Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ പറയുന്നു രണ്ടു വർഷം: എല്ലാം ശരിയാകുമോ?

സി.കെ. ശിവാനന്ദൻ
representative image representative image

പാർലമെന്റിലേക്ക് അവർ കടന്നുചെന്നു; 11 പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾ. കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ ധനകാര്യ സ്ഥിരം സമിതിയുടെ മുന്നിലേക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 87,079 കോടി രൂപയുടെ നഷ്ടം കാണിച്ച 19 ബാങ്കുകളിൽ 11 എണ്ണത്തിന്റെ മേധാവികളാണു നഷ്ടക്കണക്കുകൾ കാര്യകാരണ സഹിതം പാർലമെന്ററി സമിതി മുൻപാകെ ബോധിപ്പിക്കാനെത്തിയത്.

കിട്ടാക്കടത്തിന്റെ യഥാർഥ ചിത്രം മേധാവികൾ തുറന്നു പറഞ്ഞു. കിട്ടാക്കടം എത്ര, അതു പിരിച്ചെടുക്കാൻ എന്തെല്ലാം നടപടികളെടുത്തു, തുടങ്ങിയവയെല്ലാം വിശദീകരിച്ചു. നഷ്ടത്തിൽനിന്നും കിട്ടാക്കടത്തിന്റെ നഷ്ടക്കണക്കിൽനിന്നും രണ്ടു വർഷത്തിനകം കരകയറുമെന്നാണ് അവർ സമിതി മുൻപാകെ വ്യക്തമാക്കിയത്. ഇതിനുള്ള മാർഗരേഖ സമിതിമുൻപാകെ ഇവർ അവതരിപ്പിച്ചു.

ഏറ്റവുമധികം നഷ്ടം കാണിച്ച പഞ്ചാബ് നാഷനൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയവയെ സമിതി വിളിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ഹാജരായ 11 ബാങ്കുകളിലുമുണ്ടു വൻ നഷ്ടം പറയുന്ന ബാങ്കുകൾ. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക്, ഐഡിബിഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് തുടങ്ങിയവ കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ അയ്യായിരത്തിലേറെ കോടി രൂപയുടെ നഷ്ടം കാണിച്ചവയാണ്. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകൾ അവതരിപ്പിച്ച ശേഷമാണു ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെട്ട മൂവായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പുകഥ പുറത്തുവന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ബാങ്ക് കാണിച്ച നഷ്ടം 1146 കോടി രൂപയുടേതാണ്.

കിട്ടാക്കടത്തിന്റെ പിടിയിലാണു രാജ്യത്തെ ബാങ്കുകൾ. ഒട്ടാകെ പിരിഞ്ഞുകിട്ടാനുള്ളത് ഒന്നും രണ്ടും കോടിയല്ല. 8.99 ലക്ഷം കോടി രൂപയാണ്. ഇതിൽ 7.77 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതാണ്. വിജയ് മല്യയും നീരവ് മോദിയുമെല്ലാം കൊണ്ടു പോയ പണം ഇതിൽപെടും.

വലിയ വില കൊടുക്കേണ്ടിവരും

പരസ്യവാചകം പുകവലിയുടേതാണ്. എന്നാൽ, ഇതു സാധാരണക്കാരായ ബാങ്ക് ഇടപാടുകാർക്കു വളരെ ആലോചിക്കാനുള്ള കാര്യമാണ്. ഇനിയുള്ള കാലം മുണ്ട് ശരിക്കും മുറുക്കി ഉടുക്കേണ്ടിവരും. കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാനുള്ള സമ്മർദം ബാങ്കുകൾക്കുമേൽ തീവ്രമാകുമ്പോൾ സ്വാഭാവികമായും ഓരോ ഇനത്തിലും അറിയിച്ചും അറിയിക്കാതെയുമുള്ള നിരക്കുകൾ ബാങ്ക് ഇടപാടുകളിലുണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെ ബാങ്കുകളുടെ ചാർജുകളെക്കുറിച്ചുണ്ടാകുന്ന പ്രചാരണങ്ങളിൽ ചിലതിലെല്ലാം സത്യമില്ലാതെയുമില്ല. ഇതിനെ ന്യായീകരിച്ചും മറ്റും ബാങ്കുകൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ പലപ്പോഴും ദുർബലമാകുകയും ചെയ്യുന്നു.

