Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു; ഇനി ഗവർണർ ഭരണം

mehbooba-mufti

ശ്രീനഗർ∙ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. പിഡിപിയുമായുള്ള സഖ്യത്തിൽനിന്നു പിൻമാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തീരുമാനം. സഖ്യസർക്കാരിൽനിന്നു ബിജെപിയുടെ പിൻമാറ്റത്തോടെ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു ഭൂരിപക്ഷം നഷ്ടമായിരുന്നു.

റമസാൻ മാസത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയതാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.

2014ലാണു ജമ്മു കശ്മീരിൽ പിഡിപി-ബിജെപി സഖ്യസർക്കാർ അധികാരത്തിലെത്തിയത്. പിഡിപി - 28, ബിജെപി - 25 മറ്റുള്ളവർ - 36 എന്നിങ്ങനെയാണു നിലവിൽ കക്ഷിനില. കേവലഭൂരിപക്ഷത്തിന് 44 സീറ്റ് ആണു വേണ്ടത്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനത്തു ഗവർണർ ഭരണത്തിനു വഴിയൊരുങ്ങി. പത്തുവർഷത്തിനിടെ നാലാംതവണയാണു കശ്മീരിൽ ഭരണം ഗവർണർ ഏറ്റെടുക്കേണ്ടിവരുന്നത്. 2008ൽ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രാജിവച്ചതിനെതുടർന്നു ഗവർണർ ഭരണമേറ്റെടുത്തിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭ വന്നപ്പോഴും 2016ൽ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തിനു പിന്നാലെയും ഗവർണർ ഭരണത്തിലായിരുന്നു കശ്മീർ.