Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുള്‍പൊട്ടല്‍ പാഠമായിട്ടും അരീക്കോട്ട് ഭീതിയേറ്റി ക്വാറി; 50 അടി താഴ്ചയിൽ പാറ പൊട്ടിക്കൽ

Landslide

കോഴിക്കോട്∙ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലെ മണ്ണെടുപ്പിനേക്കാള്‍ ഭയാനകമാം വിധത്തിലാണു മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിലെ മണ്ണെടുപ്പ്. കൂരങ്കല്ല് മലമുകളില്‍ കരിങ്കല്ലു മലപോലെ കൂട്ടിയിട്ട മണ്‍കൂനയില്‍ വിള്ളല്‍ വീണിട്ടുണ്ട്. മുന്‍പ് പലവട്ടം ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് ക്വാറിയുടമ തോടിന്റെ ഒഴുക്ക് തടസപ്പെടുത്തിയതും കാണാം. ഇവിടെ വിലക്കു ലംഘിച്ചു പാറപൊട്ടിക്കല്‍ തുടരുന്നുമുണ്ട്.

കൂരങ്കല്ലു മലയില്‍ നിയമങ്ങളെല്ലാം ലംഘിച്ചാണ് 50 അടി താഴ്ചയില്‍ വരെ മണ്ണു മാറ്റിയുളള പാറ പൊട്ടിക്കല്‍. ക്വാറിക്കു വേണ്ടി നീക്കിയ മണ്ണ് മറ്റൊരു മലയായി ക്വാറി ഉടമ കുന്നുകൂട്ടിയിട്ടു. നൂറടിയിലേറെ പൊക്കത്തിലുളള മണ്ണുമല ഇടിഞ്ഞാല്‍ വന്‍ദുരന്തം ഉറപ്പാണ്. കനത്ത മഴയില്‍ മണ്‍കൂനയ്ക്കു മീതെ ആഴത്തിലുളള വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ഇന്നലെപ്പോലും പാറ പൊട്ടിച്ചു. മുന്‍പ് ഉരുള്‍പൊട്ടലിന്റെ ഭാഗമായി രൂപപ്പെട്ട രണ്ട് അരുവികളുടെയും ഒഴുക്കു ക്വാറി ഭൂമിയിലെത്തുമ്പോള്‍ തടസപ്പെടുത്തി വഴി തിരിച്ചു വിട്ടു. വലിയ പാറക്കല്ലുകള്‍ കൊണ്ടുവന്നാണ് അരുവി തടഞ്ഞത്. അരുവികള്‍ കടന്നു പോവുന്ന പാറക്കൂട്ടങ്ങളില്‍ തിങ്കളാഴ്ചയും സ്ഫോടനങ്ങള്‍ നടന്നു.

മഴ ശക്തമായതോടെ ക്വാറിയുടെ പരിസരത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ടു താഴെയുളള കുടുംബങ്ങള്‍ക്കു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ക്വാറിക്കു താല്‍ക്കാലിക വിലക്കു നല്‍കി വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുകയാണു പതിവ്.