Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സാധനം കയ്യിലുണ്ടോ?’; പഴകിയ കടൽമീനിനെ ഫ്രെഷ് ആക്കുന്ന മായാമരുന്നിന്റെ കഥ

Fish series image

കേരളത്തിലെത്തുന്ന പച്ചക്കറിയിൽ മാരകമായ വിഷാംശമുണ്ടെന്നറിഞ്ഞപ്പോൾ മലയാളി മുറ്റത്തും ടെറസ്സിലും പയറും ചീരയുമൊക്കെ നട്ടു. അമിതമായി കീടനാശിനികൾ കലർന്ന പച്ചക്കറിക്കു പകരം മീൻ കൂടുതലായി ഉപയോഗിക്കാമെന്നു കരുതിയാൽ അവിടെയും ചതിക്കുഴികൾ. ചിലയിടങ്ങളിൽ മീനിൽ മാരകമായ സോഡിയം ബെൻസോയേറ്റ് പൊടി വ്യാപകമായി വിതറുന്നതായി മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 

വിശദാംശങ്ങളുമായി മലയാള മനോരമ 2016 നവംബറിൽ പ്രസിദ്ധീകരിച്ച പരമ്പരയുടെ ആദ്യഭാഗം

എല്ലാ മീനും നല്ലതല്ല

കേട്ടറിവിനെക്കാൾ വലുതാണു മീനിലെ കൊടുംമായമെന്ന സത്യം. ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം ബലപ്പെടുന്നതിനിടെ അതേക്കുറിച്ച് അന്വേഷിക്കാൻ നടത്തിയ ശ്രമങ്ങൾ കൊണ്ടുചെന്നെത്തിച്ചതു ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു. കടലിൽനിന്നു നമ്മുടെ ഊണുമേശയിലേക്കുള്ള മീനിന്റെ യാത്രയിൽ കൂട്ടുപോയാൽ മനസ്സിൽ മീൻമുള്ളുകൾ തറയ്ക്കും.

കറിവച്ച മീൻ ദിവസങ്ങളോളം തിളയ്ക്കുന്നു, മീൻ കഴിക്കുന്നവർ ആശുപത്രിയിലാകുന്നു തുടങ്ങിയ വാർത്തകൾക്കു പിന്നാലെ മായക്കച്ചവടത്തിന്റെ പൊരുളറിയാനായിരുന്നു ശ്രമം. മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തു എന്തെന്നറിയാൻ പല ബോട്ടുടമകളെയും സമീപിച്ചു. രഹസ്യം പുറത്തുവിടാൻ അവരാരും തയാറായില്ല. അങ്ങനെയൊരു രാസവസ്തുവോ രാസവസ്തു കലർന്ന മീനോ കണ്ടുപിടിക്കാൻ ഇന്നേവരെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടുമില്ല. കാര്യമായ പരിശോധന നടക്കുന്നില്ലെന്നും അവർ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ ഒന്നും കണ്ടെത്തുകയുമില്ലെന്നതു വിസ്മയിപ്പിക്കുന്ന സർക്കാർ കാര്യം. 

മീനിൽ രാസവസ്തുക്കൾ േചരുന്നുണ്ടോ? കടലിൽനിന്നു പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നതുവരെ വെറും ഐസ് മാത്രം വിതറിയാണോ സൂക്ഷിക്കുന്നത്? അല്ലെങ്കിൽ മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു? നീണ്ടകരയിലെ ഒരു ബോട്ടുടമയുടെ വായിൽ നിന്നു വീണുകിട്ടിയ വിവരം അന്വേഷണത്തിനു തുണയായി.

വെള്ളപ്പൊടിയുടെ ഉള്ളറിയാൻ

‘‘മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന പൊടിയുണ്ടോ?’’– കൊല്ലം നീണ്ടകര മൽസ്യബന്ധന തുറമുഖത്തെ ഒരു പ്രമുഖ ഇടനിലക്കാരനെ കണ്ടു രഹസ്യമായി ചോദിച്ചു. മംഗലാപുരത്തെ ബോട്ടുടമകളാണെന്നു പറഞ്ഞാണു പൊടിയന്വേഷിച്ചു ചെന്നത്. ആദ്യം സാംപിൾ വേണം, കൊള്ളാമെങ്കിൽ ചാക്കുകണക്കിനു കൊണ്ടുപൊയ്ക്കൊള്ളാം എന്ന വാക്കും കൊടുത്തു. അടിമുടി ഒന്നു നോക്കിയശേഷം ഇടനിലക്കാരൻ പറഞ്ഞു ‘‘നോക്കാം, പലരും ഇതന്വേഷിച്ചു വരുന്നുണ്ട്.’’ കക്ഷി ഉടൻതന്നെ രണ്ടുപേരെ മൊബൈൽ ഫോണിൽ വിളിച്ചു ചോദിച്ചു ‘‘സാധനം ഉണ്ടോ?’’ അൽപം കഴിഞ്ഞു പറഞ്ഞു: ‘‘നാളെ വാ, ഒപ്പിച്ചുതരാം.’’ 

