Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണലി പുഴയിൽ ഫിനോൾ കലർന്നെന്നു സംശയം; പമ്പിങ്ങിന് നിയന്ത്രണം

Kuthiran-Phenol-Accident കുതിരാനിൽ ഫിനോൾ ടാങ്കർ മറിഞ്ഞുണ്ടായ അപകടം (ഫയൽ ചിത്രം)

തൃശൂർ∙ കുതിരാനിൽ ലോറി മറിഞ്ഞു ഫിനോൾ ഒഴുകി മണലി പുഴയിൽ എത്തിയെന്നു സംശയം. പുഴയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനു നിയന്ത്രണം ഏർപ്പെടുത്തി. മേയ് 30നുണ്ടായ അപകടത്തിൽ ഫിനോൾ നിറച്ച ടാങ്കർ ദേശീയപാതയിൽ ഭൂഗർഭപാതയുടെ തൃശൂർ ഭാഗത്തെ കവാടത്തിനരികിൽ മറിയുകയായിരുന്നു. എതിരെ വന്ന ട്രെയ്‌ലർ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം. കുടിവെള്ളത്തിലും വായുവിലും കലർന്നാൽ ജീവഹാനിയടക്കമുള്ള ദുരന്തങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പെട്രോളിയം ഉൽപന്നമാണു ഫിനോൾ.

കൊച്ചി ഹിന്ദുസ്ഥാൻ ഓർഗാനിക് ആൻഡ് കെമിക്കൽസിൽനിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ടാങ്കറിൽ അഞ്ചു ക്യാബിനുകളിലായി 20,000 ലീറ്റർ ഫിനോളാണുണ്ടായിരുന്നത്. ഇതിൽ 5000 ലീറ്റർ ചോർന്നുവെന്നാണു കരുതുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനകം എത്തിയ അഗ്നിശമനസേന വലിയ കുഴിയെടുത്തു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ഫിനോൾ അതിലേക്കു തിരിച്ചുവിടുകയും നീർച്ചാലിലേക്കുള്ള ഒഴുക്കു തടയുകയും ചെയ്തു. വെളുപ്പിനു കനത്ത മഴ പെയ്തതോടെ ഇതു തൊട്ടടുത്ത വെള്ളച്ചാലിൽനിന്ന് ഒലിച്ചിറങ്ങി.

അഞ്ചു കിലോമീറ്റർ അകലെയുള്ള തോട്ടിൽ രാസവസ്തുവിന്റെ ഗന്ധമുണ്ടായിരുന്നു. ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു. മൂന്നു വാർഡുകളിൽ കിണർ വെള്ളം കുടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി. ഇതിനു പിന്നാലെയാണിപ്പോൾ പുഴയിലെ പമ്പിങ് നിർത്തിയത്. 25 വർഷം മുൻപ് ഇതിനടുത്തു ഫിനോൾ ടാങ്കർ മറിഞ്ഞു പീച്ചി ഡാമിൽ 25 ടൺ മത്സ്യം ചാവുകയും രണ്ടു മാസം കുടിവെള്ള പമ്പിങ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.