Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ ‘ചെങ്ങന്നൂർ മോഡൽ’ പ്രവർത്തനം പഠിക്കാൻ ബിജെപി

cpm-bjp-logo

ആലപ്പുഴ ∙ സിപിഎമ്മിനെ വിജയത്തിലെത്തിച്ച ‘ചെങ്ങന്നൂർ മോഡലി’നെക്കുറിച്ചു വിശദമായ പഠനം നടത്താൻ ബിജെപി തീരുമാനം. തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം വിലയിരുത്താൻ ചെങ്ങന്നൂരിൽ ചേർന്ന നിയോജക മണ്ഡലംതല അവലോകന യോഗത്തിലാണു സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ ആവശ്യം ഉന്നയിച്ചത്.

സിപിഎം നടത്തിയ താഴേത്തട്ടിലെ‘നിലമൊരുക്കൽ’ ആർഎസ്എസിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ബിജെപിയും നടത്തിയെങ്കിലും സംസ്ഥാന നേതാക്കൾക്കുൾപ്പെടെ പ്രാദേശിക ചുമതല നൽകി സിപിഎം നടത്തിയതുപോലെ മാസ്റ്റർപ്ലാൻ ബിജെപിക്കുണ്ടായില്ലെന്നു വിമർശനവുമുണ്ട‍ായി. സിപിഎമ്മിന്റെ ചെങ്ങന്നൂർ മോഡൽ കൃത്യമായി പഠിച്ച് എതിർപ്രവർത്തനം നടത്തിയില്ലെങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നു പ്രവർത്തകർ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിലെ ചിലർ പാർട്ടി തോൽക്കണമെന്ന നിലപാടിലായിരുന്നെന്ന വിമർശനമുണ്ടായി. മണ്ഡലത്തിലെ ചില പ്രവർത്തകർ പകൽ ബിജെപിക്കും രാത്രി സിപിഎമ്മിനും വേണ്ടി പണിയെടുത്തെന്ന വിമർശനവുമുയർന്നു. സിപിഎം വൻതോതിൽ സാമ്പത്തിക സഹായങ്ങൾ നൽകിയും ന്യൂനപക്ഷങ്ങൾക്കു വാഗ്ദാനങ്ങൾ നൽകിയും വോട്ടർമാരെ കയ്യിലെടുത്തു. കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടായിട്ടും ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാൻ വേണ്ട നീക്കങ്ങൾ നേതൃത്വം നടത്തിയില്ല.

പ്രധാന നേതാക്കൾ അതിഥികളെപ്പോലെ മണ്ഡലത്തിൽ വന്നുപോയതല്ലാതെ വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ടു സ്വാധീനിക്കാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു മുൻപുള്ള വിലയിരുത്തലിൽ മുന്നിൽ നിന്ന പല ബൂത്തുകളിലും വലിയ തിരിച്ചടി നേരിട്ടു. ചില ബൂത്തുകൾ അപ്രതീക്ഷിതമായി ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്തു.

ബിഡിജെഎസിനെ നിസ്സാരവൽക്കരിച്ച് എസ്എൻഡിപി യോഗത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്തതിന്റെ ഫലമാണ് പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നുപോലും വോട്ടുചോർച്ചയുണ്ടായത്. എങ്കിലും പ്രതികൂലസാഹചര്യത്തിലും 35,000 വോട്ട് നിലനിർത്താനായത് സ്ഥാനാർഥിയുടെ വ്യക്തിപരമായ സ്വാധീനംകൂടി കൊണ്ടാണെന്ന പരാമർശമുണ്ടായി. ബിഡിജെഎസ് സഹകരിക്കാത്തതിൽ അവരെ കുറ്റം പറയാൻ പാടില്ലെന്ന നിലപാടായിരുന്നു പി.എസ്.ശ്രീധരൻപിള്ളയ്ക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

∙ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

ഇന്നലെ മുതൽ ബിജെപി ചെങ്ങന്നൂരിൽ ബൂത്തുതല യോഗങ്ങൾ ചേരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബൂത്ത് തല യോഗങ്ങൾ പൂർത്തിയാക്കി അവലോകനം നടത്തണം. എൽഡിഎഫിന്റെ വിജയത്തിന്റെ കാരണങ്ങളും എൻഡിഎയുടെ പരാജയത്തിന്റെ കാരണങ്ങളും പ്രവർത്തകരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു മനസ്സിലാക്കുകയാണു ലക്ഷ്യം. 25 മുതൽ പഞ്ചായത്തുതല യോഗങ്ങൾ ആരംഭിക്കും. തുടർന്ന് ജൂലൈ ആദ്യവാരം നിയോജകമണ്ഡലംതല യോഗം വീണ്ടും നടക്കും. അതിൽ പഞ്ചായത്തുകൾ തിരിച്ചു വിശദമായ റിപ്പോർട്ട് അവതരിപ്പിക്കാനാണു നിർദേശം.