Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവുമധികം ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് ഇന്ത്യക്കാർ; അതിനൊരു കാരണമുണ്ട്!

online-fraud പ്രതീകാത്മക ചിത്രം.

മുംബൈ∙ ലോകത്തിൽ ഏറ്റവുമധികം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നത് ഇന്ത്യക്കാർ. നാലിലൊന്ന് ആളുകളും ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പിന് ഇരകളാണെന്നാണു റിപ്പോർട്ട്. ആഗോള തലത്തിലേക്കാൾ 25 ശതമാനം അധികമാണ് ഇന്ത്യയിൽ തട്ടിപ്പിനുള്ള സാധ്യതയെന്നും എക്സ്പീരിയൻ ആൻഡ് ഐഡിസി റിപ്പോർട്ട് പറയുന്നു.

24 ശതമാനം ഇന്ത്യക്കാരും ഓൺലൈൻ തട്ടിപ്പിനു വിധേയരായവരാണ്. ടെലികോം കമ്പനികളുമായുള്ള ഇടപാടിലാണു കൂടുതൽ തട്ടിപ്പ്– 57 ശതമാനം. വ്യാപാര ഇടപാടിനിടെ പണം നഷ്ടപ്പെട്ടവർ 46 ശതമാനമുണ്ട്. ഏഷ്യ– പസിഫിക് മേഖലയിലെ 10 രാജ്യങ്ങളുടെ ഡിജിറ്റൽ ഉപയോഗത്തെ കുറിച്ചായിരുന്നു സർവേ. മേഖലയിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഉപഭോക്താക്കൾ ഇന്ത്യയിലാണുള്ളത്. ഡിജിറ്റൽ സംവിധാനത്തിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുന്നതിലും ഇന്ത്യ മുന്നിലാണ്– നാലാം സ്ഥാനം.

ഇന്ത്യയിലെ ഉപയോക്താക്കളിൽ‌ 65 ശതമാനവും മൊബൈൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 51 ശതമാനം ആളുകൾ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കിടാൻ മടിയില്ലാത്തവരാണ്. ഇതാണ് തട്ടിപ്പുകാർക്കു സൗകര്യമാകുന്നത്. ഡിജിറ്റൽ ‌രംഗത്ത് ഇങ്ങനെ ‘തുറന്ന്’ ഇടപെടുന്ന രാജ്യത്ത് ഓൺലൈൻ തട്ടിപ്പിനു സാധ്യത കൂടുതലാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കു പുറമെ ഓസ്ട്രേലിയ, ചൈന, ഹോങ്കോങ്, ഇന്തൊനേഷ്യ, ജപ്പാൻ, ന്യൂസീലൻഡ്, സിംഗപ്പൂർ, തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവടങ്ങളിലായിരുന്നു സർവേ.

related stories