Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ക്ലാസുകാരന്റെ കൊലപാതകം: അയൽവാസിക്കു ജീവപര്യന്തം കഠിന തടവ്

Kaergode-Murder ശിക്ഷിക്കപ്പെട്ട വിജയകുമാർ, കൊല്ലപ്പെട്ട മുഹമ്മദ് ഫഹദ്.

കാസർകോട്∙ സഹോദരിക്കൊപ്പം സ്കൂളിലേക്കു പോയ മൂന്നാം ക്ലാസ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി യുവാവിനു ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസിൽ തെങ്ങുകയറ്റ തൊഴിലാളി ഇരിയ കണ്ണോത്ത് വിജയകുമാറിനാണു (31) കാസർകോട് അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ശിക്ഷ വിധിച്ചത്.

പിഴത്തുക കുട്ടിയുടെ പിതാവിനു നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കുട്ടിയെ തടഞ്ഞു നിർത്തി കൊലപ്പെടുത്തിയെന്നതിന് ഒരു മാസം വെറും തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ കണ്ണോത്ത് സ്വദേശി അബ്ബാസിന്റെയും ആയിഷയുടെയും മകനാണു മുഹമ്മദ് ഫഹദ്. 2015 ജൂലൈ ഒൻപതിനു രാവിലെ കല്യോട്ടിനു സമീപം ചന്തൻമുള്ളിലായിരുന്നു കൊലപാതകം.

സഹോദരിയുടെ മുന്നിൽവച്ച് കാലിനു സ്വാധീനമില്ലാത്ത ഫഹദിനെ വാക്കത്തി കൊണ്ടു കഴുത്തിനും പുറത്തുമായി തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയെന്നതിനു ബേക്കൽ പൊലീസ് ചാർജ് ചെയ്തതാണു കേസ്. ട്രെയിൻ അട്ടിമറിക്കാൻ ബോംബു വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നൽകിയെന്ന കേസിൽ വിജയൻ അറസ്റ്റിലായതുൾപ്പെടെയുള്ളതിനു ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വിരോധമായിരുന്നു കൊലപാതകത്തിനു പ്രേരണയായത്.

തനിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും വിധി പറയുന്നതു മാറ്റിവയ്ക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു. വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതി പുറത്തു വരുന്നതു സമൂഹത്തിനു തന്നെ മാരകമാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നത് അഭിനയമാണെന്നും അതിനാൽ വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

related stories