Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

Ram Nath Kovind

ന്യൂഡല്‍ഹി∙ ജമ്മു കശ്മീർ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു. മൂന്നുവര്‍ഷത്തിനുശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണമേറ്റെടുക്കുന്നത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി ഇന്നലെ പിന്‍വലിച്ചതോടെയാണു കശ്മീരില്‍ രാഷ്ട്രീയ അസ്ഥരിതയുണ്ടായത്.

കശ്മീരിൽ പിഡിപിയുമായി വഴിപിരിഞ്ഞതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിൽ നേട്ടമുണ്ടാക്കാനുറച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. കശ്മീരില്‍ പടരുന്ന അശാന്തിക്കു കാരണം പിഡിപിയുടെ പിടിവാശികളാണെന്നാണു ബിജെപിയുടെ ആരോപണം. എന്നാൽ സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടന്നുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധിയുണ്ടാക്കും.

മൂന്നു വർഷത്തിലേറെയായി കടുത്ത അഭിപ്രായഭിന്നതകളുമായി തുടരുന്ന പിഡിപി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇന്നലെ രാവിലെ ബിജെപിയുടെ മുഴുവൻ മന്ത്രിമാരെയും ഡൽഹിക്കു വിളിപ്പിക്കുമ്പോഴും സർക്കാരിനു പിന്തുണ പിൻവലിക്കുന്നതിന്റെ സൂചനയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി കൂടിയാലോചനയ്ക്കുശേഷം ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്. ഗവർണർ വിളിച്ചു പറയുമ്പോഴാണു ബിജെപി സഖ്യംവിട്ടതു മുഖ്യമന്ത്രി മെഹബൂബ അറിഞ്ഞതെന്നും പറയുന്നു. ഗവർണറുടെ ഫോൺ സന്ദേശത്തിനു തൊട്ടുപിന്നാലെ മെഹബൂബ രാജ്‌ഭവനിലെത്തി രാജിക്കത്തു കൈമാറുകയായിരുന്നു.

കശ്‌മീരിലെ ഒരു മാസത്തെ വെടിനിർത്തൽ നീട്ടണമെന്ന പിഡിപിയുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയതാണ് ഇരുകക്ഷികൾ തമ്മിലുള്ള ബന്ധം മോശമാക്കിയ ഒടുവിലത്തെ സംഭവം. കശ്മീരിലെ വിഘടനവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ഏറ്റവും രൂക്ഷമായത്. കല്ലേറു ചെറുക്കാൻ യുവാവിനെ സൈനിക വാഹനത്തിനു മുന്നിൽ ആൾമറയാക്കിയ സംഭവം വ്യാപകമായി വിമർശിക്കപ്പെട്ടു. ക‌‌ഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി ബിജെപി മന്ത്രിമാർ നിലപാടെടുത്തതും ബന്ധം വഷളാക്കി.

കേന്ദ്രസർക്കാർ കശ്മീരിൽ പ്രഖ്യാപിച്ച വെടിനിർത്തലിനിടെയും അക്രമസംഭവങ്ങൾക്കു കുറവുണ്ടായില്ല. പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെയും ജവാൻ ഔറംഗസേബിന്റെയും കൊലപാതകങ്ങളാണ് ഒടുവിലത്തെ സംഭവങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പിഡിപി ബന്ധം ന്യായീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകയായിരുന്നു ബിജെപി. അപ്രായോഗിക സഖ്യത്തെ ആദ്യം തള്ളിപ്പറയാൻ അവർ തീരുമാനിച്ചതിനു കാരണം ഇതാണ്.

പിഡിപിയോടുള്ള അമർഷവും അതൃപ്തിയും റാം മാധവും കശ്മീരിലെ ബിജെപി ഉപമുഖ്യമന്ത്രിയായിരുന്ന കവീന്ദർ ഗുപ്തയും മറച്ചുവച്ചില്ല. പിഡിപി തോന്നുംപടിയാണു കാര്യങ്ങൾ നടത്തിയതെന്ന് അവർ ആരോപിച്ചു. ബദ്ധവൈരികളായിരുന്ന ബിജെപിയും പിഡിപിയും 2015 മാർച്ച് ഒന്നിനു സർക്കാരുണ്ടാക്കിയതു ത്രിശങ്കുസഭ വന്നതുമൂലമുള്ള രണ്ടുമാസ അനിശ്ചിതത്വത്തിനു ശേഷമാണ്. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചതിനു പി‌ന്നാലെ മകൾ മെഹബൂബ നേതൃത്വം ഏറ്റെടുത്തപ്പോൾ ഭിന്നത രൂക്ഷമായി.

കശ്മീരിൽ നിയമസഭാ കാലാവധി 6 വർഷം

ജമ്മു കശ്മീരിനു പ്രത്യേക അവകാശം നൽകുന്ന ഭരണഘടനാ വകുപ്പുപ്രകാരം നിയമസഭയുടെ കാലാവധി ആറുവർഷമാണ്. 1976ലെ 42–ാം ഭരണഘടനാ ഭേദഗതി പ്രകാരം നിയമസഭകളുടെ കാലാവധി ആറുവർഷമാക്കിയെങ്കിലും പിന്നീടു വീണ്ടും അഞ്ചുവർഷമാക്കി ഭേദഗതി ചെയ്തിരുന്നു. എന്നാൽ കശ്മീരിൽ രണ്ടാമത്തെ ഭേദഗതി അംഗീകരിച്ചില്ല.

related stories