലും നടന്നാൽ മാത്രമേ രക്ഷയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഓരോ രാജ്യത്തിനും പ്രതിവർഷം അനുവദിച്ചിരിക്കുന്ന വീസയുടെ കണക്കു പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് കേയ്ടോ പഠനമെത്തിയത്. ഏപ്രിൽ 20 വരെയുളള കണക്കു പ്രകാരം ഇന്ത്യയിൽ നിന്ന് 3,06,400 പേർ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നുണ്ട്. ഇവരുടെ ആശ്രിതരുടെ എണ്ണം 3,25,819. ആകെ 6,32,219 ഇന്ത്യക്കാരാണ് യുഎസ് ‘വാതിൽ തുറക്കുന്നത്’ കാത്തിരിക്കുന്നത്. 

2017ൽ ആകെ 22,602 ഇന്ത്യക്കാർക്കാണ് ഗ്രീൻ കാർഡ് ലഭിച്ചത്. ഇവരിൽ 13,082 പേർ ഇബി–1 വിഭാഗത്തിൽപ്പെട്ടതാണ്. 2879 പേർ ഇബി–2വിലും, 6641 പേർ ഇബി–3യിലും. മാറ്റി നിർത്തിയവരെ പിന്നീട് ആദ്യം പരിഗണിക്കുന്ന രീതിയല്ല ഗ്രീൻ കാർഡ് അനുവദിക്കുന്നതിലുള്ളത്. അതിനാൽത്തന്നെ 2017ല്‍ ആകെ അനുവദിച്ചതിൽ 13 ശതമാനം വരുന്ന ഗ്രീൻകാർഡ് മാത്രമേ ഇബി–2 വിഭാഗക്കാർക്കു ലഭിച്ചുള്ളൂ. ഇത്തരത്തിൽ വീസ നിയമങ്ങളിലുള്ള നിയന്ത്രണങ്ങളാണ് ഇബി–2 വിഭാഗക്കാർക്കു തിരിച്ചടിയായിരിക്കുന്നത്.

യുഎസ് ഗ്രീൻ കാർഡിനായുള്ള അപേക്ഷകരിൽ രണ്ടാം സ്ഥാനത്തു ചൈനയാണ് – 67,031 അപേക്ഷകൾ. മറ്റു രാജ്യങ്ങളിൽനിന്നൊന്നും പതിനായിരത്തിലേറെ അപേക്ഷകളില്ല.