Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൽക്കാലം തടിതപ്പി മഹാരാജാ; ഒരു എയർ ഇന്ത്യ വിൽപ്പനക്കഥ!

സി.കെ. ശിവാനന്ദൻ
Air India

നമ്മുടെ മഹാരാജാവ് തൽക്കാലത്തേക്കു തടിതപ്പി. കുറഞ്ഞത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുവരെ. അതു കഴിഞ്ഞാൽ വീണ്ടും വിപണിയിൽ വിൽപനയ്ക്കു വയ്ക്കും ഒരിക്കൽ പൊന്മുട്ടയിട്ടിരുന്ന ഈ താറാവിനെ.

കടുത്ത നഷ്ടത്തിന്റെ പേരിൽ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുമെന്നു നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചതു 2017 ജൂണ്‍ 28നായിരുന്നു. അതായത് ഒരു വർഷം മുൻപ്. എന്നാൽ, ആരും എയർ ഇന്ത്യയെപ്പോലൊരു വമ്പൻ കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നില്ല. അതു ഭാഗ്യമെന്നാണോ നിർഭാഗ്യമെന്നാണോ കരുതേണ്ടത്? എയർ ഇന്ത്യയുടെ മഹത്വമറിയുന്നവർ അതിനെ ഭാഗ്യമെന്നു വിലയിരുത്തും. ഒരു വിമാനക്കമ്പനിയെ, അതും ലോകോത്തരമായ ടൈം സ്ലോട്ടുകളും റൂട്ടുകളും മികവുറ്റ സംവിധാനങ്ങളുമുള്ള ഒരു സ്ഥാപനത്തെ, നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകാൻ നമുക്കു കഴിവില്ലേ? അതിനു സാധിക്കാത്ത രാജ്യമാണോ സമ്പന്ന രാഷ്ട്രപദവിയിലേക്കു മുന്നേറുന്ന ഇന്ത്യ?

ഏതായാലും ഇന്നലെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ കേന്ദ്ര വ്യോമയാന, ഉപരിതല ഗതാഗത, റെയിൽവേ മന്ത്രിമാരടങ്ങിയ സമിതി തീരുമാനിച്ചത് എയർ ഇന്ത്യയെ തൽക്കാലം വിൽക്കേണ്ടതില്ലെന്നാണ്. ഈ സ്ഥാപനത്തെ വിറ്റാൽ അത് അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്ത വിമർശനങ്ങൾക്ക് ഇടവയ്ക്കുമെന്നതാണ് ഈ പിന്മാറ്റത്തിനു പ്രേരകമായതെന്നാണു കരുതപ്പെടുന്നത്. അത് ഏറെക്കുറെ ശരിതന്നെയാണെന്നു വേണം അനുമാനിക്കാൻ.

എയർ ഇന്ത്യയും ട്രോളിൽ

അടുത്തയിടെ ഇറങ്ങിയ വാട്സാപ്് ട്രോളിൽ മലയാളികളിറക്കിയ തമാശ ശ്രദ്ധേയമായിരുന്നു.

‘ഹലോ ഇതു തോമസാണോ?’

‘അതെ’

‘എയർ ഇന്ത്യയെ വിൽപനയ്ക്കു വച്ചിട്ടുണ്ട്. വാങ്ങാൻ താൽപര്യമുണ്ടോ?’

‘അയ്യോ, ഞാനൊരു സാധാരണക്കാരനാണ്. എനിക്ക് അതിനൊന്നുമുള്ള വരുമാനമില്ല’.

‘അതറിയാം. ഇനി ചോദിച്ചില്ലെന്നു പറയരുത്. നാളെ മോദി സർക്കാർ അദാനിക്കും അംബാനിക്കുമൊക്കെ എയർ ഇന്ത്യയെ വിറ്റു എന്നു വിമർശിക്കാൻ വന്നേക്കരുത്’.

സംഗതി തമാശയാണെങ്കിലും എയർ ഇന്ത്യയെ വിൽപനയ്ക്കു വച്ചിരിക്കുന്നുവെന്നും അതു സാവധാനത്തിൽ ഇന്ത്യയിലെതന്നെ സാമ്പത്തിക വമ്പൻമാരുടെ അധീനതയിൽ വന്നേക്കാമെന്നുമുള്ള പൊതുവായ ധാരണ ജനത്തിനിടയിൽ പരന്നിരുന്നു. പ്രമുഖ കമ്പനികളൊന്നും എയർ ഇന്ത്യയെ വാങ്ങാൻ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

