Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്യൻ ബന്ധം ശക്തമാക്കാന്‍ സുഷമാ സ്വരാജ്; കൗതുകങ്ങളേറെ ഈ യാത്രയിൽ

Sushma-Swaraj സുഷമാ സ്വരാജ് ചതുർരാഷ്ട്ര സന്ദർശനത്തിനു യാത്ര തിരിക്കുന്നു. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പര്യടനത്തിനു തുടക്കമായി. ഇറ്റലി, ഫ്രാൻസ്, ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളിലാണു സുഷമാ സ്വരാജ് സന്ദർശനം നടത്തുക. ജൂൺ 23 വരെയാണു പര്യടനം.

യൂറോപ്യൻ യൂണിയനുമായി തന്ത്രപ്രധാന വിഷയങ്ങളിൽ ബന്ധം തുടരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണു യാത്ര. രാജ്യാന്തര–പ്രാദേശിക വിഷയങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളോടൊത്തുള്ള ഉഭയകക്ഷി ചർച്ചയ്ക്കും സുഷമ പ്രാധാന്യം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറ്റലിയാണ് ആദ്യം സന്ദർശിക്കുക. പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച.

ജൂൺ 18നും 19നുമാണു ഫ്രാൻസ് സന്ദർശനം. ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായി പാരിസിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ–ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേള കൂടിയാണിത്.

ജൂൺ 19, 20 തിയ്യതികളിലാണ് ലക്സംബർഗ് സന്ദർശനം. ഇന്ത്യയിൽ നിന്നു ചരിത്രത്തിലാദ്യമായാണ് ഒരു വിദേശകാര്യമന്ത്രി ലക്സംബർഗ് സന്ദര്‍ശിക്കുന്നത്. ഇവിടത്തെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

ജൂൺ 20, 23 തീയതികളിലാണു ബെൽജിയം സന്ദർശനം. യൂറോപ്യൻ കമ്മിഷന്റെയും യൂറോപ്യൻ പാർലമെന്റിന്റെയും അധ്യക്ഷന്മാരുമായുംസുഷമ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന കാലാവസ്ഥാ ഉന്നതതല യോഗത്തിലും സുഷമ മുഖ്യപ്രഭാഷണം നിർവഹിക്കും. യൂറോപ്യൻ പാർലമെന്റിൽ രാജ്യാന്തര യോഗാദിന ആഘോഷങ്ങൾക്കും കേന്ദ്രമന്ത്രി നേതൃത്വം നൽകും.