Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ലക്ഷ്വറി കാറിന്റെ ജനൽ തുറന്നു കണ്ടപ്പോൾ ‘ഞെട്ടിപ്പോയി’: അനുഷ്കയ്ക്ക് യുവാവിന്റെ മറുപടി

Anushka-Sarma--Virat-Kohli അർഹാൻ സിങ്ങുമായി റോഡിൽ സംസാരിക്കുന്ന അനുഷ്ക ശർമ (കോഹ്‌ലി ട്വീറ്റ് ചെയ്ത വിഡിയോ)

മുംബൈ∙ കാറിൽ നിന്നു മാലിന്യം വലിച്ചെറിഞ്ഞയാളെ ബോളിവുഡ് നടി അനുഷ്ക ശർമ ശാസിച്ച സംഭവത്തിൽ ‘ട്വിസ്റ്റ്’. മുംബൈയില്‍ യാത്രയ്ക്കിടെ അനുഷ്ക ശർമ നടത്തിയ ‘ഇടപെടൽ’ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‍ലി ക്യാമറയിൽ പകർത്തി വിഡിയോ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഒട്ടേറെ പേർ അനുഷ്കയ്ക്കും കോഹ്‌ലിക്കും പിന്തുണയുമായെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവരുടെ ‘ശാസന’ ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് പ്രതികരിച്ചിരിക്കുന്നത്. 

മുംബൈ സ്വദേശിയായ അർഹാൻ സിങ്ങാണ് അനുഷ്കയുടെയും കോഹ്‌ലിയുടെയും ‘മോശം’ പെരുമാറ്റത്തെപ്പറ്റി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. മാലിന്യം വലിച്ചെറിഞ്ഞ അർഹാന്റെ കാർ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്ക ശാസിച്ചത്. ലക്ഷ്വറി കാറിൽ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്. വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു. ഇതിനു മറുപടിയായാണു അർഹാൻ രംഗത്തെത്തിയത്. റോഡിലുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്നും ഈ യുവാവ് കുറിക്കുന്നു.

Read: Anushka Sharma scolds man for littering...

ഈ പോസ്റ്റിൽ നിന്നു യാതൊരു ‘മൈലേജും’ പ്രതീക്ഷിച്ചല്ല ഇക്കാര്യങ്ങൾ കുറിക്കുന്നതെന്ന അഭിസംബോധനയോടെയാണു തുടക്കം. ‘യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഞാൻ കാരണക്കാരനായി. എന്റെ സമീപത്തു കൂടി ഒരു കാർ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിൻഡോ താഴ്ന്നു, അവിടെ നിന്നതാ സുന്ദരിയായ അനുഷ്ക ശർമ. അവർ എനിക്കു നേരെ ഒച്ചയുയർത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്തു പിടിച്ചതു പോലെ. 

എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാൻ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരൽപം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കിൽ അനുഷ്കയുടെയും കോഹ്‌ലിയുടെയും സ്റ്റാർ വാല്യു കുറഞ്ഞു പോകുമായിരുന്നോ! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്!

എന്റെ ലക്ഷ്വറി കാറിൽ നിന്ന് അബദ്ധവശാൽ താഴെ വീണ മാലിന്യത്തേക്കാൾ വലുതാണ് നിങ്ങളുടെ വായിൽ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറിൽ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാർത്ഥത്തിൽ കുപ്പത്തൊട്ടിയ്ക്കു സമാനമായതെന്നും അർഹാൻ പ്രതികരിച്ചു.

ഒട്ടേറെ പേർ ഇദ്ദേഹത്തിനു പിന്തുണയുമായും രംഗത്തെത്തി. പരിസര മലിനീകരണം ഇല്ലാതാക്കണമെങ്കിൽ ആദ്യം കാറിൽ നിന്നിറങ്ങി പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കൂ എന്നാണു ചിലർ കോഹ്‌ലിയോടും അനുഷ്കയോടും പറഞ്ഞത്. കാറിനകത്തെ എസി ഓഫാക്കി ഭൂമിയെ രക്ഷിക്കാനും ആഹ്വാനമുണ്ട്.

വിഡിയോയിൽ യുവാവിന്റെ മുഖം കാണിച്ച് അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചിലർ കുറിച്ചു. ലക്ഷക്കണക്കിനു പേരാണ് കോഹ്‌ലിയുടെ ട്വിറ്റർ–ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ കണ്ടത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുമായി അനുഷ്ക ശർമ സഹകരിക്കുന്നുണ്ട്.