Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരേന്ത്യൻ രീതി ഇവിടെ വേണ്ട; പൊലീസിൽ അടിമപ്പണി ചെയ്യിക്കരുതെന്നും കോടിയേരി

Kodiyeri-Balakrishnan--K-Radhakrishnan തൃശൂർ ഒല്ലൂർ സിപിഎം മണലി പുഴ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ‘മണലിക്കൊരു തണൽ’ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൈ നടുന്നു. ചിത്രം: ഫഹദ് മുനീർ

തൃശൂർ ∙ കേരളത്തിന്റെ സംസ്കാരത്തിനനുസരിച്ചുള്ള രീതിയിലാണ് കേരള പൊലീസ് പ്രവർത്തിക്കേണ്ടതെന്നും ഒരാളെക്കൊണ്ടും അടിമപ്പണി ചെയ്യിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് നിയമം ദാസ്യപ്പണി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥൻമാരുടെ രീതി ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ സംസ്കാരത്തിനു യോജിച്ചതല്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം ഒല്ലൂർ ഏരിയ കമ്മറ്റിയുടെ ‘മണലിക്കൊരു തണൽ’ പുഴസംരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. 

പണ്ടു പൊലീസിൽ ഓഡർലി സംവിധാനമുണ്ടായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അക്കാലത്തു പൊലീസുകാരെ ഇത്തരം ജോലികൾക്കു നിയമിച്ചിരുന്നു. 1980 മുതൽ പൊലീസിലേക്കുള്ള നിയമനം പബ്ലിക് സർവീസ് കമ്മിഷനാണ് (പിഎസ്‌സി) നടത്തുന്നത്.

നിലവിൽ ഈ പ്രശ്നം ഉയർന്നു വന്നത് കേരള പൊലീസിൽ തിരുത്തൽ നടപടികൾക്കു സഹായകരമാകുമെന്നും എൽഡിഎഫ് സർക്കാർ ദാസ്യപ്പണി അംഗീകരിക്കില്ലെന്നും എത്ര ഉയർന്ന ഉദ്യോഗസ്ഥനായാലും കർശനമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറ‍ഞ്ഞു. 

കോഴിക്കോട്, കൂടരഞ്ഞി കക്കാടംപൊയിലിൽ പി.വി.അൻവർ എംഎൽഎയുടെ വിവാദ വാട്ടർ‍തീം പാർക്കിന്റേതു നിയമ വിരുദ്ധ പ്രവർത്തനമാണോയെന്നു പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതല്ല പാർക്ക്. അദേഹം എംഎൽഎ ആയതുകൊണ്ടുള്ള പ്രശ്നമാണു നിലവിൽ ഉയർന്നു വന്നിരിക്കുന്നത്. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചു തീരുമാനമെടുക്കും–കോടിയേരി വ്യക്തമാക്കി.