മന്ത്രിമാർക്കും മുൻപേ സെക്രട്ടറി

എയർ ഇന്ത്യയെ നല്ല വില കിട്ടിയില്ലെങ്കിൽ വിൽക്കില്ലെന്നു കഴിഞ്ഞ മാസം വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബി വ്യക്തമാക്കിയിരുന്നു. ബ്രിട്ടിഷ് എയർവെയ്സോ ലുഫ്താൻസയോ ഇത്തിഹാദ് എയർവേയ്സോ സിംഗപ്പൂർ എയർലൈൻസോ ഒക്കെ എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വില ഒക്കുന്നില്ലെന്ന സ്ഥിതിയിൽ അവരെല്ലാം പിന്മാറി. വിൽക്കാൻവച്ചു എന്നു പറഞ്ഞപ്പോൾ ചുളുവിലങ്ങ് വാങ്ങിയെടുക്കാമെന്നു കരുതിയവരാണു നിരാശരായി പിന്മാറിയത്. ഈ ഘട്ടത്തിലായിരുന്നു വ്യോമയാന സെക്രട്ടറിയുടെ പ്രസ്താവനയും. എന്തായാലും, കടബാധ്യത വൻതോതിലുള്ള എയർ ഇന്ത്യയെ വാങ്ങുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല ഈ കമ്പനികൾക്കൊന്നും. വിൽക്കാൻ തീരുമാനിച്ച 2017ൽ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തോടെ എയർ ഇന്ത്യയുടെ നഷ്ടം 49,000 കോടിയോളം രൂപയായിരുന്നു. നഷ്ടം എങ്ങനെ വന്നുവെന്നതു സംബന്ധിച്ച് എയർ ഇന്ത്യ അധികൃതർ എത്രത്തോളം വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നതു സംശയമാണ്. നഷ്ടം നികത്താൻ എയർ ഇന്ത്യയെപ്പോലെ മഹത്തായ ഒരു സ്ഥാപനത്തെ വിറ്റഴിക്കേണ്ട കാര്യമില്ലെന്നതു പകൽപോലെ വ്യക്തമായിട്ടും എന്തു താൽപര്യമാണ് വിൽപനശ്രമത്തിനു പിന്നിലെന്നതും ജനം ഉന്നയിച്ച ചോദ്യമായിരുന്നു.

ലോകത്തെ സുപ്രധാന വിമാനത്താവളങ്ങളിലെല്ലാം തന്നെ പുറപ്പെടാനും ഇറങ്ങാനുമുള്ള അത്യാകർഷകമായ ടൈം സ്ലോട്ടുള്ള എയർ ഇന്ത്യക്ക് അവയിൽ ഏതാനും ചിലതു വിറ്റഴിച്ചാൽ പോലും നികത്താവുന്ന നഷ്ടമേ ഉള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങളും മറ്റും നിയന്ത്രിക്കാത്തതും നഷ്ടത്തിനു വലിയ കാരണമാണെന്ന വ്യഖ്യാനവുമുണ്ടായി. ജീവനക്കാരിൽ ചിലരുടെ പെരുമാറ്റത്തിലെ ദൂഷ്യം എയർ ഇന്ത്യയോടു യാത്രക്കാർക്കു അവമതിപ്പുണ്ടാക്കിയെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരം പോരായ്മകൾ പരിഹരിക്കുന്നതിൽ മാനേജ്മെന്റ് ശ്രദ്ധിക്കുന്നതായി തോന്നിയതുമില്ല. വിൽക്കാൻ വച്ച ചരക്കിനെ ആരു നന്നാക്കാൻ? അതിനാരെങ്കിലും ശ്രമിച്ചാൽതന്നെ എയർ ഇന്ത്യയെ വിൽക്കണമെന്നു ‘നിർബന്ധമുള്ള’ ചിലർ അതിനു സമ്മതിച്ചിട്ടുണ്ടാകുകയുമില്ല. എയർ ഇന്ത്യയിലെ 76% ഓഹരികളും എയർ ഇന്ത്യ–സാറ്റ്സിലെ (എയർ ഇന്ത്യയും സിംഗപ്പൂർ എയർപോർട്ട് ടെർമിനൽ സർവീസസും ചേർന്നുള്ള സഹകരണം) 50% ഓഹരിയുമാണു വിൽക്കാൻ വച്ചിരിക്കുന്നത്.

ആഴ്ചയിൽ 2300 സർവീസുകൾ നടത്തുന്ന വൻകിട എയർലൈനാണ് എയർ ഇന്ത്യ. രാജ്യാന്തര നിലവാരത്തിലുള്ള 118 വിമാനങ്ങൾ സർവീസ് നടത്താൻ സജ്ജമായവയായി എയർ ഇന്ത്യാ ശ്രേണിയിൽ. കാറ്റഗറി–3 സർട്ടിഫിക്കേഷനുള്ള പൈലറ്റുമാരാണ് എയർ ഇന്ത്യക്കുള്ളത്. മികവുറ്റതാണ് എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സംവിധാനങ്ങൾ. ലോകോത്തര സാമഗ്രികളുണ്ട് എയർ ഇന്ത്യക്ക്. എയർ ഇന്ത്യയും സിംഗപ്പൂർ എയർപോർട്ട് ടെർമിനൽ സർവീസസും ചേർന്നുള്ള എയർ ഇന്ത്യ സാറ്റ്സ് ഏത് എയർലൈനുകളോടും കിടപിടിക്കും.

എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസ് സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിനു ലോകത്തെ ഏറ്റവും മികച്ച മൂന്നു വാല്യു കാരിയറുകളിലൊന്നെന്ന പദവിയുണ്ട്.

നേട്ടങ്ങളുടെ പട്ടികയിൽ എയർ ഇന്ത്യയ്ക്കു തിലകക്കുറികളായി ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. അതുവച്ച് ഈ സ്ഥാപനത്തെ വിജയകരമായി കൊണ്ടുനടക്കാൻ നമുക്ക് ആകില്ലെന്നാണോ? ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

related stories