സാധാരണക്കാർ ശ്രദ്ധിക്കാനുള്ളത്, തൊട്ടതിനും പിടിച്ചതിനുമെല്ലാം വായ്പയെടുക്കാനോടുന്നത് അവസാനിപ്പിക്കലാണ്. ന്യായമായ ആവശ്യങ്ങൾക്കു മാത്രം വായ്പയെടുക്കുക. അല്ലെങ്കിൽ തീർച്ചയായും വലിയ വിലകൊടുക്കേണ്ടിവരും.

കണക്കിലെ ഭീമൻ നഷ്ടം നികത്താനും സാധാരണ നിലയെന്ന പാളത്തിലേക്കു തിരികെ കയരാനും രണ്ടു വർഷമേ വേണ്ടൂ എന്നു പറയുമ്പോൾ ഇടപാടുകാർ ഒരുപാടു ശ്രദ്ധിക്കാനുണ്ടെന്ന സൂചന അതു നൽകുന്നു. വലിയ തോതിലുള്ള നിയന്ത്രണങ്ങളും കാണാച്ചരടുകളും ഇടപാടുകളിലുണ്ടാകാം. പറഞ്ഞോ കേട്ടോ അറിയാത്ത ചാർജുകളും വന്നേക്കാം. ജാഗ്രത പാലിക്കുകയേ നിവൃത്തിയുണ്ടാകൂ. കർശന നടപടികളിലൂടെയല്ലാതെ നഷ്ടം നികത്താനാകില്ലെന്നതു മനസ്സിലാക്കാൻ ഇക്കണോമിക്സ് പഠിക്കാത്തവർക്കുപോലും സാധിക്കും.

ഞെട്ടിച്ച കണക്കുകൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ഫലങ്ങൾ പൊതുമേഖലാ ബാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ രാജ്യം ഞെട്ടി. ഓരോ ബാങ്കും പുറത്തറിയിച്ചത് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടക്കണക്ക്. 21 പൊതുമേഖലാ ബാങ്കുകളിൽ ലാഭത്തിന്റെ കണക്കു കാണിച്ചതു വിജയ ബാങ്കും ഇന്ത്യൻ ബാങ്കും മാത്രം. കിട്ടാക്കടത്തിന്റെ കണക്കു മറച്ചുവച്ചുകൊണ്ടു വാർഷിക ഫലം പ്രഖ്യാപിക്കുന്ന പ്രവണത ഇത്തവണ നടന്നില്ലെന്നു വേണം കരുതാൻ. സാമ്പത്തിക മേഖല ശ്രദ്ധിച്ച കാര്യം 19 ബാങ്കുകളുടെ വാർഷിക നഷ്ടം 87,079 കോടി രൂപ എന്നതു മാത്രമല്ല. ഈ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മാത്രം (അവസാന മൂന്നു മാസമായ ജനുവരി, ഫെബ്രുവരി, മാർച്ച്) ഉണ്ടാക്കിയ നഷ്ടം 62,758 കോടി രൂപയാണ് എന്നതുകൂടിയാണ്.

നഷ്ടക്കണക്കിൽ മുന്നിൽ നിന്നതു നീരവ് മോദിയുടെ കബളിപ്പിക്കലിനു വിധേയമായ പഞ്ചാബ് നാഷനൽ ബാങ്ക്തന്നെ. നാലാം പാദ കണക്കിൽ 13,417 കോടിയുടെ നഷ്ടം. വാർഷിക കണക്കിൽ ഇത് 12,130 കോടി ആണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാം പാദനഷ്ടം 7718 കോടിയായിരുന്നു. വാർഷിക നഷ്ടം 6547 കോടി രൂപ. വാർഷിക നഷ്ടം 8238 കോടി രൂപയായ ഐഡിബിഐ ബാങ്ക് നാലാം പാദനഷ്ടം 5663 കോടിയായി കുറച്ചു. 6299 കോടി രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വാർഷിക നഷ്ടം. 5000 കോടി രൂപയിലേറെ രൂപ വാർഷിക നഷ്ടമുണ്ടാക്കിയ ഏഴു ബാങ്കുകളുണ്ട്.

