Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃതമായി ഒപ്പം നിർത്തിയ പൊലീസുകാരെ മടക്കി അയയ്ക്കണമെന്ന് ഡിജിപി

Keraala-Police-Circular ഡിജിപിയുടെ സർക്കുലർ.

തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥരെ സഹായത്തിനായി ഒപ്പം നിർത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഡിജിപിയുടെ സർക്കുലർ. അനധികൃതമായി ഒപ്പം നിർത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെ മടക്കി അയയ്ക്കണമെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്. 24 മണിക്കൂറിനുള്ളിൽ മടക്കി അയയ്ക്കണമെന്ന നിർദേശം എസ്പി മുതലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസിൽ ഒരു പേഴ്സനൽ സ്റ്റാഫിനെ വയ്ക്കാൻ അനുവാദമുണ്ട്. എന്നാൽ അവരെ വീട്ടുപണിക്ക് ഉപയോഗിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സുരക്ഷാ ചുതലയാണ് ഇവർക്കുള്ളത്. ഡിവൈഎസ്പിക്കും (തത്തുല്യ റാങ്കിലുള്ള അസി.കമ്മിഷണർ ഉൾപ്പെയുള്ളവർക്കും) ഒരു പിസി/സിപിഒയെ ഒപ്പം നിർത്താം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളും സർക്കുലറിലുണ്ട്. സർക്കുലറിലെ കാര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. 

പൊലീസുകാരെക്കൊണ്ടു ദാസ്യപ്പണി ചെയ്യിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണ് അനധികൃതമായി ഒപ്പം നിർത്തിയ പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും മടക്കിവിടാൻ പൊലീസ് ആസ്ഥാനത്തു തിരക്കിട്ട നടപടി തുടങ്ങിയത്. ക്യാംപ് ഫോളോവർമാരെ അടിയന്തരമായി ബറ്റാലിയനുകളിലേക്കു മടക്കിവിളിക്കാൻ കമൻഡാന്റുമാർക്കും അവരെ മടക്കിവിടാൻ ഉന്നത ഉദ്യോഗസ്ഥർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തേ ഉത്തരവു നൽകിയിരുന്നു. 

ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതർ ഒപ്പം നിർത്തിയിട്ടുള്ള പൊലീസുകാരുടെ കണക്കെടുപ്പു തുടരുകയാണ്. അതിൽ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരായി നിയോഗിച്ചവരെ തിരിച്ചുവിളിക്കില്ല. എഡിജിപി അനന്തകൃഷ്ണന്റെ റിപ്പോർട്ട് ലഭിച്ചാൽ മറ്റു വശങ്ങൾകൂടി പരിശോധിച്ചു നടപടിയെടുക്കുമെന്നും ബെഹ്റ പറഞ്ഞു. എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ മര്‍ദിച്ചതായുള്ള പൊലീസ് ഡ്രൈവറുടെ പരാതിയെത്തുടർന്നാണ് ഇപ്പോൾ വകുപ്പുതലത്തിൽ തന്നെ നിർണായക നടപടികളുണ്ടായിരിക്കുന്നത്.