Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡിജിപിയുടെ വീട്ടിൽ പട്ടിയെ കുളിപ്പിക്കുന്നതും പൊലീസുകാർ; ദൃശ്യങ്ങൾ പുറത്ത്

Police-in-adgp-home പൊലീസുകാർ എഡിജിപിയുടെ വീട്ടിൽ പട്ടിയെ കുളിപ്പിക്കുന്നു

തിരുവനന്തപുരം∙ പൊലീസ് ഉന്നതര്‍ കീഴ്‌ജീവനക്കാരെക്കൊണ്ടു ദാസ്യപ്പണി ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തായത്. ബറ്റാലിയന്‍ എഡിജിപിയായിരിക്കെ നിതിന്‍ അഗര്‍വാളാണ് ഡോഗ് സ്ക്വാഡ് അംഗങ്ങളെ വീട്ടില്‍ വിളിച്ചുവരുത്തി പട്ടിയെ കുളിപ്പിച്ചത്. നാലുമാസം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തായത്.

അതേസമയം, ദാസ്യപ്പണി ആരോപണം സ്ഥിരീകരിച്ചതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധ ‌സേനയു‌ടെ തലപ്പത്ത് നിന്ന് മാറ്റി. ജീവനക്കാരെ അടിമപ്പണി ചെയ്യിക്കുന്നതിനു പിന്നാലെ ഔദ്യോഗികവാഹനവും ദുരുപയോഗം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സുധേഷ് കുമാറിന്റെ സ്ഥാനം പോയത്.

ദാസ്യപ്പണിയെന്ന ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയുണ്ടാകുന്നത്. സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതിന് പിന്നാലെ എഡിജിപിയുടെ ചട്ടലംഘനത്തിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നു. പൊലീസുകാരെയും ക്യാംപ് ഫോളോവേഴ്സിനെയും ഉപയോഗിച്ച് പട്ടിയെ കുളിപ്പിക്കലടക്കമുള്ള പണിക്ക് നിയോഗിക്കുന്നതായും എതിര്‍ക്കുന്നവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കുന്നതായും ഡ്രൈവര്‍ ഗവാസ്കര്‍ വെളിപ്പെടുത്തി. ഭാര്യയും മകളും പ്രഭാത നടത്തത്തിന് പോയത് സര്‍ക്കാര്‍ വാഹനത്തിലാണന്ന് എഫ്ഐആറിലും സ്ഥിരീകരിച്ചു.ഇതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്ന കേസില്‍ വ്യക്തത വന്നശേഷം പുതിയ നിയമനം നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.