Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയെക്കുറിച്ചു രഹസ്യവിവരം: പൊലീസ് അന്വേഷണം പുണെയിലേക്കും ഗോവയിലേക്കും

jesna-missing-notice ജെസ്നയെ കണ്ടെത്തുന്നതിനായി പുണെയിലും ഗോവയിലുമെത്തിയ പൊലീസ് സംഘം ജെസ്നയുടെ ചിത്രവും വിവരങ്ങളുമടങ്ങിയ പോസ്റ്റർ പതിക്കുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലാണ് പോസ്റ്റർ പതിക്കുന്നത്.

പത്തനംതിട്ട ∙ മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ തേടി പൊലീസ് പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയിൽ കണ്ട യുവതി ജെസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Read more at: Hunt for Kerala girl Jesna is now on in Pune and Goa

പുണെയിലും ഗോവയിലും കോൺവെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളിൽ ജെസ്നയുടെ ചിത്രങ്ങൾ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുൾപ്പെടെ കണ്ട പെൺകുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാൻ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിൽ പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതിൽ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. 

ഇതിൽ ജെസ്നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതൽ പേർ വിവരങ്ങൾ എഴുതിയിട്ടത്. ഇതിൽ പലതിലും സംശയത്തിന്റെ കഥകളും അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവർ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു. ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളജിലും സമീപത്തും സ്ഥാപിച്ച പെട്ടികളിൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. 

ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പൊലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോൾ.  അൻപതിൽ നിന്ന് അഞ്ചു കത്തിലെങ്കിലും ജെസ്നയിലേക്കെത്താൻ കഴിയുന്ന തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ജെസ്‌ന കേസിൽ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നിയമസഭയിലേക്കു മാർച്ച് നടത്തും.  രാവിലെ 11ന് മ്യൂസിയം ജംക്‌ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.