Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലഹം കണ്ടെന്ന് എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി; കുരുക്ക്: വിഡിയോ

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിെര സാക്ഷിമൊഴി. പ്രഭാത നടത്തത്തിനുശേഷം എഡിജിപിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്നു നിര്‍ത്തുന്നതു കണ്ടു. പിന്നീടു റോഡില്‍നിന്നു ബഹളം കേട്ടെന്നും കനകക്കുന്നിലെ ജ്യൂസ് കച്ചവടക്കാരന്‍ വൈശാഖ് മനോരമ ന്യൂസിനോടു പറഞ്ഞു. കേസിലെ സാക്ഷിയായ വൈശാഖിന്റെ മൊഴി പൊലീസും രേഖപ്പെടുത്തിയിട്ടുണ്ട്.

സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും കനകക്കുന്നില്‍ പ്രഭാത നടത്തത്തിനെത്തിച്ചു തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ മര്‍ദിച്ചെന്നാണു ഗാവസ്കറുടെ പരാതി. ഇതു ശരിവയ്ക്കുന്നതാണു കേസിലെ ഏക സാക്ഷിയായി പൊലീസ് കണ്ടെത്തിയിരിക്കുന്ന ജ്യൂസ് കച്ചവടക്കാരന്റെ മൊഴി. സംഭവം നടന്ന ദിവസം എഡിജിപിയുടെ വാഹനത്തില്‍ ഭാര്യയും മകളും നടക്കാനെത്തിയതും തിരികെ വാഹനത്തില്‍ കയറിയതും കണ്ടെന്നും പിന്നീടു റോഡില്‍ ബഹളം കേട്ടെന്നും വൈശാഖ് പറയുന്നു.

എന്നാല്‍ മര്‍ദിക്കുന്നതു കണ്ടില്ലെന്നാണു മൊഴി. എങ്കിലും സംഭവം ദിവസം എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയതിനു സ്ഥിരീകരണമാകുന്നുണ്ട്. കൂടാതെ ഗാവസ്കറുടെ പരാതിയില്‍ പറയുന്ന അതേ സമയത്ത് അതേ സ്ഥലത്തു വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു. അതിനാല്‍ എഡിജിപിയുടെ മകള്‍ക്കെതിരാണു സാക്ഷിമൊഴിയെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. എസിപി പ്രതാപന്റെ േനതൃത്വത്തില്‍ പൊലീസ് ശേഖരിച്ച ഈ മൊഴിയടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ചിനു കൈമാറി.