Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുച്ചേരി വാഹന റജിസ്ട്രേഷൻ: സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു

Suresh-Gopi--Amala-Paul സുരേഷ് ഗോപി, അമല പോൾ

തിരുവനന്തപുരം∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമല പോൾ എന്നിവർക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു. കേസിൽ ഇരുവർക്കുമെതിരെ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തെങ്കിലും പിഴയടച്ച നടൻ ഫഹദ് ഫാസിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതിൽ സർക്കാർ തീരുമാനമെടുക്കും. 

Read: Cops tighten the noose on Suresh Gopi, Amala Paul in tax evasion case

റജിസ്ട്രേഷനു വേണ്ടി സുരേഷ് ഗോപിയും അമല പോളും നൽകിയ തെളിവുകള്‍ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവരും പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തത് നികുതി വെട്ടിക്കാനാണെന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് എന്നിവ ചുമത്തി കുറ്റപത്രത്തിനു ക്രൈംബ്രാഞ്ച് നീക്കം. നികുതി വെട്ടിപ്പിനു കൂട്ടു നിന്ന ഒൻപതു ഷോറൂം ഏജൻസികൾക്കെതിരെയും കുറ്റപത്രം സമർപ്പിക്കും. പിഴയടയ്ക്കാൻ സമയം നൽകിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരി റജിസ്ട്രേഷൻ വാഹന ഉടമകൾക്കു നേരെയും നടപടി ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി. 

നേരത്തേ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആൾജാമ്യത്തിലുമായിരുന്നു വിട്ടയച്ചത്. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണg സുരേഷ് ഗോപിക്കെതിരായ കേസ്. പുതുച്ചേരിയില്‍ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേല്‍വിലാസത്തിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മൊഴി. എന്നാൽ ഇതു തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു.

കേസിൽ നടി അമല പോളിനെയും ക്രൈംബ്രാഞ്ച് സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബരകാർ കേരളത്തിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടുക്കേണ്ടിയിരുന്ന വൻതുകയുടെ നികുതി ഒഴിവാക്കാൻ, പുതുച്ചേരിയില്‍ റജിസ്റ്റർ ചെയ്യുകയായിരുന്നു അമലയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നും കണ്ടെത്തി. സിനിമാ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി. 

എന്നാല്‍ അമല പറയുന്ന വീട്ടില്‍ നേരത്തേ തന്നെ ക്രൈംബ്രാഞ്ചെത്തി പരിശോധിച്ചിരുന്നു. പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്മെന്റാണത്. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. മൊഴി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അമല ഹാജരാക്കിയിട്ടുമില്ല. അതിനാല്‍ അമല പോളിന്റെ മൊഴി കളവെന്ന് അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു.

നികുതിവെട്ടിപ്പു നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ അടച്ച് കേരള റജിസ്ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് നല്‍കിയിരുന്നു. അത് അനുസരിക്കാത്തവര്‍ക്കെതിരെയാണ് നടപടിക്കു നീങ്ങുന്നത്. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു 17.68 ലക്ഷം രൂപ നടൻ ഫഹദ് നികുതി അടച്ചിരുന്നു.

related stories