Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൽ മെട്രോകാർഡുമായി ഡിസംബർ മുതൽ ബസ് യാത്രയും

bus-sketch

ചെന്നൈ ∙ മെട്രോ സ്മാർട് കാർഡും എംടിസി ടിക്കറ്റിങ് മെഷീനും ഏകോപിപ്പിക്കുന്ന പദ്ധതി അവസാന ഘട്ടത്തിൽ. ഡിസംബറോടെ ഇതു നിലവിൽ വരുമെന്നു സിഎംആർഎൽ അധികൃതർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മെട്രോ കാർഡ് ഉപയോഗിച്ച് എംടിസി ബസുകളിലും യാത്ര ചെയ്യാം. നിലവിൽ തമിഴ്നാട് സർക്കാർ ബസുകളിൽ ഉപയോഗത്തിലുള്ള ഡിജിറ്റൽ ടിക്കറ്റിങ് മെഷീനിൽ സ്മാർട് പെയ്മെന്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഈ മെഷീനുകൾ മെട്രോ കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പരിഷ്കരിക്കുമെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ പങ്കജ് കുമാർ ബൻസാൽ പറഞ്ഞു.

കഴിഞ്ഞ നവംബർ മുതൽ എംടിസി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ കാർഡുകൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. മെട്രോയിൽ ഉപയോഗത്തിലുള്ള സ്മാർട് കാർഡുകളിലെ മാഗ്നറ്റിക് സ്ട്രിപ്പിൽ സ്റ്റേഷൻ കോഡ്, റീചാർജ് ചെയ്യപ്പെട്ട തുക എന്നീ വിവരങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കലക്​ഷൻ ഗേറ്റിലെ (എഎഫ്സി) സെൻസറിൽ കാർഡ് വയ്ക്കുന്നതോടെ ടിക്കറ്റ് തുക ഓട്ടോമാറ്റിക്കായി കാർഡിൽനിന്ന് ഈടാക്കും. ഇതേ രീതിയിൽ എംടിസി ബസ് സ്റ്റേഷനുകളുടെയും സ്റ്റോപ്പുകളുടെയും വിവരങ്ങൾ ശേഖരിച്ചാവും കാർഡ് പ്രവർത്തിക്കുക.

മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് ചാർജുകളും കാർഡ് ഉപയോഗിച്ച് അടയ്ക്കാൻ സംവിധാനം ഒരുക്കും. ഘട്ടം ഘട്ടമായി ദീർഘദൂര സർവീസകൾ ഉൾപ്പെടെ സംസ്ഥാന ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാത്തരം സർവീസുകളിലും മെട്രോ സ്മാർട് കാർഡ് ഉപയോഗിക്കാൻ സംവിധാനമൊരുക്കും. ഏകീകൃത ടിക്കറ്റിങ് സംവിധാനം സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി പി.സി.ദാവീദാർ പറഞ്ഞു.മെട്രോ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുക, യാത്രക്കാർക്കു മികച്ച തുടർ യാത്രാ സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എംടിസി–മെട്രോ ടിക്കറ്റിങ് സംവിധാനം ഏകോപിപ്പിക്കാൻ സിഎംആർഎൽ മുന്നോട്ടുവന്നത്.

മെട്രോ യാത്രക്കാരിൽ 83 ശതമാനം വർധന

∙ പുതുതായി ആറു സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ 83 ശതമാനത്തിന്റെ വർധനയുണ്ടായതായി മെട്രോ അധികൃതർ. എയർപോർട്ട് മുതൽ സെൻട്രൽ വരെയുള്ള രണ്ടാം ഇടനാഴിയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 55,000 കടന്നതായും ഏതാനും മാസത്തിനുള്ളിൽ അത് എഴുപതിനായിരത്തോളം ആവുമെന്നാണു പ്രതീക്ഷയെന്നും മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചു.

തിരുമംഗലം, എയർപോർട്ട്, കോയമ്പേട്, വടപളനി, സിഎംബിടി, സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നാണ് ധാരാളം യാത്രക്കാരുള്ളത്. ദിവസേന 526 സർവീസുകളാണു നിലവിൽ മെട്രോ നടത്തുന്നത്. ഡിഎംഎസ് മുതൽ വാഷർമാൻപേട്ട് വരെയുള്ള പാത ഈ വർഷം അവസാനത്തോടെ തുറക്കുമെന്നും ഇതോടെ ഒന്നാം ഘട്ട മെട്രോ പൂർണമായും പ്രവർത്തന സജ്ജമാകുമെന്നും മെട്രോ ചീഫ് ജനറൽ മാനേജർ, (അണ്ടർഗ്രൗണ്ട്) അരവിന്ദ് കുമാർ റായ് പറഞ്ഞു.

മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ബൈക്ക്, കാർ

∙ പരിസ്ഥിതി സൗഹാർദ ഗതാഗത രീതിയുടെ ഭാഗമായി ചെന്നൈയിലെ തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ബൈക്കുകളും, കാറുകളും ഏർപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക പോർട്ടുകളും ഈ സ്റ്റേഷനുകളിൽ സ്ഥാപിക്കും. പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതു സംബന്ധിച്ച ടെൻഡർ ഉടൻ വിളിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു. നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഒന്നാംഘട്ട മെട്രോ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച മെട്രോ സംവിധാനമായി ചെന്നൈ മെട്രോ മാറുമെന്നും സിഎംആർഎൽ അധികൃതർ പ്രത്യാശിക്കുന്നു.