പിറ്റേന്നു ഞങ്ങളെ ഒരിടത്തു നിർത്തിയ ശേഷം ബൈക്കിൽ ഇടനിലക്കാരൻ എവിടേക്കോ പോയി. തിരിച്ചുവന്നതു രണ്ടു കിലോഗ്രാം വെള്ളപ്പൊടിയുമായാണ്. ‘പ്രിഷർ ഫിഷ്’ എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്. സാധനം വാങ്ങുമ്പോൾ ഇടനിലക്കാരനോടു പറ‍ഞ്ഞു: ‘‘നോക്കിയിട്ടു വീണ്ടും വരാം. കുറെയധികം കൊണ്ടുപോകാം.’’ 

‘സാധന’വുമായി നേരെ പോയതു തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫിസിലേക്ക്. സാധനം കണ്ട് അവർ ഞെട്ടി. ഇൗ പൊടിയെന്താണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെമിക്കൽ അനാലിസിസ് വിഭാഗവും ഇന്റലിജൻസ് വിഭാഗവുമൊക്കെ മണം പിടിച്ചും പരിശോധിച്ചും നോക്കി, പക്ഷേ, കണ്ടുപിടിക്കാനായില്ല. അങ്ങനെയാണു വിശദമായ പരിശോധനയ്ക്കു തീരുമാനിച്ചത്. 

കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ലാബിലും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ലാബിലും ഈ വെള്ളപ്പൊടി പരിശോധനയ്ക്കായി അയയ്ക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസിൽ നിന്നു ജോയിന്റ് കമ്മിഷണറുടെ നിർദേശം ലഭിച്ചു. ഞങ്ങൾ രണ്ടിടത്തും നേരിട്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശാനുസരണം സാംപിൾ കൈമാറി. പണവുമടച്ചു. രണ്ടാഴ്ചത്തെ വിശദപരിശോധനയ്ക്കു ശേഷം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഫലം വന്നു. ഞെട്ടിക്കുന്ന പരിശോധനാഫലമായിരുന്നു അത്. മീനിൽ കലർത്തുന്നതു സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്ന രാസവസ്തു. 

ഭീകരനാണവൻ, കൊടുംഭീകരൻ

കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്ന ഇൗ പൊടി ചെറിയ റോളിൽ അവസാനിക്കുന്ന വില്ലനല്ല, മുഴുനീള വില്ലൻ തന്നെ. അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന ചില പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. വിദേശരാജ്യങ്ങളിൽ ഇതിന്റെ കൂടുതലായുള്ള ഉപയോഗം നിരോധിച്ചിട്ടുണ്ട്. 

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. 

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് – പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല. അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. 

പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്നോളജി രംഗത്തെ വിദഗ്ധരും പറയുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിൽ പരിശോധനയ്ക്കു ശേഷം ഞങ്ങൾ‍ക്കു കൈമാറിയ റിപ്പോർട്ടിലും കർശനമായി പറഞ്ഞിരിക്കുന്നു, ഒരു കാരണത്താലും പച്ചമീനിൽ ഇത് ഉപയോഗിക്കാനേ പാടില്ല. 

അനുവദിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ സോഡിയം ബെൻസോയേറ്റ് ശരീരത്തിലെത്തിയാൽ ശരീരം തന്നെ ഇതു മൂത്രത്തിലൂടെ പുറത്തുകളയുമെന്നതാണു മെഡിക്കൽ സയൻസ് പറയുന്നത്. പക്ഷേ, അമിതമായാൽ കരളിനെയും വൃക്കയെയുമൊക്കെ നേരിട്ടു ബാധിക്കുകയും ചെയ്യും. 

സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിഎഫ്ആർഡി) ലാബിൽ നിന്നു ലഭിച്ച ഫലത്തിൽ ഒന്നുകൂടി വ്യക്തമാക്കുന്നു. സോഡിയം ബെൻസോയെറ്റ് ആണെന്നതിനപ്പുറം അത് ശാസ്ത്രീയമായി പിഎച്ച് മൂല്യം കുറച്ചു നിർമിച്ചവയുമാണ്. പിഎച്ച് മൂല്യം കുറയ്ക്കുമ്പോൾ മീനിലെ ചില ബാക്ടീരീയകളെ തടയാനാകുമെങ്കിലും മറ്റു ചില ബാക്ടീരിയകൾ ഉണ്ടാകുന്നു. അവ മനുഷ്യശരീരത്തിന് അതീവദോഷമാണുതാനും. 

