Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുദേഷ്കുമാറിന്റെ മകളെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് ക്രൈംബ്രാഞ്ച് ഉന്നതർക്കു നിർദേശം

Gavaskar-and-Sudhesh-Kumar

തിരുവനന്തപുരം∙ എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസ് ലോക്കൽ പൊലീസിൽനിന്നു ക്രൈംബ്രാഞ്ചിനു വിട്ടത് ഏറെ തിരക്കിട്ട്. അതിനു പിന്നിൽ ഗൂഢ ലക്ഷ്യമെന്നും ആരോപണം. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യരുതെന്നും ക്രൈംബ്രാഞ്ച് ഉന്നതർക്കു നിർദേശമുണ്ട്.  

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാറിനെക്കാൾ മൂന്നു വർഷം ജൂനിയറാണ് 1990 ബാച്ച് ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. അതിനാൽ മേലുദ്യോഗസ്ഥന്റെ മകൾക്കെതിരെ കീഴുദ്യോഗസ്ഥന്റെ നേതൃത്വത്തിലെ അന്വേഷണം പ്രഹസനമാകുമെന്നു പൊലീസുകാരിൽ തന്നെ ഏറെ പേർ സംശയിക്കുന്നു.

പ്രഭാത സവാരിക്കു 14നു രാവിലെ പോയി മടങ്ങുമ്പോൾ എഡിജിപിയുടെ മകളും ഭാര്യയും ചേർന്നു ഗവാസ്കറെ മർദിച്ചെന്നാണ് ആക്ഷേപം. സംഭവം പുറത്തായപ്പോൾ മുതൽ കേസ് അട്ടിമറിക്കാൻ ഉന്നത ഐപിഎസുകാർ രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ഒരുദ്യോഗസ്ഥന്റെ വീട്ടിൽ കാവൽ നിൽക്കുന്ന പൊലീസുകാരാണ് ആദ്യം ഒത്തുതീർപ്പിനെത്തിയത്. ഗവാസ്കറും ബന്ധുക്കളും പരാതിയിൽ ഉറച്ചതോടെ അവർ പിൻമാറി. 

പിന്നീടു ഗവാസ്കർക്കെതിരെ വ്യാജ പരാതിയിൽ കേസ് എടുക്കാൻ മ്യൂസിയം പൊലീസിനു മേൽ സമ്മർദമായി. അതോടെ രാവിലെ 11നു ലഭിച്ച ഗവാസ്കറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് എടുത്തതു രാത്രി പത്തിനു ശേഷം. എന്നാൽ എഡിജിപിയുടെ മകൾ‌ അതിനു ശേഷം നൽകിയ പരാതിയിൽ രാത്രി ഏഴരയോടെ കേസെടുത്തു. ആദ്യ കേസ് മകളുടെ പരാതിയിൽ എന്നു വരുത്താനായിരുന്നു ഇത്. എന്നാൽ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു എഡിജിപിയുടെ മകൾക്കെതിരെ കേസ് എടുത്തത്. അതോടെ അറസ്റ്റ് അനിവാര്യമായി. 

അതിനിടെയാണു രാത്രി തന്നെ കേസ് ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കു കൈമാറിയത്. അന്വേഷണം തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലല്ല മുന്നേറുന്നതെന്നു വ്യക്തമായതോടെ തൊട്ടടുത്ത ദിവസം കേസ് ക്രൈംബാ‍ഞ്ചിനു കൈമാറിയെന്ന പ്രഖ്യാപനം വന്നു.  

ക്രൈംബ്രാഞ്ച് പുതിയ കേസ് റജിസ്റ്റർ ചെയ്താണ് അന്വേഷണം തുടങ്ങുക. പരാതിക്കാരന്റെയും പ്രതിയുടെയും സാക്ഷികളുടെയും മൊഴിയെല്ലാം രേഖപ്പെടുത്തി ‘ശാസ്ത്രീയ’ തെളിവെടുപ്പും പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിക്കുന്നതിനു മുൻപാകും അറസ്റ്റ്. അതിനു മാസങ്ങൾ വേണ്ടിവരും. അതുവരെ ചാടിക്കയറി അറസ്റ്റ് പാടില്ലെന്ന നിർദേശമാണു പൊലീസ് ആസ്ഥാനത്തുനിന്നു ക്രൈംബ്രാഞ്ച് ഉന്നതനു ലഭിച്ചിരിക്കുന്നത്.

പ്രത്യേക സംഘം ആയില്ല

ഗവാസ്കറെ മർദിച്ച കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘമായില്ല. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയ ഉത്തരവ് ഇന്നലെ വൈകിട്ടാണു ലഭിച്ചതെന്നും തുടർ നടപടി ആയിട്ടില്ലെന്നും എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.

ക്രൈംബ്രാഞ്ചിൽ 1400 കേസുകൾ

പത്തു വർഷം മുതൽ 32 വർഷം വരെ പഴക്കമുള്ള 110 കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. വർഷങ്ങൾ പഴക്കമുള്ള 65 കൊലപാതകക്കേസുകൾ ഇനിയും തെളിഞ്ഞിട്ടില്ല. ആകെ 1400 കേസുകളുടെ അന്വേഷണം തുടരുന്നു. അടുത്തിടെ വിവാദമായ വരാപ്പുഴ കസ്റ്റഡി കൊലക്കേസ്, കെവിന്റെ ദുരഭിമാന കൊലക്കേസ്, എടപ്പാൾ തിയറ്റർ പീഡന കേസ് എന്നിവയിലൊന്നും ഉന്നതരെ അറസ്റ്റ് ചെയ്തുള്ള ക്രൈംബ്രാഞ്ച് മികവ് ആരും ഇതുവരെ കണ്ടില്ല.