Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റം: ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഒ‌ാഫിസ് പൂഴ്ത്തി ‌

sriram-venkitaraman-ias

കൊച്ചി ∙ മൂന്നാർ കയ്യേറ്റങ്ങളെക്കുറിച്ചു ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ പൂഴ്ത്തി. സബ് കലക്ടറുടെ ഓഫിസിൽ നിന്നു ഫയൽ അപ്പാടെ ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച ഫയൽ ഒരുവർഷത്തിലേറെയായി തീരുമാനമെടുക്കാതെ വച്ചിരിക്കുകയാണ്. ദേവികുളം സബ് കലക്ടർ ഓഫിസിൽ നിന്ന് ഇൗ ഫയൽ പൂർണമായും ഇല്ലാതായതോടെ വിവാദമായ മൂന്നാർ കയ്യേറ്റങ്ങളിൽ തുടർനടപടി സാധ്യമല്ലാതായി.

ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ, കയ്യേറ്റം സംബന്ധിച്ചു സബ് കലക്ടർ തയാറാക്കിയ റിപ്പോർട്ടും അനുബന്ധ ഫയലും സബ് കലക്ടർ ഓഫിസിൽ ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ടു റവന്യു വകുപ്പിൽ നൽകിയ അപേക്ഷയിൽ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും അന്തിമ തീരുമാനമെടുത്തു തിരികെ ലഭിച്ചാൽ മാത്രമേ പകർപ്പു നൽകാൻ കഴിയു എന്നും മറുപടി ലഭിച്ചു.

സർക്കാരിന്റെ ഏതു ഫയൽ ആയാലും അതു തയാറാക്കിയ ഓഫിസിൽ അതിന്റെ പകർപ്പെങ്കിലും സൂക്ഷിക്കണമെന്നാണു ചട്ടം. റിപ്പോർട്ടിന്റെ പ്രാധാന്യം കണക്കിലെടുത്തു ഫയൽ അപ്പാടെ ചോദിച്ചുവാങ്ങിയെങ്കിൽ അക്കാര്യം അപേക്ഷകനെ അറിയിക്കണം. അങ്ങനെ മറുപടിയില്ലാത്തതിനാൽ ഫയൽ നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത.

വൻകിടക്കാരുടേത് ഉൾപ്പെടെ മൂന്നാർ കയ്യേറ്റങ്ങളുടെ വിശദമായ പട്ടികയും അത് ഒഴിപ്പിക്കാനെടുത്ത നടപടികളുമാണു രണ്ടുഘട്ടമായി അന്നത്തെ സബ് കലക്ടർ‌ ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം. സബ് കലക്ടറുടെ റിപ്പോർട്ട് തള്ളിക്കളയണമെന്നു സിപിഎമ്മും റിപ്പോർട്ടിൽ നടപടി വേണമെന്നു സിപിഐയും നിലപാടെടുത്തതോടെ, രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട റിപ്പോർട്ട് പിന്നീടു ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റത്തിൽ കലാശിച്ചു.

സബ് കലക്ടറുടെ റിപ്പോർട്ട് റവന്യു മന്ത്രിയുടെ ഓഫിസിൽ ലഭിച്ച തീയതി, ഫയൽ നമ്പർ, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന എ.വി. ജോർജ് ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങളെക്കുറിച്ചു നൽകിയ റിപ്പോർട്ട് ലഭിച്ച തീയതി, ഫയൽ നമ്പർ എന്നിവ ആവശ്യപ്പെട്ട് 2017 ഒക്ടോബർ 13 നു നൽകിയ അപേക്ഷയിൽ 30 ദിവസത്തിനു ശേഷം നൽകിയ മറുപടിയിലാണു റവന്യു വകുപ്പ് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നു മറുപടി നൽകിയത്.

എ.വി. ജോർജിന്റെ റിപ്പോർട്ട് റവന്യു വകുപ്പിനു ലഭിച്ചിട്ടില്ലെന്നും മറുപടി നൽകി. ഇതേത്തുടർന്നു ഫയൽ തയാറാക്കിയ ദേവികുളം സബ് കലക്ടർ ഓഫിസിൽ 2018 മേയ് 10 ന് അപേക്ഷ നൽകി. സബ് കലക്ടറുടെ അധികാരപരിധിയിൽ വരുന്ന സർക്കാർ ഭൂമിയിലെ കയ്യേറ്റം, കുടിയേറ്റം, അനധികൃത നിർമാണം എന്നിവ സംബന്ധിച്ചു സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനു നൽകിയ റിപ്പോർട്ട്, റിപ്പോർട്ട് അടങ്ങുന്ന ഫയലിന്റെ നോട്ട്ഫയൽ, വിവരാവകാശ അപേക്ഷയുടെ തീയതിവരെ ഫയലിൽ ലഭിച്ച കത്തിടപാടുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയാണു വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടത്. അപേക്ഷയിൽ പറയുന്ന ഫയൽ, റിപ്പോർട്ട് എന്നിവ ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ കാണുന്നില്ലെന്നായിരുന്നു മറുപടി.

related stories