ഇന്ത്യയിൽ ഇപ്പോഴും ഇതു സംബന്ധിച്ചു വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നതിനാൽ ഇപ്പോഴും പച്ചമീനിൽ വരെ ഇത് ഉപയോഗിക്കുമ്പോൾ തടയാനും പദ്ധതിയില്ല. 

തിളപ്പിച്ചാലും പോകില്ല

മീൻ ചത്തുകഴിയുമ്പോൾ തന്നെ ഏതൊരു ജീവിയെയും പോലെ ഇതിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങുന്നു. അയലയും മത്തിയും പോലെ എണ്ണയുടെ അംശമുള്ള മീൻ ഇനങ്ങൾ കൃത്യമായ രീതിയിൽ ഒരു കിലോഗ്രാം മീനിൽ ഒരു കിലോഗ്രാം ഐസ് എന്ന കണക്കിൽ ചേർത്ത് കൃത്യമായ ഇടവേളയിൽ ഐസ് അലിയുന്നതിനനുസരിച്ച് അളവു െതറ്റാതെ ഇട്ടു സൂക്ഷിക്കണമെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ശാസ്ത്രജ്ഞരും പറയുന്നത്. അൽപനിമിഷം പോലും ഇൗ തണുപ്പിൽ നിന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു മാറാൻ പാടില്ല. ഇങ്ങനെ സൂക്ഷിക്കുന്ന മീൻ –5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വച്ചാൽ പോലും അഞ്ചോ ആറോ ദിവസമേ പരമാവധി സൂക്ഷിക്കാനാകൂ. അതു കഴിഞ്ഞാൽ ബാക്ടീരിയകൾ നൂറിരട്ടിയിലേക്കു പെരുകും. 

പക്ഷേ, കടലിൽനിന്നു പുറപ്പെട്ടു പല കൈമറിഞ്ഞു നമ്മുടെ അടുക്കളയിലെത്തുമ്പോൾ എത്രയോ തവണ ഐസിൽ നിന്നു ചൂടിലേക്കും വീണ്ടും ചെറിയ തണുപ്പിലേക്കും ചൂടിലേക്കും മീൻ കൈമാറ്റം ചെയ്യപ്പെടുന്നു. ബാക്ടീരിയകൾ വൻതോതിൽ കയറുന്നതിന് അവസരം. 

സോഡിയം ബെൻസോയേറ്റ് മീനിൽ ഉണ്ടാകുന്ന ബാക്ടീരിയയുടെ ഡിഎൻഎയിൽ തന്നെ പ്രവർത്തനം നടത്തി നശിപ്പിക്കും. ബാക്ടീരിയകളെ മാത്രമല്ല ഫംഗൽ വൈറസുകളെയും നശിപ്പിക്കും. അങ്ങനെ മീൻ ദീർഘകാലം നിൽക്കും. മീൻ പിടയ്ക്കുന്നില്ലെങ്കിലും ഉടയാതെ നല്ല ബലത്തോടെ നിൽക്കും. 

കണ്ണുകളിൽ നോക്കിയാണു മീനിന്റെ പുതുമയും പഴമയും നിശ്ചയിക്കുന്നതെന്നു ചിലർ പറയാറുണ്ട്. അങ്ങനെയെങ്കിൽ സോഡിയം ബെൻസൊയേറ്റ് കവചത്തിലിരിക്കുന്ന മീനിന്റെ കണ്ണുകൾ എന്നും പുതുമയോടെ തിളങ്ങും. 

എപ്പോഴാണോ ഇൗ രാസകവചം മാറുന്നത്, ആ നിമിഷം ബാക്ടീരിയകൾ പ്രവർത്തനം തുടങ്ങും. അതു ചിലപ്പോൾ മീൻ നമ്മളുടെ അടുക്കളയിലെത്തിക്കഴിഞ്ഞ ശേഷമാകും. പിന്നെയുമുണ്ട് അപകടം. മീൻകറിയാകുമ്പോൾ ചൂടിൽ ഇതു നശിക്കുമെന്നു കരുതരുത്. 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ മീൻകറി തിളയ്ക്കുമ്പോൾ ഇൗ രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല. സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്.

നാളെ: കരയിപ്പിക്കുന്ന കച്ചവടം