വ്യാവസായിക മേഖലയ്ക്കു കൂടുതൽ പണം

ബാങ്കുകൾ വായ്പ അനുവദിക്കുന്നതിലെ മുൻഗണനയുടെ കാര്യത്തിലും മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടു വർഷങ്ങളായി. കാർഷിക മേഖലയെക്കാൾ കൂടുതൽ പണം ചെറുകിട–ഇടത്തരം സംരംഭങ്ങളടക്കമുള്ള വ്യാവസായിക മേഖലയ്ക്കാണു നൽകിവരുന്നത്. കിട്ടാക്കടത്തിന്റെ തോതു കൂടുതലാകാൻ ഇതുമൊരു കാരണമാണോ എന്നതു പഠിക്കേണ്ട വിഷയംതന്നെ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർഷിക മേഖലയ്ക്കു നൽകുന്ന വായ്പയിൽ 1.58% കുറവു വരുത്തിയപ്പോൾ വ്യാവസായിക വായ്പയായി 1.80% തുക അധികം നൽകി. ആന്ധ്രാ ബാങ്ക് മൂവായിരം കോടി രൂപ കാർഷിക വായ്പയെക്കാൾ വ്യാവസായിക വായ്പ അധികം നൽകി.

സാധാരണക്കാർക്കെതിരെ കണ്ണുരുട്ടൽ

സമീപകാലത്തു പാലക്കാട് ജില്ലയിലെ കല്ലടിക്കോട്ട് രണ്ടു ലക്ഷത്തോളം രൂപ വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്ന കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കി വിട്ടു വീടു ജപ്തി ചെയ്ത പൊതു മേഖലാ ബാങ്കിന്റെ കാര്യം ഈ അവസരത്തിൽ ഓർക്കാം. എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ടതുതന്നെയാണ്. എന്നാൽ, ഒന്നും രണ്ടും ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള സാധാരണക്കാരെ ആകെയുള്ള വീട്ടിൽനിന്നു തെരുവിലേക്ക് ഇറക്കി വിടുന്നതിലെ മനുഷ്യത്വമില്ലായ്മ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നടപടികൾ കർശനമാക്കുന്നതും നല്ലതു തന്നെ. എന്നാൽ അതു സാധാരണക്കാരോടു മാത്രമാകുമ്പോഴാണു നീതി നടത്തിപ്പിലെ ഇരട്ടത്താപ്പു പൊതുജനം ചൂണ്ടിക്കാട്ടുന്നത്. നീരവ് മോദിയും വിജയ് മല്യയും പതിനായിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങുമ്പോൾ സാധാരണ ജനത്തെ ബാങ്കുകൾ കയ്യോടെ പിടികൂടുന്നു.

എവിടെയാണു ബാങ്കുകൾക്കു പിഴയ്ക്കുന്നത്? അവരുടെ നയങ്ങളിലെയും നടത്തിപ്പിലെയും വീഴ്ചകൾതന്നെയല്ലേ അവരുടെ നഷ്ടത്തിന്റെ ആക്കം വർധിപ്പിക്കുന്നത്? വൻകിടക്കാർ എടുക്കുന്ന വായ്പകളിന്മേൽ കൃത്യമായ നിയന്ത്രണം ഇല്ലെന്നു വരുന്നതു സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുമെന്നാണോ അര്‍ഥം? കിട്ടാക്കടത്തിന്റെ ബാധ്യത സാധാരണക്കാരുടെ തലയിലേക്കു വയ്ക്കുകയാണോ ബാങ്കുകൾ ചെയ്യേണ്ടത്?

നടപടി വന്നോട്ടെ, പക്ഷേ...

കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ കർശനമാക്കാൻ ബാങ്കുകൾ തയാറാകേണ്ടിവരുമെന്നതിൽ സംശയമില്ല. കാരണം ഇതു രാജ്യത്തിന്റെ പണമാണ്. പക്ഷേ, നടപടികൾ സാധാരണ ജനത്തിനു ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നതാകുമോ എന്നതാണു ചോദ്യം. റിസർവ് ബാങ്കിന്റെ അടിയന്തര തിരുത്തൽ ചട്ടങ്ങൾക്കു വിധേയമായാണു ബാങ്കുകൾ പ്രവർത്തിക്കുന്നതെന്നു പാർലമെന്ററി ധനകാര്യ സ്ഥിരം സമിതിയെ ബാങ്ക് മേധാവികൾ ബോധ്യപ്പെടുത്തി. വായ്പകൾ നൽകുന്നതും സൂക്ഷ്മനിരീക്ഷണത്തിനു ശേഷമാണെന്നും പറഞ്ഞുവച്ചു. നല്ലതു തന്നെ. ആ സൂക്ഷ്മനിരീക്ഷണം ഇനി ഒരു നീരവ് മോദിയോ വിജയ് മല്യയോ ഉണ്ടാകുന്നതു തടയാനുതകിയാൽ എത്രയോ നന്നായി.