Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിയിൽ തിരിച്ചടി; ‘വീട്ടുസമരം’ തെരുവിലേക്ക് മാറ്റാന്‍ കേജ്‍രിവാളും ആം ആദ്മിയും

Manish-Sisodia--Arvind-Kejriwal--Satyendra-Jain അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ലഫ്. ഗവർണറുടെ ഓഫിസിൽ തുടരുന്ന സമരം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നടത്തുന്ന പ്രതിഷേധം തെരുവിലേക്കു മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രിയുടെ സമരത്തെ ‍ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണു പാര്‍ട്ടിയുടെ നിലപാടുമാറ്റം. ഒരു വ്യക്തിയുടെ വീടോ ഓഫിസോ കയ്യേറി സമരം ചെയ്യാനാകില്ലെന്ന കോടതി പരാമര്‍ശം പാര്‍ട്ടിക്കു തിരിച്ചടിയായി. അതേസമയം, ആറു ദിവസമായി നിരാഹാരം തുടരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പ്രതിഷേധത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെ ഇതേരീതിയില്‍ സമരം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി. കേജ്‍രിവാളിന്റെ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഇത്തരത്തില്‍ സമരം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പുറമേ, നിരാഹാരമിരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആരോഗ്യനില‌ മോശമായതും നിലപാടു മാറ്റത്തിനു കാരണമായി. എന്നാല്‍ അന്തിമതീരുമാനം കേജ്‍രിവാളിന്‍റേതാകും. നിരാഹാരസമരം അവസാനിപ്പിക്കണമെന്നാണു പൊതുവികാരം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം പിന്‍വലിച്ചാല്‍ പ്രശ്നം തീരും, പക്ഷേ ഇതിന് ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യം മതിയാക്കണമെന്നാണ് എഎപിയുടെ നിലപാട്.

സമരത്തില്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെയും പാര്‍ട്ടി വിമര്‍ശിച്ചു. സമരകാര്യങ്ങള്‍ വിശദീകരിച്ച് നാളെ മുതല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വീടുവീടാന്തരം പ്രചാരണം ആരംഭിക്കും. സമരത്തിനനുകൂലമായി ശേഖരിച്ച പത്തു ലക്ഷം ഒപ്പുകളുമായി നാളെ വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചു.