Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ നിന്നു പുണെയിലേക്ക് 25 മിനിറ്റിൽ; കരാർ മോദിയുടെ സാന്നിധ്യത്തിൽ അടുത്ത വർഷം

Hyperloop-One മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റിൽ(ട്വിറ്റർ ചിത്രം)

മുംബൈ∙ നാലു മണിക്കൂർ യാത്രാസമയം വെറും 25 മിനുറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാർ. മുംബൈ–പുണെ റൂട്ടിലാണ് അതിവേഗ ഗതാഗത പാതയ്ക്കു സർക്കാർ ശ്രമം ആരംഭിച്ചത്. യുഎസ് ആസ്ഥാനമായുള്ള വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. അത്യാധുനിക കാലത്തെ ട്രെയിൻ പ്രോജക്ട് എന്നു വിശേഷിപ്പിക്കുന്ന ഹൈപർലൂപ് സാങ്കേതിതകതയാണു കമ്പനി മുംബൈ–പുണെ റൂട്ടിൽ പരീക്ഷിക്കുക. 

ഏകദേശം 150 കിലോമീറ്ററാണ് ഇരുപ്രദേശങ്ങളും തമ്മിലുള്ള ദൂരം. ഈ ദൂരം 25 മിനിറ്റു കൊണ്ട് ഓടിയെത്താമെന്നതാണു ഹൈപർലൂപ് ട്രെയിന്റെ ഗുണം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രാഥമിക പഠനം കമ്പനി അടുത്തിടെ നടത്തിയിരുന്നു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിലവിൽ യുഎസ് സന്ദർശിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുമായി ചർച്ച നടത്തി. സിഇഒ റോബ് ലോയ്ഡുമായിട്ടായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റും സന്ദർശിച്ചു. 

Hyperloop One Maharashtra വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റിൽ ദേവേന്ദ്ര ഫഡ്നാവിസ്(ട്വിറ്റർ ചിത്രം)

ഫഡ്നാവിസ് മടങ്ങിയെത്തുന്നതിനു പിന്നാലെ കമ്പനിയുടെ എൻജിനീയർമാരും പുണെയിലെത്തും. പ്രോജക്ടുമായി ബന്ധപ്പെട്ട പഠനമാണു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ പ്രോജക്ട് നടപ്പാക്കാൻ 15 കിലോമീറ്റർ പ്രദേശവും ഒരുക്കിയിട്ടുണ്ട്. പുണെ മെട്രോപൊളിറ്റൻ‍ റീജ്യനല്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് സ്ഥലം കണ്ടെത്തി അനുവദിച്ചത്. പദ്ധതിക്കാവശ്യമായി 70 ശതമാനം അസംസ്കൃത വസ്തുക്കളും മഹാരാഷ്ട്രയിൽ നിന്നു തന്നെ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ‘മാഗ്നറ്റിക് മഹാരാഷ്ട്ര’യിലായിരിക്കും ഇതു സംബന്ധിച്ച കരാർ ഒപ്പിടുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും കരാർ ഒപ്പിടുകയെന്നും വിർജിൻ ഹൈപർലൂപ് വൺ ചെയർമാൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. 2024ഓടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.