Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കാലവർഷം വീണ്ടും ശക്തം; ജൂൺ മുഴുവനും മഴ

വർഗീസ് സി. തോമസ്
Rain

പത്തനംതിട്ട∙ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ദുർബലമായെങ്കിലും കേരളത്തിലും ഗോവ വരെയുള്ള പശ്ചിമതീരത്തും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മഴ തുടരാൻ സാധ്യത. സജീവമായ കടലാണു മഴയെ മുന്നോട്ടു നയിക്കുന്നത്. കടലിനെ സജീവമാക്കുന്നത് ഇടയ്ക്കിടയ്ക്കു രൂപപ്പെടുന്ന ന്യൂനമർദങ്ങളും. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവ രൂപപ്പെടാനുള്ള സാഹചര്യമില്ല. എന്നാൽ 22 ാം തീയതിയോടെ ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗത്തായി ന്യൂനമർദത്തിനു കളമൊരുങ്ങിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും (ഐഎംഡി) സ്വകാര്യ കാലാവസ്ഥാ ചാനലുകളും സൂചിപ്പിച്ചു. ഇത് ബിഹാർ വഴി കരയിലേക്കു കയറി മഴയുടെ ജൈത്രയാത്രയ്ക്കു കൊടിപിടിക്കും.

അത്ര ശക്തിപ്പെടാൻ ഇടയില്ലെങ്കിലും ഈ ന്യൂനമർദം കാലവർഷത്തിന്റെ ഉത്തരായനയാത്രയ്ക്കു പിൻബലമേകും. രണ്ടു കടൽവഴികളിലൂടെയാണു കാലവർഷത്തിന്റെ യാത്ര. അറബിക്കടലിലൂടെ പടിഞ്ഞാറൻ കൈവഴിയും ബംഗാൾ ഉൾക്കടലിലൂടെ കിഴക്കൻ കൈവഴിയും. തെക്കു നിന്നു വടക്കോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കൈവഴി മുംബൈ കടന്നെങ്കിലും താനെ വരെ എത്തിയ ശേഷം ദൂർബലമാവുകയായിരുന്നു. വടക്കുനിന്നുള്ള ചൂടുകാറ്റാണ് കാരണം. ഗൾഫ് — അഫ്ഗാൻ മേഖലയിൽനിന്ന് ഇന്ത്യയിലേക്കു വീശുന്ന പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്ന വരണ്ട കാറ്റ് മൺസൂണിന്റെ യാത്രയ്ക്ക് താൽക്കാലിക തടസം സൃഷ്ടിക്കുക പതിവാണ്. ഈ ചൂടുകാറ്റും തണുത്ത മൺസൂൺകാറ്റും കൂടിക്കലരുമ്പോഴാണ് കൊടുങ്കാറ്റും മിന്നലും രൂപപ്പെട്ട് നാശനഷ്ടം വിതയ്ക്കുന്നത്. കിഴക്കൻ കൈവഴി കൊൽക്കത്തയും ഡാർജിലിങ്ങും മേഘാലയയും കടന്ന് സിക്കിം വരെയെത്തി. ജൂലൈ ആദ്യവാരം എത്തുന്ന മഴയെ കാത്തിരിക്കുകയാണ് ചുട്ടുപൊള്ളുന്ന ഡൽഹിയും രാജസ്ഥാനും പഞ്ചാബും മറ്റും.

ആൻഡമാൻ ദ്വീപസമൂഹങ്ങളിലും ലക്ഷദ്വീപിലും കേരളത്തിലും തെക്കൻ കർണാടകത്തിലും ഗോവയിലും മഴക്കാലത്തിന്റെ പ്രതീതി തുടരുകയാണ്. സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുമുണ്ട്. കേരളത്തിൽ ഞായറാഴ്ച മഴ കാര്യമായി പെയ്തില്ല. എന്നാൽ തിങ്കളാഴ്ച രാവിലെ മുതൽ ഇടവിട്ട് മഴ ലഭിക്കുന്നു. ഇത് അടുത്ത ഏതാനും ദിവസത്തേക്കു കേരളത്തിൽ മഴ തുടരുമെന്നതിന്റെ സൂചനയാണ്.

ഇതിനിടെ, കഴിഞ്ഞയാഴ്ച കേരളത്തിൽ കോഴിക്കോട്ട് ഉരുൾപൊട്ടലിനും മറ്റും ഇടയാക്കിയ മഴയ്ക്കു കാരണം തായ്‌ലൻഡ് കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റാണെന്നു നിരീക്ഷകർ വിശദീകരിച്ചു. തയ്‌വാൻ തീരത്തേക്കു നീങ്ങുന്നതിനിടെ ഈ ചുഴലിക്കാറ്റ് കേരളത്തിന്റെ പടിഞ്ഞാറുനിന്നു വരെ മഴമേഘങ്ങളെ അങ്ങോട്ടു വലിച്ചു. ഈ പോക്കിനിടെ മഴമേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞുനിർത്തിയതാണു കേരളത്തിൽ കഴിഞ്ഞയാഴ്ച കനത്ത മഴയ്ക്കു വഴിയൊരുക്കിയത്. പീരുമേട്ടിൽ 32 സെന്റിമീറ്ററും കോഴിക്കോട്ട് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ 24 സെന്റിമീറ്റർ വരെയും കനത്ത പേമാരി തന്നെ ലഭിച്ചു. തായ്‌ലൻഡിലും ബംഗ്ലദേശിലും കോഴിക്കോട്ടേതിനു സമാനമായ മണ്ണിടിച്ചിൽ ഉണ്ടായി.

അതേസമയം, മൺസൂണിനു കരുത്തുപകരുന്ന ആഗോള മഴപ്പാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്ന പ്രതിഭാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ രൂപപ്പെടുമെന്നും ഇത് ഇന്ത്യൻ കാലവർഷത്തിനു ഗൂണം ചെയ്യുമെന്നും തുടർന്നുള്ള ഏതാനും ആഴ്ചകളിൽ രാജ്യത്ത് ആവശ്യത്തിനു മഴ ലഭിക്കുമെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.