Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതി ആയോഗ് യോഗം മോദിക്ക് പരീക്ഷണമാകും; ഇന്ന് എഎപി പ്രകടനം, പ്രതിരോധിച്ച് ബിജെപി

AAP-Delhi-Protest ലഫ്.ഗവർണർക്കെതിരെ എഎപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ സിപിഎം നേതാവ് വൃന്ദാ കാരാട്ട്, ഡൽഹി സ്പീക്കർ റാം നിവാസ് ഗോയല്‍ തുടങ്ങിയവർ.

ന്യൂഡൽഹി∙ ഡൽഹി ചീഫ് സെക്രട്ടറിക്കു നേരെ അക്രമമുണ്ടായപ്പോൾ നാലു മുഖ്യമന്ത്രിമാർ എവിടെയായിരുന്നെന്ന ചോദ്യവുമായി ബിജെപി. ലഫ്.ഗവർണറുടെ ഓഫിസിൽ സമരം തുടരുന്ന അരവിന്ദ് കേജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രംഗത്തെത്തിയ സാഹചര്യത്തിലാണു ബിജെപിയുടെ ചോദ്യം.

ശനിയാഴ്ച രാത്രിയാണു പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. നാലു പേർക്കും ഗവർണറുടെ ഓഫിസിലേക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഇത്. 

എന്നാൽ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനു നേരെ കേജ്‌രിവാളിന്റെ സാന്നിധ്യത്തിൽ മന്ത്രിമാരുടെ ആക്രമണമുണ്ടായപ്പോൾ ഈ മുഖ്യമന്ത്രിമാരെല്ലാം എവിടെയായിരുന്നുവെന്ന വിമർശനം ഉയർത്തിയത് മുതിർന്ന ബിജെപി നേതാവ് വിജയ് ഗോയലാണ്.

മുഖ്യമന്ത്രിമാരെല്ലാം  നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനാണു തലസ്ഥാനത്തെത്തിയത്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. ഇത് അവർക്കു ചേരുന്ന പ്രവൃത്തിയായില്ല– ഗോയല്‍ വിമർശിച്ചു. കേജ്‌രിവാളിന് മുഖ്യമന്ത്രിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചതു പോലെ അൻഷു പ്രകാശിന് ഈ നാലു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ എങ്ങനെയുണ്ടാകുമെന്നും ഗോയൽ ചോദിച്ചു. 

നിലവിലെ സാഹചര്യത്തിൽ ഇന്നു ചേരാനിരിക്കുന്ന നിതി ആയോഗ് യോഗം കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായിട്ടായിരിക്കും എൻഡിഎ അംഗങ്ങളല്ലാത്ത പാർട്ടികൾ സ്വീകരിക്കുകയെന്നാണു സൂചന. ഇതു സംബന്ധിച്ചു പിണറായിയും മമതയും നായിഡുവും കുമാരസ്വാമിയും ശനിയാഴ്ച രാത്രി ആന്ധ്ര ഭവനിൽ ചർച്ച നടത്തിയിരുന്നു. കേജ്‌രിവാളുമായും നിതി ആയോഗ് യോഗം സംബന്ധിച്ച ചർച്ചകൾക്കായാണു ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചത്. ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം തങ്ങൾ യോഗത്തിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഡൽഹി സർക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രം അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നാരോപിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രതിഷേധ പ്രകടനം നടത്തും. കേജ്‌രിവാളിനും ഒപ്പം സമരം നടത്തുന്ന മൂന്നു മന്ത്രിമാർക്കും പിന്തുണ പ്രഖ്യാപിച്ചുള്ള പ്രകടനം വൈകിട്ട് നാലിന് ആരംഭിക്കും.

related stories