Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാജാവിന് മെയ്ക്കോവർ; ഭക്ഷണവും യാത്രയും ആഡംബരം, നിരക്ക് മാറില്ല

air-india-maharaja എയർ ഇന്ത്യയുടെ ‘മഹാരാജാ ഡയറക്ട്’ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുന്നു, ചിത്രം: ട്വിറ്റർ

ന്യൂഡൽഹി ∙ രാജകീയമാകാൻ എയർ ഇന്ത്യ. രാജ്യാന്തര സർവീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കു വ്യത്യസ്തമായ യാത്ര സമ്മാനിക്കാൻ എയർഇന്ത്യ ഒരുങ്ങി. നൽകുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്കരിച്ചാണു ‘മഹാരാജ’ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. നഷ്ടത്തിലോടുന്ന എയർ ഇന്ത്യ വിൽക്കാനുള്ള ശ്രമം സർക്കാർ തൽക്കാലം മരവിപ്പിച്ച ആഴ്ച തന്നെയാണു പ്രീമിയം ക്ലാസിനു പുതിയ മുഖം നൽകിയുള്ള പരീക്ഷണവും തുടങ്ങിയത്.

‘മഹാരാജ ഡയറക്ട്’ എന്ന പേരിലാണ് പ്രീമിയം ക്ലാസ് അറിയപ്പെടുക. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസിൽ ഒരുക്കിയിട്ടുള്ളത്. വിമാനത്തിന്റെ ഉൾഭാഗം പൂർണമായും നവീകരിച്ചു. യാത്രക്കാർക്കു മെച്ചപ്പെട്ട നിശാവസ്ത്രം, കണ്ണിനു കുളിർമയേകുന്ന തിരശ്ശീലകൾ, കമ്പിളിപ്പുതപ്പുകള്‍, യാത്രാകിറ്റുകൾ എന്നിവ ലഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പാരമ്പര്യവും പാശ്ചാത്യവും ഇടകലർന്ന ശൈലിയിലുള്ള പുതിയ യൂണിഫോമാകും ജീവനക്കാർ ധരിക്കുക.

ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് സ്വാദേറിയ വിഭവങ്ങളാണ്. ആൽക്കഹോൾ അടങ്ങിയതും അല്ലാത്തതുമായ പ്രാദേശിക മദ്യവും ലഭ്യമാകും. നിരക്കുകളിൽ മാറ്റം കൂടാതെയാണു പുതിയ സേവനങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് എവിയേഷൻ സെക്രട്ടറി ആർ.എൻ.ചൗബോ വ്യക്തമാക്കി. പുതിയ മാറ്റങ്ങളിലൂടെ 20 ശതമാനം വരുമാന വർധനയാണു ലക്ഷ്യമിടുന്നത്. 

ബിസിനസ്, ഫസ്റ്റ് ക്ലാസുകളിലെ 60 ശതമാനം സീറ്റുകൾ മാത്രമാണു നിലവിൽ രാജ്യാന്തര സർവീസുകളിൽ ഉപയോഗിക്കുന്നത്. ഇത് 80 ശതമാനമായി ഉയർത്തും. യുഎസ് പോലെയുള്ള രാജ്യങ്ങളിലേക്കു സർവീസ് നടത്തുന്ന ബോയിങ് 777 വിമാനങ്ങളിൽ പുതുക്കിയ പ്രീമിയം ക്ലാസ് ജൂലൈ അവസാനത്തോടെ നിലവിൽ വരും. യൂറോപ്പിലേക്കു കൂടുതൽ സേവനം നടത്തുന്ന ബോയിങ് 787 വിമാനങ്ങളിൽ ഈ സേവനം നടപ്പിലാക്കാൻ ഒരു മാസം കൂടി കാലതാമസമെടുക്കുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോല അറിയിച്ചു. 

related stories