Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി; ഏഴു പേർക്കു പരുക്ക്

russia-accident മോസ്കോയിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. ആംബുലൻസിനു സമീപത്ത് അപകടമുണ്ടാക്കിയ കാറും കാണാം.

മോസ്കോ∙ മോസ്കോ റെഡ് സ്ക്വയറിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്സി കാർ പാഞ്ഞുകയറി ഏഴുപേർക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തിൽ ശനിയാഴ്ച വൈകീട്ട് നഗരത്തിൽ വൻതിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം.

കിർഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിങ് ലൈസൻസാണ് പൊലീസിന് കാര്‍ ഡ്രൈവറുടെ പക്കൽ നിന്നു ലഭിച്ചത്. ദൃശ്യങ്ങൾ പ്രകാരം സംഭവം ബോധപൂർവം നടന്നതല്ലെന്നാണ് പൊലീസ് ഭാഷ്യം. വാഹനത്തിന്റെ ഡ്രൈവർക്കു കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൻ ട്വിറ്ററില്‍ അറിയിച്ചു. ഉറക്കക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്നു കാർ ഡ്രൈവർ പൊലീസിനോടു പറഞ്ഞു. 

പരുക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. യുക്രെയ്ൻ, അസർബൈജാൻ‌, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവരാണു മറ്റുള്ളവർ. മഞ്ഞ നിറമുള്ള ഹ്യുണ്ടായ് ടാക്സി കാർ കാൽ‌നട യാത്രക്കാരെ ഇടിച്ചശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ടുപോയി. ഞായറാഴ്ച മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ മെക്സികോ– ജർമനി മല്‍സരം നടക്കാനിരിക്കുകയാണ്.