Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്ക് വ്യക്തമായ ‘ഐക്യ’ മുന്നറിയിപ്പ്; പിണറായി ഉൾപ്പെടെ കേജ്‌രിവാളിന്റെ വീട്ടിൽ

Mamata Banerjee കേജ്‌രിവാളിന്റെ വസതിയിൽ പിണറായി വിജയനും മറ്റു മുഖ്യമന്ത്രിമാരും സന്ദര്‍ശനം നടത്തുന്നു.

ന്യൂഡൽഹി∙ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ അരവിന്ദ് കേജ്‌രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിക്കാനുള്ള ശ്രമത്തിന് ഗവർണർ തടയിട്ടപ്പോൾ ‘തിരിച്ചടിച്ച്’ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി.കുമാരസ്വാമി എന്നിവർ കേജ്‌രിവാളിനു പിന്തുണയറിയിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി.മോദിക്ക് വ്യക്തമായ ‘ഐക്യ’ മുന്നറിയിപ്പ്; പിണറായി ഉൾപ്പെടെ കേജ്‌രിവാളിന്റെ വീട്ടിൽ

ഹൃദ്യമായ സ്വീകരണമാണു നാലു മുഖ്യമന്ത്രിമാര്‍ക്കും കേജ്‌രിവാളിന്റെ വസതിയിൽ ലഭിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ശക്തമാകുമെന്നതിന്റെ വ്യക്തമായ സൂചന കൂടിയായി ഈ കൂടിക്കാഴ്ച. തന്നെ കാണാനുള്ള മുഖ്യമന്ത്രിമാരുടെ തീരുമാനത്തിനു തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസാണെന്നു മുഖ്യമന്ത്രി കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നതായി പിണറായി പറഞ്ഞു. രാജ്യം മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഫെഡറലിസത്തെ തകർക്കാനാണു മോദി ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കേജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പിണറായി വ്യക്തമാക്കി. 

കേജ്‌രിവാളിന്റെ സമരത്തിന് നേരത്തേ മമത പിന്തുണ അറിയിച്ചിരുന്നു. ഡൽഹിയിൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് നാലു മുഖ്യമന്ത്രിമാരും. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് രാത്രി ഒൻപതിന് കേജ്‌രിവാളിനെ കാണാൻ ഗവർണർ അനിൽ ബൈജലിനോടു രേഖാമൂലം അനുമതി തേടിയത്. എന്നാൽ തന്റെ ഓഫിസിലേക്ക് അദ്ദേഹം പ്രവേശനാനുമതി നൽകിയില്ല.

മമതയെ തടയാനുള്ള തീരുമാനം ഗവര്‍ണർ തനിയെ എടുക്കില്ലെന്നു കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അനുമതി നിഷേധിക്കാൻ നിർദേശിച്ചത്. ഐഎഎസ് സമരം എപ്രകാരമാണോ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരം നടപ്പാക്കിയത് അതുപോലെത്തന്നെയാണ് മമത ബാനർജിക്കു സന്ദർശനാനുമതി നിഷേധിച്ചതെന്നും കേജ്‌രിവാൾ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയെ കാണുന്നതിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എങ്ങനെ പ്രധാനമന്ത്രിക്കു തടയാനാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥയാണോയെന്നും അദ്ദേഹം ചോദിച്ചു. 

ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ധർണ. മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ എന്നിവർ നിരാഹാര സമരമാണു നടത്തുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ തങ്ങളെ മാറ്റാൻ ശ്രമിച്ചാൽ ജലപാനവും നിർത്തി സമരം ചെയ്യുമെന്നു സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ ‘നിസ്സഹകരണ’ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജൂൺ 18നു ഹൈക്കോടതി പരിഗണിക്കും. ഗവർണറുടെ ഓഫിസിൽ കേജ്‌രിവാളും സംഘവും നടത്തുന്ന ധർണ നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും 18നു ഹൈക്കോടതിക്കു മുന്നിലെത്തുന്നുണ്ട്.

related stories