Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം തള്ളൽ, ശുചിമുറിയിൽ വെള്ളമെത്തിക്കൽ: പൊലീസുകാരുടെ പരാതികൾ വർധിക്കുന്നു

Kerala-Police

തിരുവനന്തപുരം∙ അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്നു വനിത ഐപിഎസ് ട്രെയിനിയുടെ അമ്മ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിനു സ്ഥലം മാറ്റിയെന്നു പൊലീസുകാരന്‍. തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് ആക്ഷേപം. അതേസമയം, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണു സ്ഥലംമാറ്റിയതെന്നു ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.

ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണു പൊലീസുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഉദ്യോഗസ്ഥയുടെ അമ്മ നിര്‍ദ്ദേശിച്ചു. യൂണിഫോമിട്ട പൊലീസുകാരന്‍ മാലിന്യം വഴിയില്‍ തള്ളിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നു പറഞ്ഞെങ്കിലും നിര്‍ദ്ദേശം കടുപ്പിച്ചു. കുളിക്കാനുള്ള ചൂടുവെള്ളം ശുചിമുറിയില്‍ എത്തിക്കേണ്ടതാണ് അടുത്ത പണി. ഇങ്ങനെ, ദാസ്യപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റിയെന്നു പൊലീസുകാരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ക്യാമറയ്ക്കു മുമ്പില്‍ കാണിക്കില്ലെന്ന ഉറപ്പിലാണ് മനോരമ ന്യൂസിനോട് പൊലീസുകാരന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസുകാരന്‍ ഗവാസ്ക്കര്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പൊലീസുകാരന്‍ പ്രതികരിച്ചത്. എന്നാല്‍, പൊലീസുകാരന്‍ ഡ്യൂട്ടിക്കു ഹാജരാകാത്തതിന്റെ പേരില്‍ അന്നുതന്നെ സ്റ്റേഷന്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റത്തിന്റെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥയോടു പകതീര്‍ക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.